Entertainment
79 വയസ് പിന്നിട്ടശേഷമായിരിക്കും മരണം, ബിച്ചു തിരുമല അന്ന് പറഞ്ഞു
Entertainment

'79 വയസ് പിന്നിട്ടശേഷമായിരിക്കും മരണം, ബിച്ചു തിരുമല അന്ന് പറഞ്ഞു'

Web Desk
|
26 Nov 2021 7:31 AM GMT

നല്ല കവികൾ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓർക്കുന്നു

മലയാളികള്‍ക്ക് എന്നെന്നും ഓര്‍മിക്കാവുന്ന ഒരായിരം പാട്ടുകള്‍ ബാക്കിയാക്കി പാട്ടെഴുത്തുകാരന്‍ ബിച്ചു തിരുമല യാത്രയായി. അദ്ദേഹം തൂലിക ചലിപ്പിച്ച പാട്ടുകളെല്ലാം ഹിറ്റുകളായിരുന്നു. കാവ്യഭംഗി തുളുമ്പി നില്‍ക്കുന്ന പാട്ടുകള്‍. ഓരോ പാട്ടിലും ആ സിനിമയെ തന്നെ വരച്ചിടുകയായിരുന്നു ബിച്ചു തിരുമല. അദ്ദേഹത്തിന്‍റെ വിയോഗം തീര്‍ത്ത വേദനയിലാണ് ആരാധകരും സിനിമാലോകവും. 79 വയസ് പിന്നിട്ടശേഷമായിരിക്കും തന്‍റെ വിയോഗമെന്ന് ബിച്ചു തിരുമല പറഞ്ഞ കാര്യം ഓര്‍മിച്ചെടുക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

ലാല്‍ ജോസിന്‍റെ കുറിപ്പ്

കാൽ നൂറ്റാണ്ട് മുമ്പ്, മഴയെത്തും മുൻപേയുടെ പാട്ട് ജോലികൾക്കിടയിലെ ഒരു സായാഹ്ന വർത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുർ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്‍റെ ചരമ വാർത്ത കണ്ടപ്പോൾ വാർത്തയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാൻ ഞെട്ടി. നല്ല കവികൾ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓർക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നിൽ പ്രണമിക്കുന്നു. ആദരാഞ്ജലികൾ.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 2:30 നായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം. ശ്വാസതടസത്തെ തുടർന്ന് കുറച്ച് ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. അരനൂറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിൽ പിറന്നത് അയ്യായിരത്തിലേറെ ഗാനങ്ങളാണ്. വൈകിട്ട് 4.30ന് ശാന്തികവാടത്തിലാണ് സംസ്കാരം.

Similar Posts