'19-ാം വയസിൽ അയാളെന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കി'; സംഗീത നിർമാതാവിനെതിരെ വെളിപ്പെടുത്തലുമായി ലേഡി ഗാഗ
|വഴങ്ങിക്കൊടുക്കാതിരുന്നപ്പോള്‍ തന്റെ സംഗീത ആല്‍ബങ്ങളെല്ലാം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തല്‍
19-ാം വയസിൽ നേരിട്ട ലൈംഗിക പീഡനത്തിന്റെ ദുരനുഭവം ഓർത്തെടുത്ത് പോപ്പ് സൂപ്പർ സ്റ്റാർ ലേഡി ഗാഗ. കൗമാരക്കാരിയായിരിക്കെ ഒരു സംഗീത നിർമാതാവ് തന്നെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തെന്നാണ് അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ വെളിപ്പെടുത്തൽ.
ഓപ്റ വിൻഫ്രിയും പ്രിൻസ് രാജകുമാരനും ചേർന്ന് നടത്തുന്ന 'ദ മീ യു കാന്റ് സീ' എന്ന ഡോക്യുമെന്ററി പരമ്പരയിലാണ് തന്നെ ദീർഘകാലമായി വേട്ടയാടിക്കൊണ്ടിരുന്ന പീഡനാനുഭവത്തെക്കുറിച്ച് ലേഡി ഗാഗ തുറന്നുസംസാരിച്ചത്. ''എനിക്ക് അന്ന് 19 വയസായിരുന്നു. ഈ മേഖലയിൽ തന്നെയായിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്. ആ സമയത്ത് ഒരു നിർമാതാവ് വന്ന് വസ്ത്രങ്ങളഴിക്കാൻ ആവശ്യപ്പെട്ടു. ഞാൻ പറ്റില്ലെന്നു പറഞ്ഞ് അവിടെനിന്നു രക്ഷപ്പെട്ടു. എന്നാൽ, എന്റെ മുഴുവൻ സംഗീത ആൽബങ്ങളും നശിപ്പിക്കുമെന്ന് പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി. അവിടെയും നിർത്തിയില്ല. ഇതേ ചോദ്യം നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഞാൻ മരവിച്ചുപോയി. അങ്ങനെ..... പിന്നീട് സംഭവിച്ചതൊന്നും ഞാൻ ഓർക്കുന്നുപോലുമില്ല.. അയാളെന്നെ ഗർഭിണിയുമാക്കി ഒരു മൂലയിൽ കൊണ്ടുതള്ളി...!'' അവർ വിശദീകരിച്ചു.
ലൈംഗിക ചൂഷണത്തെ തുടർന്ന് ദീർഘകാലമായി അനുഭവിച്ച മാനസികവും ശാരീരികവുമായി നേരിട് പീഡാനുഭവത്തെക്കുറിച്ചും ഗാഗ വിശദീകരിച്ചു. ആദ്യം മുഴുവൻ വേദനയായിരുന്നു. പിന്നീട് മരവിപ്പായി. അതും കഴിഞ്ഞ് ആഴ്ചകളോളം രോഗിയായി. ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയയാൾ ഞാൻ ഛർദി തുടങ്ങിയതോടെ എന്റെ മാതാപിതാക്കളുടെ വീടിനടുത്തുകൊണ്ടുപോയി ഉപേക്ഷിച്ച ആ സമയത്ത് അനുഭവിച്ച അതേ വേദന തന്നെയാണ് അപ്പോഴും അനുഭവിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. തുടർന്ന് കടുത്ത മാനസിക വിഭ്രാന്തിയായിരുന്നു. ഏറെ വർഷങ്ങളായി ഞാൻ മുൻപുണ്ടായിരുന്ന പെൺകുട്ടിയേ ആയിരുന്നില്ല. സംഗീത പരിപാടികൾക്കായി നിശ്ചയിച്ചിരുന്ന നിരവധി വിദേശയാത്രകൾ റദ്ദാക്കേണ്ടിവന്നു-ലേഡി ഗാഗ കൂട്ടിച്ചേർത്തു.
വർഷങ്ങളായി നേരിടുന്ന മാനസികവും ശാരീരികവുമായ പീഡാനുഭവങ്ങൾക്ക് ചികിത്സ നടത്തിയതിനെക്കുറിച്ച് 2016ലാണ് ലേഡി ഗാഗ ആദ്യമായി പ്രതികരിക്കുന്നത്. അന്ന് ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് 2018ലെ ഒരു അഭിമുഖ പരിപാടിയിലാണ് ലൈംഗിക പീഡനത്തെക്കുറിച്ച് ഗാഗ പ്രതികരിക്കുന്നത്.