'പ്രിയപ്പെട്ട നന്ദനാ.. നീ അകലെയാണെങ്കിലും...'; മകൾക്ക് പിറന്നാളാശംസകൾ നേർന്ന് കെഎസ് ചിത്ര
|ആരാധകരും സിനിമാ രംഗത്തുള്ളവരുമടക്കം നിരവധി പേരാണ് നന്ദനക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്
ഹൃദയംകവരുന്ന ഈണങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. മലയാളക്കരയുടെ വാനമ്പാടി ഇന്നും സമ്മാനിക്കുന്നത് എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ്. മലയാളത്തിന് മാത്രമല്ല തമിഴിലും കന്നടയിലും ആന്ധ്രയിലും വരെ ചിത്രയുടെ ശബ്ദം ഏറെ പ്രിയങ്കരമാണ്. എന്നും നിറചിരിയോടെ മാത്രം വേദിയിൽ പ്രത്യേക്ഷപ്പെടുന്ന ചിത്രയുടെ മനസിൽ ഇന്നും ഉണങ്ങാത്ത മുറിവായി തുടരുകയാണ് മകൾ നന്ദന.
മകൾ നഷ്ടപ്പെട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും ആ വേദനയിൽ നിന്ന് പൂർണമായി പുറത്തുവരാൻ ചിത്രയ്ക്ക് സാധിച്ചിട്ടില്ല. ചില ദിവസങ്ങളിൽ മകൾക്കായി ഏറെ ഹൃദ്യമായ കുറിപ്പുകൾ ചിത്ര സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അങ്ങനെയൊരു ദിവസമാണ് ഇന്ന്, നന്ദനയുടെ പിറന്നാൾ.
'എവിടെയും സ്നേഹം മാത്രമുള്ളിടത്ത്.. വർഷങ്ങൾ വന്നുപോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത്, സ്വർഗത്തിൽ മാലാഖമാർക്കൊപ്പം പിറന്നാൾ ആഘോഷിക്കൂ. എന്റെ അരികിലില്ലെങ്കിലും നീയെവിടെ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഈ ദിവസം ഞാൻ നിന്നെ കുറച്ചധികം മിസ് ചെയ്യുന്നു. ഐ ലവ് യൂ. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നന്ദനാ..'; ചിത്രയുടെ കുറിപ്പ് ഇങ്ങനെ.
മകളുടെ ചിത്രവും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ആരാധകരും സിനിമാ രംഗത്തുള്ളവരുമടക്കം നിരവധി പേരാണ് നന്ദനക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. നിങ്ങളുടെ കുഞ്ഞ് മാലാഖ ഞങ്ങളുടെ ഹൃദയത്തിലും ജീവിക്കുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റ്.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കെഎസ് ചിത്രയുടെയും വിജയശങ്കറിന്റെയും ജീവിതത്തിലേക്ക് നന്ദന കടന്നുവന്നത്. 1987ൽ ഇരുവരുടെയും വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞ് പിറന്നത്. കൃഷ്ണനോടുള്ള അടങ്ങാത്ത ഭക്തി കാരണമാണ് കുഞ്ഞിന് നന്ദന എന്ന പേര് നൽകിയതെന്ന് ചിത്ര പറഞ്ഞിരുന്നു.
എന്നാൽ, ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ദുബായിലെ എമിറേറ്റ് ഹില്‍സിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണു നന്ദന മരണപ്പെട്ടു. എആർ റഹ്‌മാന്റെ ഷോയിൽ പങ്കെടുക്കാൻ ദുബൈയിൽ എത്തിയതായിരുന്നു ചിത്ര. കുഞ്ഞിന് ഒൻപത് വയസ് തികയുന്നതിന് മുൻപായിരുന്നു വിയോഗം.
ആരാധകരെയും സിനിമാ ലോകത്തെയും ഏറെ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായ ഒരു വിയോഗമായിരുന്നു ഇത്. ഏറെ കാലം സംഗീതത്തിൽ നിന്ന് പോലും ചിത്ര വിട്ടുനിന്നിരുന്നു. പിന്നീടാണ് തിരിച്ചെത്തിയത്.