![ദുബൈ തുറമുഖം മംഗലാപുരത്ത്, മൈസൂരിലെ കാടു പിടിച്ച സ്ഥലം എയര്‍ഫോഴ്സ് ക്യാമ്പ്; കുറുപ്പിന്റെ പിന്നാമ്പുറ കഥകളുമായി വീഡിയോ ദുബൈ തുറമുഖം മംഗലാപുരത്ത്, മൈസൂരിലെ കാടു പിടിച്ച സ്ഥലം എയര്‍ഫോഴ്സ് ക്യാമ്പ്; കുറുപ്പിന്റെ പിന്നാമ്പുറ കഥകളുമായി വീഡിയോ](https://www.mediaoneonline.com/h-upload/2021/11/22/1259792-kurup-video.webp)
ദുബൈ തുറമുഖം മംഗലാപുരത്ത്, മൈസൂരിലെ കാടു പിടിച്ച സ്ഥലം എയര്‍ഫോഴ്സ് ക്യാമ്പ്; കുറുപ്പിന്റെ പിന്നാമ്പുറ കഥകളുമായി വീഡിയോ
![](/images/authorplaceholder.jpg?type=1&v=2)
കഴിഞ്ഞ 35 വർഷമായി തന്റെ മനസിലുള്ള ഒരു നിഗൂഢതയാണ് കുറുപ്പെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു
ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ വീണ്ടും പഴയ ആവേശം വീണ്ടെടുത്തിരിക്കുകയാണ്. ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പാണ് വീണ്ടും തിയറ്ററുകളിലേക്ക് ആളെക്കൂട്ടിയിരിക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമായ ചിത്രത്തില്‍ ദുല്‍ഖറാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം വെള്ളിത്തിരയിലെത്തിക്കുമ്പോള്‍ നിരവധി കഷ്ടപ്പാടുകള്‍ നേരിട്ടതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കുറുപ്പിന്റെ പിന്നാമ്പുറ കഥകളുമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ 35 വർഷമായി തന്റെ മനസിലുള്ള ഒരു നിഗൂഢതയാണ് കുറുപ്പെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. കുറുപ്പ് എന്ന ക്രിമിനലിനെക്കുറിച്ച് പഠിച്ചപ്പോൾ ആണ് ചാക്കോ എന്ന് പറയുന്നത് അയാളുടെ ജീവിതത്തിലെ ഒരു എപ്പിസോഡ് മാത്രമായിരുന്നെന്നും ഇതിലും വലിയ കുറ്റങ്ങളും കാര്യങ്ങളും അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും മനസിലായതെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. തുടർന്നാണ് കുറുപിനെക്കുറിച്ച് സിനിമ എടുക്കാൻ തീരുമാനിച്ചതെന്നും ശ്രീനാഥ് പറഞ്ഞു. തിരക്കഥ കേട്ടപ്പോൾ തന്നെ താല്പര്യം ആയെന്നും ഇത്തരത്തിൽ ഒരു നെഗറ്റീവ് ക്യാരക്ടര്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നതായും ദുൽഖർ പറഞ്ഞു. കുറുപ്പ് സംഭവവുമായി ബന്ധപ്പെട്ട ആളുകളുടെ യൗവനകാലത്തെ ഫോട്ടോകൾ തങ്ങളുടെ പക്കലുണ്ടായിരുന്നെന്നും അതിനോട് സാമ്യം തോന്നുന്ന തരത്തിൽ ആയിരുന്നു കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയതെന്നും ക്രിയേറ്റിവ് ഡയറക്ടർ വിനി വിശ്വലാൽ പറഞ്ഞു.
ബോംബെ തെരുവുകൾ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചത് ഗുജറാത്തിൽ ആയിരുന്നു. മൈസൂരിലെ കാടു പിടിച്ചു കടന്ന സ്ഥലത്തെ കുതിരച്ചാണകവും ആനപിണ്ഡവും ഒക്കെ എടുത്തുമാറ്റിയാണ് എയർ ഫോഴ്സ് ക്യാമ്പിനു വേണ്ടി സെറ്റിട്ടത്. ദുബൈയിലെ തുറമുഖം മംഗലാപുരത്ത് ആണ് ചിത്രീകരിച്ചത്. പക്ഷേ, ദുബൈ തുറമുഖത്ത് ആഫ്രിക്കൻസിനെ വേണമായിരുന്നു. ആ സമയത്താണ് സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞത് കർണാടകയിലെ ഒരു സ്ഥലത്ത് ആഫ്രിക്കൻസിന്റെ ശരീരപ്രകൃതിയുള്ള ഒരു ട്രൈബ് ഉണ്ടെന്ന് അറിഞ്ഞത്. ആ ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ പിടിച്ചാണ് പഴയ ആഫ്രിക്കൻ സ്റ്റൈലിലേക്ക് മാറ്റിയതെന്നും ശ്രീനാഥ് പറഞ്ഞു. ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയിൻ, ശോഭിത ധുലിപാല എന്നിവരും വീഡിയോയില്‍ കുറുപ്പ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.