'ഭൂതക്കണ്ണാടി' പോലൊരു സിനിമാശ്രമമാണ് 'നൻപകൽ നേരത്ത് മയക്കം': ലിജോ ജോസ് പെല്ലിശ്ശേരി
|ജനുവരി 19 -നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജനുവരി 19 -നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഐ.എഫ്. എഫ്.കെയിൽ ആദ്യമായി പ്രദർശിപ്പിച്ച 'നൻപകൽ നേരത്ത് മയക്കം' പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.
ചിത്രത്തെ കുറിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തനിക്ക് മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഭൂതക്കണ്ണാടിയും തനിയാവർത്തനവുമാണെന്നാണ് ലിജോ പറയുന്നത്. ഭൂതക്കണ്ണാടി ലോകസിനിമയിൽ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കുന്നു. ആ ഒരു തലത്തിലേക്ക് എത്തിച്ചേരുവാനുള്ള ശമം കൂടിയാണ് നൻപകൽ നേരത്ത് മയക്കമെന്ന് ലിജോ പറയുന്നു.
മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രമായ നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് - ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് - വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഒ - പ്രതീഷ് ശേഖർ.