'ബെന്യാമിന് ഓർമപ്പിശക്..ആടുജീവിതം ഞാൻ വിട്ടുകൊടുത്തത്, പുതുമുഖമായിരുന്നു എന്റെ നായകൻ'- ലാൽജോസ്
|ബ്ലെസിക്ക് വിട്ടുകൊടുത്തത് നന്നായെന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്. ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്നും ലാൽജോസ് പറയുന്നു.
'ആടുജീവിതം' സിനിമ ബ്ലെസിക്ക് വിട്ടുകൊടുത്തതാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ലാൽജോസ്. പുതുമുഖ താരത്തെവെച്ചാണ് സിനിമ ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെന്നും ലാൽജോസ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 'അറബിക്കഥ' ചെയ്തതുകൊണ്ടാണ് ആടുജീവിതം ചെയ്യാതിരുന്നതെന്ന ബെന്യാമിന്റെ പരാമർശം ഓർമപ്പിശകാണെന്നാണ് ലാൽജോസ് പറയുന്നത്. ജീവിതം, ആടുജീവിതം എന്ന ബ്ലെസിയുടെ അനുഭവ പുസ്തകത്തിന്റെ അവതാരികയിൽ ലാൽ ജോസ് തന്നെ സമീപിച്ച കാര്യം ബെന്യാമിൻ പറയുന്നുണ്ട്. ഇതിനായിരുന്നു ലാൽ ജോസിന്റെ പ്രതികരണം.
‘‘ആടുജീവിതം പുസ്തകം വായിച്ചതിനു ശേഷം ഞാൻ ബഹ്റൈനിൽ പോയി ബെന്യാമിനെ കണ്ടു. ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ബെന്യാമിനു സന്തോഷമായിരുന്നു. എൽ.ജെ ഫിലിംസ് കമ്പനി ആദ്യം രജിസ്റ്റർ ചെയ്യുന്നത് തന്നെ ആ സിനിമ ചെയ്യാനാണ്. ഒരു പുതുമുഖ താരത്തെയാണ് ഞാൻ ഉദ്ദേശിച്ചത്. ഒരു വലിയ നടനെ സിനിമക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതും ബുദ്ധിമുട്ടാകും. ഇതിനായി ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒരാളെ കണ്ടുവെച്ചിരുന്നു"
"ബെന്യാമിൻ പറഞ്ഞ് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു, ആ സമയത്ത് ഒരു മാഗസിനിൽ ഞാൻ ആടുജീവിതം സിനിമയാക്കുന്നു എന്ന് വാർത്ത വന്നു. അപ്പോഴാണ് ബ്ലെസി എന്നെ വിളിക്കുന്നത്. അദ്ദേഹം ഒരു വർഷമെടുത്ത് എഴുതിയ സ്ക്രിപ്റ്റിന് ആടുജീവിതമായി സാമ്യമുണ്ടെന്ന് പറഞ്ഞു. സിനിമയുമായി ഒരുപാട് മുന്നോട്ടുപോയില്ലെങ്കിൽ എനിക്കു തരാമോ എന്ന് ചോദിച്ചു. ബെന്യാമിനോടുകൂടി ഒന്നു സംസാരിക്കാൻ ഞാൻ ബ്ലെസിയോട് പറഞ്ഞു. പിന്നീട് എനിക്ക് തോന്നി ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണ് സന്തോഷമെന്ന്. അതുകൊണ്ടാണ് ഞാൻ അത് വിട്ടുകൊടുത്തത്."- ലാൽജോസ് പറയുന്നു.
"ബ്ലെസിക്ക് ഇത് നന്നായി ചെയ്യാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. ബ്ലെസിക്ക് എഴുതാനും അറിയാം. ഞാൻ ചിത്രം ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് ചെയ്യാൻ ബെന്യാമിന്റെ സഹായം തേടേണ്ടിവന്നേനെ. ഇപ്പോൾ റിലീസ് ചെയ്ത ചിത്രം പോലെയല്ല ഞാൻ ഈ സിനിമ പ്ലാൻ ചെയ്തിരുന്നത്. വലിയൊരു പ്രൊജക്ട് തന്നെയായിരുന്നു. അതിന് എനിക്ക് പുറമെ നിന്നുള്ള ഫണ്ടും വേണം. അതുകൊണ്ട് സിനിമ തുടങ്ങാൻ മൂന്ന് വർഷമെങ്കിലും എടുക്കുമായിരുന്നു. എന്നാൽ, ഒരു പ്രൊഡ്യൂസറും ഗംഭീര സെറ്റപ്പുമായിട്ടാണ് ബ്ലെസി വന്നത്"
"ബ്ലെസിക്ക് വിട്ടുകൊടുത്തത് നന്നായെന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്. ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഞാൻ കുറച്ചു പ്രാരാബ്‌ധം ഉള്ളയാളാണ്. ബ്ലെസി എന്തൊക്കെ കഷ്ടതകളിലൂടെയാണ് കടന്നുപോയതെന്ന് എനിക്കറിയാം"
"അറബിക്കഥ ചെയ്തതുകൊണ്ടാണ് ആടുജീവിതം ചെയ്യാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശക് കൊണ്ടാണ്. 14 വർഷം മുന്നേ നടന്ന കാര്യങ്ങളാണിത്. 2006ലാണ് അറബിക്കഥ പൂർത്തിറങ്ങിയത്. 2008ലാണ് ആടുജീവിതം നോവൽ പോലും ഇറങ്ങുന്നത്"- ലാൽജോസ് കൂട്ടിച്ചേർത്തു.
ആടുജീവിതം പുസ്തകം പുറത്തിറങ്ങി അധികം കഴിയും മുൻപ് സംവിധായകനായ ലാൽജോസ് തന്നെ സമീപിച്ച് അതൊരു സിനിമയാക്കുന്നതിനുള്ള ആലോചനകൾ നടത്തിയെന്നാണ് ബെന്യാമിൻ പറഞ്ഞത്. എന്നാൽ, ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു ‘അറബിക്കഥ’ ചെയ്യാൻ അദ്ദേഹത്തിനു പ്രശ്‌നമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.