കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായി കാണൂ; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍
|ഈ പരസ്യം കണ്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കൊച്ചി: താന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. സിനിമ കണ്ട ആളുകളോട് ചിത്രത്തെക്കുറിച്ച് ചോദിക്കണമെന്ന് നടന്‍ ആവശ്യപ്പെട്ടു. ഈ പരസ്യം കണ്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണുകയാണെങ്കില്‍ സ്മൂത്ത് ആയിട്ട് മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് സാധിക്കും. വൈരാഗ്യം, അമര്‍ഷം അങ്ങനെയുള്ള കാര്യങ്ങള്‍ മാറ്റിയിട്ട് ഇതിലെ നന്‍മകളെന്താണ്, നല്ലതെന്താണെന്ന് കണ്ടു മനസിലാക്കണം. ഈ സിനിമയില്‍ അതു തന്നെയാണ് കൂടുതലുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളൊരു നല്ല കാര്യം ചെയ്യുമ്പോള്‍ നല്ലതിലെന്താണ് ചീത്ത എന്നു കാണാനാണ് ഇപ്പോള്‍ സമൂഹം കൂടുതല്‍ ശ്രമിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഞാന്‍ ആസ്വദിച്ചൊരു പരസ്യമാണത്. കാരണം സിനിമ കണ്ടുകഴിയുമ്പോള്‍ സിനിമയുടെ കഥയെന്താണെന്ന് മനസിലാക്കുകയും പരസ്യത്തെക്കാളുപരി കഥയിലേക്ക് വരികയും ആസ്വദിക്കുകയും കാണുകയും ചെയ്യുന്നൊരു കാഴ്ചയാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്. ആള്‍ക്കാര്‍ ചിരിക്കുന്നു,കയ്യടിക്കുന്നു...കൂടുതലും ഒരു ഹ്യൂമര്‍ ആസ്പെക്ടിലാണ് ചിത്രം കാണാന്‍ വരേണ്ടതെന്ന് ഞാന്‍ വിചാരിക്കുന്നു. പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ട്. ആ സത്യം മനസിലാക്കി അതിനോട് പ്രതികരിക്കുക എന്നത് ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ്. അതിനെക്കാളുപരി വിശാലമായി ചിന്തിച്ച് മറ്റു തലങ്ങളിലേക്ക് പോവുകയാണ്. സിനിമയില്‍ കുഴി മാത്രമല്ല പ്രശ്നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കം രീതിയില്‍ സാധാരണക്കാരെ ബാധിക്കുന്നു എന്നുള്ളത് ഒരു ഹ്യൂമറിന്‍റെയും സറ്റയറിന്‍റെയും സപ്പോര്‍ട്ടോടു കൂടി പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. കോവിഡിനു മുന്‍പുള്ള കാലഘട്ടം മുതല്‍ കോവിഡിന്‍റെ കാലം വരെയാണ് പറഞ്ഞുപോകുന്നത്. ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെയോ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന രീതിയിലൊന്നുമല്ല ഈ സിനിമ എടുത്തിരിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.
സിനിമയുടെ 'തിയറ്ററിലേക്കുളള വഴിയില്‍ കുഴിയുണ്ട്,എന്നാലും വന്നേക്കണേ'..എന്ന പോസ്റ്ററിനെതിരെയാണ് ഇടതു അനുകൂല പ്രൊഫൈലുകള്‍ വിമര്‍ശനമുയര്‍ത്തുന്നത്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ആരോപണം.