ലൈഗറിന്‍റെ പരാജയം: സമരം ചെയ്താൽ നഷ്ടപരിഹാരം നൽകില്ലെന്ന് സംവിധായകൻ
|വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി നിർമിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു
പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗര്‍. വിജയ് ദേവരകൊണ്ടയെ കേന്ദ്ര കഥാപാത്രമാക്കി നിർമിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. സിനിമയുടെ വിതരണക്കാരെയും തിയേറ്റര്‍ ഉടമകളെയും അത് വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. നിക്ഷേപത്തിന്റെ 80% നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കള്‍ രംഗത്തെത്തിരുന്നു. പിന്നാലെ നഷ്ടപരിഹാരം നല്‍കണമെന്ന ചര്‍ച്ച സജീവമായി. സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ പുരി ജഗന്നാഥിന്റെ ഓഡിയോ സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സിനിമയുടെ നഷ്ടത്തെ തുടര്‍ന്ന് പുരി ജഗന്നാഥിന്റെ വീട്ടില്‍ വിതരണക്കാരും എക്‌സിബിറ്റേഴ്‌സും സമരാഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഓഡിയോ പ്രചരിക്കുന്നത്. നഷ്ടപരിഹാര തുകയുടെ പേരില്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണോ എന്നാണ് സംവിധായകന്‍ ഓഡിയോയില്‍ ചോദിക്കുന്നത്. താന്‍ ആരോടും കടപ്പെട്ടിട്ടില്ല, എന്നിട്ടും പണം തിരികെ നല്‍കാന്‍ തയ്യാറായി, നല്ല മനസ്സോടെ ഞാന്‍ മടക്കി നല്‍കാന്‍ തീരുമാനിച്ചു. ഞാന്‍ അവരുമായി സംസാരിച്ചു, ഒരു മാസത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്ന് അവരെ അറിയിച്ചുവെന്നും അദ്ദേഹം പറയുന്നു. തൻറെ സല്‍പ്പേര് സംരക്ഷിക്കാനാണ് പണം തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഇപ്പോഴും ആളുകള്‍ പ്രതിഷേധിക്കുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൻറെ വീട്ടിൽ സമരം ചെയ്യാൻ ആളുകള്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇവർക്ക് പണം നല്‍കില്ലെന്നും സംവിധായകന്‍ പറഞ്ഞു. 'സിനിമാ വ്യവസായത്തില്‍ എല്ലാവരും ചൂതാട്ടം നടത്തുകയാണ്. ചില സിനിമകള്‍ ഹിറ്റാകും, ചിലത് പരാജയപ്പെടും. 'പോക്കിരി' പോലുള്ള ഹിറ്റ് സിനിമകളില്‍ നിന്നും തനിക്ക് ഇനിയും പണം ലഭിച്ചിട്ടില്ലെന്നും, പ്രതിഷേധിക്കണമെങ്കില്‍ അങ്ങനെയാവാം എന്നാൽ പ്രതിഷേധിച്ചവരുടെ ലിസ്റ്റ് താന്‍ എടുക്കും, അവര്‍ക്ക് പണം നല്‍കില്ലെന്നും പുരി ഓഡിയോയില്‍ വ്യക്തമാക്കുന്നു
ഓഡിയോ പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതകരിച്ച് വിതരണക്കാരും രംഗത്തെത്തി. ഒരു നിശ്ചിത തുക തിരികെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും, സൗഹാര്‍ദ്ദപരമായ വ്യവസ്ഥകളില്‍ തിരികെ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങള്‍ സമരങ്ങളൊന്നും ആസുത്രണം ചെയ്യുന്നില്ലെന്നും ആന്ധ്രാപ്രദേശിലെ ലൈഗറിന്റെ പ്രദർശകരിൽ ഒരാള്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും എത്ര തുക നല്‍കണമെന്നത് ചര്‍ച്ച ചെയ്യാന്‍ പ്രദർശകർ ഒക്ടോബര്‍ 27 ന് യോഗം ചേരുമെന്നും എക്സിബിറ്റര്‍മാരില്‍ ഒരാളായ ബാലഗോവിന്ദ് പ്രതികരിച്ചു.