ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളാണ് ലിജോ ജോസ് പല്ലിശ്ശേരി; പി.സി വിഷ്ണുനാഥ്
|ചിത്രത്തിനായി റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡെലിഗേറ്റുകള്‍ ഇന്നലെ പ്രതിഷേധിക്കുകയും ഐ.എഫ്.എഫ്.കെ വേദിയിൽ സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു
തിരുവനന്തപുരം: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് 'നന്‍ പകല്‍ നേരത്ത് മയക്കം'. ഇന്നലെ ഐ.എഫ്.എഫ്.കെ വേദിയിൽ പ്രദർശിപ്പിച്ച ചിത്രം പ്രക്ഷകരുടെ മനസും നിറച്ചിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച് പി.സി വിഷ്ണുനാഥും രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളെന്ന് ലിജോ ജോസ് പല്ലിശ്ശേരിയെ അടയാളപ്പെടുത്തുന്ന സിനിമയെന്നും മഹാ നടന്റെ അസാധ്യ പ്രകടനമെന്നുമാണ് വിഷ്ണുനാഥ് പറഞ്ഞത്. വ്യത്യസ്തത ആഗ്രഹിച്ചു തന്നെയാണ് ചിത്രത്തിന് കയറിയതെങ്കിലും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മമ്മൂട്ടി-ലിജോ-ഹരീഷ് ടീമിന്റെ ചലച്ചിത്ര വിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാഗോർ തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞിരുന്ന് സിനിമ കണ്ട പ്രേക്ഷകരുടെ മനസ് നിറച്ച ചലച്ചിത്രാനുഭവം എന്നെഴുതിയാണ് വിഷ്ണുനാഥ് കുറിപ്പ് അവസാനിപ്പിക്കുന്നത്. മമ്മുട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിർമാണം.
ഇന്നലെ രാവിലെ മുതൽ ചിത്രം കാണാനായി പ്രക്ഷകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയേറ്ററിനു മുന്നിൽ തുടങ്ങി റോഡ് വരെ നീണ്ട ക്യൂവിനെ നിയന്ത്രിക്കാൻ പൊലീസ് അടക്കം ഇടപെടേണ്ടി വന്നിരുന്നു. ചിത്രത്തിനായി റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡെലിഗേറ്റുകള്‍ ഇന്നലെ പ്രതിഷേധിക്കുകയും ഐ.എഫ്.എഫ്.കെ വേദിയിൽ സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. തിയേറ്ററിന് മുൻപിൽ ഡെലിഗേറ്റുകൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. 905 സീറ്റുകളിൽ 800 ഓളം സീറ്റുകള്‍ ഗസ്റ്റുകള്‍ക്കായി നൽകുന്നുവെന്നും രാഷ്ട്രീയ പാർട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നൽകുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നും ഇവർ ആരോപിച്ചിരുന്നു.
പോസ്റ്റിന്‍റെ പൂർണരുപം
നന്‍ പകല്‍ നേരത്ത് മയക്കം' ആദ്യ പ്രദർശനത്തിൽ തന്നെ കണ്ടു; നമ്മുടെ കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളെന്ന് ലിജോ ജോസ് പല്ലിശ്ശേരിയെ അടയാളപ്പെടുത്തുന്ന സിനിമ; മഹാ നടന്റെ അസാധ്യ പ്രകടനം!
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത ആഗ്രഹിച്ചു തന്നെയാണ് ചിത്രത്തിന് കയറിയതെങ്കിലും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മമ്മൂട്ടി-ലിജോ-ഹരീഷ് ടീമിന്റെ ചലച്ചിത്ര വിരുന്ന്. പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ചായാഗ്രാഹകൻ തേനി ഈശ്വർ ' നന്‍ പകല്‍ നേരത്ത് മയക്ക' ത്തിന്റെ ദൃശ്യങ്ങളെ അതിമനോഹരമാക്കി.
ടാഗോർ തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞിരുന്ന് സിനിമ കണ്ട പ്രേക്ഷകരുടെ മനസ് നിറച്ച ചലച്ചിത്രാനുഭവം...
#iffk_2022