അരങ്ങേറ്റ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റ്; മാസ്മരിക ഈണങ്ങളുമായി ബിനേഷ് മണി
|ഹൃദയഹാരിയായ ഈ രണ്ട് ഹിറ്റ് ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗത സംഗീത സംവിധായകന്‍ ബിനേഷ് മണിയാണ്
കൊച്ചി: ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ഗാനം പാടി സംഗീതാസ്വാദകരുടെ മനം കവര്‍ന്നിരിക്കുന്നു. മെലഡികള്‍ പാടി സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച സിദ് ശ്രീറാം ഇക്കുറി പാടിയിരിക്കുന്നത് ലാല്‍ ജോസ് എന്ന ചിത്രത്തിലെ 'സുന്ദരിപ്പെണ്ണേ നിന്നെക്കാണാന്‍' എന്ന ഒരു തകര്‍പ്പന്‍ പാട്ടാണ്.
ഹൃദയഹാരിയായ ഈ രണ്ട് ഹിറ്റ് ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗത സംഗീത സംവിധായകന്‍ ബിനേഷ് മണിയാണ്. മില്യണ്‍ കണക്കിന് ശ്രോതാക്കള്‍ ആസ്വദിച്ച 'എന്‍റെ ഭാരതം' എന്ന ആൽബത്തിലെ ജനകോടികൾക്ക് ജീവാമൃതം എന്ന സൂപ്പര്‍ഹിറ്റ് ദേശഭക്തിഗാന ആല്‍ബം ഒരുക്കിയ ബിനേഷ് മണിയുടെ ആദ്യസിനിമയാണ് ലാല്‍ജോസ്. ആദ്യമായി ഒരുക്കിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഹിറ്റായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിനേഷ് മണി പറഞ്ഞു. വളരെ യാദൃശ്ചികമായിട്ടാണ് ഈ ചിത്രത്തിലേക്ക് ഞാന്‍ വരുന്നത്. നിര്‍മ്മാതാവ് ഹസീബ് മേപ്പാട്ടും സംവിധായകന്‍ കബീര്‍ പുഴമ്പ്രവും സുഹൃത്തുക്കളാണ്. അവരാണ് സിനിമയില്‍ എനിക്ക് അവസരം തന്നത്. ഒരു സൗഹൃദത്തില്‍ പിറവിയെടുത്തതാണ് സിനിമ. സിനിമാ മേഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.
ഒരുപാട് ആല്‍ബങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ടെങ്കിലും സിനിമയില്‍ ഒരു അവസരം ഞാന്‍ ഏറെ ആഗ്രഹിച്ചതാണ്. ബിനേഷ് മണി പറയുന്നു. എന്‍റെ ആദ്യഗാനങ്ങള്‍ വളരെ പ്രശസ്തരായ രണ്ട് യുവഗായകരെക്കൊണ്ട് പാടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈശ്വരാനുഗ്രഹത്താല്‍ രണ്ട് ഗാനങ്ങളും ഹിറ്റായി. ഞാന്‍ സംഗീതമൊരുക്കിയ ഈ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും ബിനേഷ് മണി പറഞ്ഞു. ജോപോളാണ് രണ്ട് ഗാനങ്ങളും രചിച്ചത്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച ലാല്‍ജോസില്‍ ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായകന്‍. പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ ആണ് നായിക.