ഫാസിലിനെ കണ്ട് പൊട്ടിക്കരഞ്ഞ് ലാല്‍; ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് ഫഹദ്
|സിദ്ദിഖിന്‍റെ മൃതദേഹത്തിനരികെ നിറഞ്ഞ കണ്ണുകളുമായി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നില്‍ക്കുന്ന ലാലിന്‍റെ മുഖം ആരുടെയും കണ്ണ് നിറയ്ക്കും
കൊച്ചി: പതിനാറാം വയസ് മുതല്‍ ഒപ്പമുള്ള സുഹൃത്ത് അപ്രതീക്ഷിതമായി വിടപറഞ്ഞുപോയപ്പോള്‍ ഒറ്റക്കായതുപോലെയായി ലാല്‍. സിദ്ദിഖ് രോഗബാധിതനായപ്പോള്‍ മുതല്‍ ലാല്‍ രോഗവിവരങ്ങള്‍ തിരക്കി ആശുപത്രിയിലെത്തിയിരുന്നു. മരണവാര്‍ത്ത കേട്ടതോടെ ലാല്‍ അടിമുടി തകര്‍ന്നുപോയി. സിദ്ദിഖിന്‍റെ മൃതദേഹത്തിനരികെ നിറഞ്ഞ കണ്ണുകളുമായി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നില്‍ക്കുന്ന ലാലിന്‍റെ മുഖം ആരുടെയും കണ്ണ് നിറയ്ക്കും.
സിനിമയിലെ സുഹൃത്തുക്കളെ കാണുമ്പോള്‍ ആ ദുഃഖം അണപൊട്ടിയൊഴുകും. മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിന് വച്ചപ്പോള്‍ ഈ സങ്കടക്കാഴ്ചയാണ് കണ്ടത്. സംവിധായകനും ഗുരുവുമായ ഫാസിലിനെ കണ്ടപ്പോള്‍ ലാലിന് സങ്കടം അടക്കാനായില്ല. ഫാസിലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഫാസിലും ഫഹദും പ്രിയസുഹൃത്തിന്‍റെ വേര്‍പാടില്‍ വിതുമ്പുന്ന ലാലിനെ ചേര്‍ത്തുപിടിച്ചു.
കലാഭവനില്‍ നിന്ന് ഫാസിലിന്‍റെ സഹായിയായിട്ടാണ് സിദ്ദിഖ് എത്തുന്നത്. പിന്നീട് സിദ്ദിഖിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 86ല്‍ സത്യന്‍ അന്തിക്കാട് ചിത്രം പപ്പന്‍ പ്രിയപ്പെട്ട പപ്പന് കഥയും തിരക്കഥയും ഒരുക്കി. 87ല്‍ ലാലുമായി ചേര്‍ന്ന നാടോടിക്കാറ്റിന് കഥയെഴുതി. പിന്നീട് കമലിന്‍റെ അസിസ്റ്റന്‍റ്. 89ല്‍ സിദ്ദിഖ്-ലാല്‍ സ്വതന്ത്ര സംവിധായകരായി റാംറാജി റാവു സ്പീക്കിംഗ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ചിരിപ്പടം. പിന്നെ ഈ കൂട്ടുകെട്ടില്‍ ഹിറ്റ് ചിത്രങ്ങളുടെ വരവായിരുന്നു.ലാലുമായി പിരിഞ്ഞപ്പോഴും സിദ്ദിഖ് സിനിമയൊരുക്കി അവസാനകാലം വരെ സിനിമയില്‍ നിറഞ്ഞുനിന്നു.