Entertainment
മികച്ച സംവിധായകനായി സച്ചി; മരിക്കാത്ത ഓർമകളിൽ കേരളം
Entertainment

മികച്ച സംവിധായകനായി സച്ചി; മരിക്കാത്ത ഓർമകളിൽ കേരളം

Web Desk
|
22 July 2022 11:34 AM GMT

മികച്ച ഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം എന്നീ പുരസ്‌കാരങ്ങളും ചിത്രം മലയാളത്തിന് നേടിത്തന്നിരിക്കുകയാണ്

ന്യൂഡൽഹി: 2020 ലെ ഇന്ത്യൻ ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനായി അന്തരിച്ച സച്ചി(കെ.ആർ സച്ചിദാനന്ദൻ) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2020 ജൂൺ 18ന് അന്തരിച്ച തിരക്കഥാകൃത്ത് കൂടിയായ ഇദ്ദേഹം ഏറ്റവും അവസാനം സംവിധാനം ചെയ്ത 'അയ്യപ്പനും കോശി'യുടെയും പേരിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. മികച്ച ഗായിക (നഞ്ചിയമ്മ), മികച്ച സഹനടൻ (ബിജുമേനോൻ), മികച്ച സംഘട്ടനം (മാഫിയ ശശി, സുപ്രിം സുന്ദർ) എന്നീ പുരസ്‌കാരങ്ങളും ചിത്രം മലയാളത്തിന് നേടിത്തന്നിരിക്കുകയാണ്.

ഈ ഘട്ടത്തിൽ വളരെ വൈകാരികമായാണ് സിനിമാലോകവും പ്രേക്ഷകരും സച്ചിയെ ഓർമിക്കുന്നത്. സച്ചിയാണ് അയ്യപ്പൻ കോശിയിലൂടെ ലഭിച്ച അവാർഡിന് ഏറ്റവും അർഹനെന്നും അദ്ദേഹമില്ലാത്തതിന്റെ വിഷമമുണ്ടെന്നും നടൻ ബിജുമേനോൻ പറഞ്ഞു. എന്നും അദ്ദേഹത്തെ ഓർമിച്ചുകൊണ്ടിരിക്കുന്നുവെന്നും നടൻ പറഞ്ഞു. സിനിമയുമായി ബന്ധമില്ലാതിരുന്ന നഞ്ചിയമ്മയെ കണ്ടെത്തി കൊണ്ടുവന്നത് സച്ചിയായിരുന്നുവെന്നും അവരുടെ പാട്ട് അയ്യപ്പനും കോശിക്കും ഏറെ ഗുണം ചെയ്തുവെന്നും ബിജുമേനോൻ പറഞ്ഞു. അവാർഡ് സച്ചിക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട നഞ്ചിയമ്മയുടെയും പ്രതികരണം.



''ബിജു ചേട്ടനും നഞ്ചിയമ്മക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ആക്ഷൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി... നിങ്ങളോട് എന്ത് പറയുമെന്ന് എനിക്കറിയില്ല മനുഷ്യാ... നിങ്ങൾ എവിടെയായിരുന്നാലും... നിങ്ങൾ സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... ഞാൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. എന്നെന്നും അങ്ങനെയായിരിക്കും...'' പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചു.



2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥകൾ സച്ചിയുടേതായിരുന്നു. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകൾ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുൾപ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളാണ്.

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലായിരിക്കെയാണ് സച്ചി മരിച്ചിരുന്നത്. അതിന്മുമ്പ് സച്ചിക്ക് നടുവിന് രണ്ട് സർജറികൾ നടത്തിയിരുന്നു.

Late Sachi (KR Sachidanandan) has been selected as the Best Director at the Indian Film Awards 2020.

Similar Posts