'എന്നെ ട്രോളുന്നതിൽ എന്താണ് സന്തോഷം, ജീവിക്കാൻ അനുവദിക്കൂ...' പ്രതികരണവുമായി ലളിത് മോദി
|"നിങ്ങൾ എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കുന്നു. ഏത് കോടതിയാണ് എന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പറയാമോ?" ലളിത് മോദി ഇൻസ്റ്റഗ്രാമിൽ കുറിച്ചു
ബോളിവുഡ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നും ഐ.പി.എൽ മുന്‍ ചെയര്‍മാനായ ലളിത് മോദിയും തമ്മിലുള്ള പ്രണയവാര്‍ത്ത വന്‍ ചര്‍ച്ചയാവുകയാണ്. നടിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ലളിത് മോദി തന്നെയാണ് തങ്ങള്‍ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച കാര്യം ആരാധകരെ അറിയിച്ചത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ലളിത് മോദി.
തന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നതെന്നാണ് ലളിത് മോദി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. രണ്ട് ചിത്രം പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയും മാത്രമാണ് ചെയ്തത്. അതിലെന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. നമ്മള്‍ ഇപ്പോഴും മധ്യകാലഘട്ടത്തിലാണോ ജീവിക്കുന്നത്. ആളുകള്‍ക്ക് സുഹൃത്തുക്കളാകാനും കെമിസ്ട്രിയും സമയവും ശരിയാണെങ്കിലും മാജിക് സംഭവിക്കാനും സാധിക്കില്ലേയെന്നും ലളിത് മോദി കൂട്ടിച്ചേര്‍ത്തു.
"രാജ്യത്തെ എല്ലാ മാധ്യമപ്രവര്‍ത്തകരും അര്‍ണബ് ഗോസ്വാമിയാകാന്‍ ശ്രമിക്കുകയാണ്, ഏറ്റവും വലിയ കോമാളി. ജീവിക്കുക. ജീവിക്കാന്‍ അനുവദിക്കുക. ശരിയായ വാര്‍ത്ത എഴുതുക. നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങള്‍ക്കായി കുറച്ച് കാര്യം പറയാം, മിനല്‍ മോദി 12 വര്‍ഷം എന്റെ അടുത്ത സുഹൃത്തായിരുന്നു. എന്റെ അമ്മയുടെ സുഹൃത്തായിരുന്നില്ല. ചില തൽപരകക്ഷികളാണ് ആ ഗോസിപ്പ് പ്രചരിപ്പിച്ചത്. ഒരാള്‍ക്ക് നേട്ടങ്ങളുണ്ടാകുമ്പോള്‍, ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുമ്പോള്‍ അത് ആസ്വദിക്കുക"
"നിങ്ങളെക്കാള്‍ തലയുയര്‍ത്തി തന്നെയാണ് ഞാന്‍ നടക്കുന്നത്. നിങ്ങള്‍ എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കുന്നു. ഏത് കോടതിയാണ് എന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പറയാമോ? ഒരു കോടതിയുമല്ല. ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കുന്നത് കാര്യമാക്കുന്നില്ല. ഞാന്‍ ജനിച്ചത് ഡയമണ്ട് കരണ്ടിയുമായാണ്...റായ് ബഹദൂര്‍ ഗുജാര്‍മല്‍ മോദിയുടെ കൊച്ചുമകനാണെന്ന് മറക്കരുത്. ഞാന്‍ പൊതുജനത്തിന്‍റെ പണമെടുത്തിട്ടില്ല, സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും പറ്റിയിട്ടില്ല"
"ബി.സി.സി.ഐയില്‍ ചേര്‍ന്നപ്പോള്‍ 40 കോടിയായിരുന്നു എന്റെ ബാങ്കിലുണ്ടായിരുന്നത്. 2005ലെ പിറന്നാളിനായിരുന്നു ജോയിന്‍ ചെയ്തത്. വിലക്ക് വന്നപ്പോള്‍ എന്റെ ബാങ്ക് ബാലൻസ് എത്രയായിരുന്നുവെന്ന് അറിയാമോ? 47680 കോടി. ഒരു കോമാളിയും സഹായിച്ചിട്ടില്ല" വ്യാജ മാധ്യമങ്ങളേ ലജ്ജിക്കൂ. ഒരിക്കലെങ്കിലും സത്യസന്ധത കാണിക്കൂ എന്നും ലളിത് മോദി ഇന്‍സ്റ്റഗ്രാമിലെഴുതി.