Entertainment
vinayakan

ഗൗതം മേനോനൊപ്പം വിനായകന്‍

Entertainment

എല്ലാം വിനായകന്‍ കൊണ്ടുപോയി; ധ്രുവനച്ചത്തിരത്തെ പ്രശംസിച്ച് സംവിധായകന്‍ ലിംഗുസാമി

Web Desk
|
22 Nov 2023 6:09 AM GMT

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രണ്ടുഭാഗങ്ങളായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്

ചെന്നൈ: ചിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. വിക്രമിനൊപ്പം മലയാളത്തിന്‍റെ വിനായകനും മത്സരിച്ച് അഭിനയിക്കുന്ന ചിത്രം ഗൗതം മേനോനാണ് സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രണ്ടുഭാഗങ്ങളായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫൈനല്‍ എഡിറ്റ് കണ്ടതിനു ശേഷമുള്ള സംവിധായകന്‍ എന്‍.ലിംഗുസാമിയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. വിനായകനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍.

''ധ്രുവനച്ചത്തിരത്തിന്‍റെ ഫൈനല്‍ കട്ട് മുംബൈയില്‍ വച്ച് കാണാനിടയായി. വളരെ ഗംഭീരമായിരിക്കുന്നത്. ദൃശ്യമികവോടെ നന്നായി ഒരുക്കിയിരിക്കുന്നു. ചിയാന്‍ വളരെ കൂളായിരിക്കുന്നു. അത്യുജ്ജല പ്രകടനത്തിലൂടെ സിനിമയുടെ എല്ലാം വിനായകന്‍ കൊണ്ടുപോയി. എല്ലാ അഭിനേതാക്കളും നന്നായിട്ടുണ്ട്. പ്രിയ സഹോദരന്‍ ഗൗതം മേനോന് അഭിനന്ദനങ്ങള്‍, ഹാരിസ് ജയരാജ് കോമ്പോയില്‍ ഞങ്ങള്‍ക്ക് ഒരു രത്നം കൂടി നല്‍കി. ചിത്രത്തിന്‍റെ വിജയത്തിന് എല്ലാവിധ ആശംസകളും'' ലിംഗുസാമി എക്സില്‍ കുറിച്ചു.

നേരത്തെ സംവിധായകന്‍ ഗൗതം മേനോനും വിനായകനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 'വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും.’ എന്നാണ് ഗൗതം പറഞ്ഞത്.

ഗൗതം മേനോന്റെ വാക്കുകൾ

‘‘വിനായകൻ സാറിനെപ്പോലെ വലിയ നടനെ ഡീൽ ചെയ്യുക അത്ര എളുപ്പമല്ല. കാരണം അദ്ദേഹത്തിനു ചില കാര്യങ്ങളിൽ കൃത്യമായ ധാരണ ആവശ്യമാണ്. കഥാപാത്രത്തിന്റെ സ്റ്റൈൽ, വേഷം, എന്തു മൂഡ് ആണ് ഞാൻ അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്നത് ഇതൊക്കെ അറിഞ്ഞിരിക്കണം. വിനായകന്റെ പെർഫോമന്‍സ് തന്നെ ഓവർ ഷാഡോ ചെയ്യുമോ എന്ന സംശയം വിക്രം സാറിനും ഇല്ലായിരുന്നു. അവർ വളരെ കൂൾ ആയിരുന്നു. പല സീനുകളിലും സ്പോട്ടിൽ ഇരുന്ന് വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം സർ ആണ്. ഒരു ആക്‌ഷൻ സീനിൽ, അത് ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്ന് അവർ രണ്ടു പേരും ചർച്ച ചെയ്താണ് അഭിനയിച്ചത്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു. സിനിമയ്ക്കു വേണ്ടി കൃത്യമായ അഭിനേതാക്കളെയാണ് ഞാൻ തിരഞ്ഞെടുത്തതെന്നതിൽ ഭാഗ്യവാനാണ്. ഒരു പ്രശ്നവും സൃഷ്ടിക്കാതെ, എനിക്കു വേണ്ടതെന്തോ അതെല്ലാം അവർ നൽകി. വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും. ദിവ്യദർശിനിയാണ് വിനായകന്റെ കാര്യം എന്നോടു പറയുന്നത്. ഒരു വില്ലനെ ഞാൻ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുനോക്കാൻ എന്നോടു പറയുന്നത്. ഇത് അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ്.

ഈ അടുത്തും അദ്ദേഹം ഡബ്ബിങ്ങിനു വന്നു പോയിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഒരു ദിവസം കൂടി വേണമായിരുന്നു. പക്ഷേ അദ്ദേഹത്തെ കിട്ടിയില്ല. ഫോണിൽ ഒരു മെസേജ് അയച്ചു, ‘‘സർ, നിങ്ങൾ ഈ സിനിമയിൽ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയുന്നുണ്ടാകില്ല, പക്ഷേ ഈ സിനിമ റിലീസ് ചെയ്തു കഴിയുമ്പോൾ അത് മനസ്സിലാകും.’’

2016ൽ ചിത്രീകരണം ആരംഭിച്ച ചിത്രം പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു.ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിനാണ് വിതരണം. മലയാളിയായ ജോമോൻ ടി.ജോണാണ് ക്യാമറ.

Similar Posts