Entertainment
ഒടിടിയിൽ കൊടുക്കല്ലേ ചേട്ടാ എന്ന് പറഞ്ഞ് ആയിരക്കണക്കിന് മെസേജാണ് വന്നത്; കുറുപ്പിന്റെ സംവിധായകൻ പറയുന്നു
Entertainment

'ഒടിടിയിൽ കൊടുക്കല്ലേ ചേട്ടാ എന്ന് പറഞ്ഞ് ആയിരക്കണക്കിന് മെസേജാണ് വന്നത്'; കുറുപ്പിന്റെ സംവിധായകൻ പറയുന്നു

Web Desk
|
4 Nov 2021 5:01 AM GMT

ഒടിടിയിൽ നിന്ന് തെറ്റില്ലാത്ത ഓഫറുകളാണ് വന്നത്

കുറുപ്പ് ഒടിടിയിൽ റിലീസ് ചെയ്യാൻ വലിയ ഓഫറുകൾ വന്നിരുന്നെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ. എന്നാൽ പ്രേക്ഷകരെ ഈ സിനിമ തിയേറ്ററിൽ കാണിക്കണമെന്നത് തങ്ങളുടെ സ്വപ്‌നമായിരുന്നു എന്നും അതിൽ നിർമാതാക്കൾ അടക്കം എല്ലാവരും കൂടെ നിന്നെന്നും ശ്രീനാഥ് പറഞ്ഞു. ഒടിടി എന്ന് കേൾക്കുമ്പോൾ തന്നെ കൊടുക്കല്ലേ ചേട്ടാ എന്നു പറഞ്ഞ് ആയിരക്കണക്കിന് മെസ്സേജുകളാണ് തങ്ങൾക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

'ഒടിടിയിൽ നിന്ന് ഓഫറുകൾ വന്നിരുന്നു. എം സ്റ്റാർ എൻറർടെയ്ൻമെൻറ്‌സ് എന്ന കമ്പനിയാണ് ഞങ്ങൾക്ക് പിന്തുണയുമായി ഉണ്ടായിരുന്നത്. വൈഡ് സ്‌ക്രീനിനുവേണ്ടിയാണ് ഷൂട്ട് ചെയ്തതൊക്കെ. ഇത് കഥയറിയാനുള്ള ഒരു സിനിമയല്ല, കഥ എല്ലാവർക്കുമറിയാം. എങ്ങനെ കഥ പറയുന്നു എന്നത് അനുഭവിക്കണമെങ്കിൽ അത് തിയറ്റർ കാഴ്ചയിലേ കിട്ടൂ. ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം തിയറ്ററിൽത്തന്നെ എല്ലാവരെയും കാണിക്കണം എന്നതായിരുന്നു. പക്ഷേ കൊവിഡ് സാഹചര്യം വന്നപ്പോൾ എല്ലാവർക്കും സമ്മർദ്ദം ഉണ്ടായിരുന്നു. ഒടിടിയിൽ നിന്ന് തെറ്റില്ലാത്ത ഓഫറുകളാണ് വന്നത്. ഒരുപക്ഷേ തിയറ്ററുകളേക്കാൾ ലാഭകരമാകാവുന്ന ഓഫറുകളാണ് വന്നത്. പക്ഷേ പ്രേക്ഷകരെ ഈ സിനിമ തിയറ്ററിൽ കാണിക്കണം എന്നത് ഞങ്ങളുടെ ഒരു സ്വപ്‌നമായിരുന്നു. നിർമ്മാതാക്കളടക്കം എല്ലാവർക്കും ആ അഭിപ്രായമായിരുന്നു.' - അദ്ദേഹം പറഞ്ഞു.

'പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഈ തീരുമാനത്തിന് പിന്നിൽ നിർണായകായി. ഒടിടി എന്ന് കേൾക്കുമ്പോൾത്തന്നെ കൊടുക്കല്ലേ ചേട്ടാ എന്നു പറഞ്ഞ് ആയിരക്കണക്കിന് മെസേജുകളായിരുന്നു ഞങ്ങൾ എല്ലാവർക്കും വന്നിരുന്നത്. അവരെയൊന്നും ഞങ്ങൾക്ക് തള്ളിക്കളയാൻ പറ്റില്ല. കാരണം അവർക്കുവേണ്ടിയല്ലേ നമ്മൾ ആത്യന്തികമായി സിനിമ ചെയ്യുന്നത്.' - ശ്രീനാഥ് കൂട്ടിച്ചേർത്തു.

സിനിമ യാഥാർത്ഥ്യമാക്കാൻ എട്ടു വർഷമെടുത്തെന്ന് സംവിധായകൻ പറയുന്നു. കുറുപ്പ് സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെയല്ല, ആ വ്യക്തിയെ സെലബ്രേറ്റ് ചെയ്യുന്നില്ല. എന്നാൽ സിനിമയെ സെലിബ്രറ്റ് ചെയ്യണം. സമയവും അധ്വാനവും കൊണ്ട് എടുത്ത സിനിമ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുമ്പോൾ വെറുപ്പല്ല പ്രചരിപ്പിക്കേണ്ടത്- അദ്ദേഹം വ്യക്തമാക്കി.

Similar Posts