26 വർഷത്തെ കരിയറിൽ ആദ്യമായി പിന്നണി ഗായകനായി ചാക്കോച്ചൻ
|ജേക്ക്‌സ് ബിജോയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ലവ് യു മുത്തേ' എന്ന ഗാനമാണ് വിദ്യാധരൻ മാസ്റ്ററോടൊപ്പം ചാക്കോച്ചൻ പാടി തകർത്തത്
26 വർഷത്തെ സിനിമ ജീവിതത്തിൽ പിന്നണി ഗായകന്റെ കുപ്പായമണിയുകയാണ് മലയാളികളുടെ റൊമാന്റിക് ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ. തിങ്കളാഴ്ച നിശചയത്തിനും 1744 വൈറ്റ് ആൾട്ടോക്കും ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ പിന്നണി ഗായകനായുള്ള അരങ്ങേറ്റം. ജേക്ക്‌സ് ബിജോയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ലവ് യു മുത്തേ' എന്ന ഗാനമാണ് വിദ്യാധരൻ മാസ്റ്ററോടൊപ്പം ചാക്കോച്ചൻ പാടി തകർത്തത്.
വിദ്യാധരൻ മാസ്റ്ററോടൊപ്പം ഈ മനോഹര ഗാനത്തിന് ശബ്ദം നല്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയതിന് ജേക്ക്‌സ് ബിജോയ്‌യോട് കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളായ രമേശ് പിഷാരടിയും മഞ്ജു വാരിയറുമാണ് തന്നെ പാടാൻ വേണ്ടി പ്രോത്സാഹിപ്പിച്ചത്. എല്ലാവർക്കും ഗാനം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മനു മൻജിത്താണ് 'ലവ് യു മുത്തേ' എന്ന ഗാനത്തിന് വരികളെഴുതിയത്. ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. പൊളിച്ചു മുത്തേ എന്നാണ് ആരാധകരുടെ കമന്റ്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന പദ്മിനിയുടെ ടീസർ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. അപർണ ബാലമുരളി, മഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. കുഞ്ഞിരാമായണത്തിന്റെ തിരകഥാകൃത്ത് ദീപു പ്രദീപാണ് പദ്മിനിയുടെ തിരകഥയൊരുക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മാളവിക മേനോൻ, അൽത്താഫ് സലീം, സജിൻ ചെറുകയിൽ, ഗണപതി, ആന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.