Entertainment
ഓര്‍മകളുടെ ഓലത്തുമ്പത്തെ കുട്ടിപ്പാട്ടുകള്‍...
Entertainment

ഓര്‍മകളുടെ ഓലത്തുമ്പത്തെ കുട്ടിപ്പാട്ടുകള്‍...

Web Desk
|
26 Nov 2021 1:39 AM GMT

കുട്ടിച്ചാത്തന്‍ വരുമ്പോള്‍ എന്തൊക്കെ ചെപ്പടിവിദ്യകള്‍ കാട്ടുമെന്ന് പാട്ടിലൂടെ ബിച്ചു വരച്ചുകാട്ടി

മലയാള സിനിമയിലെ കുട്ടിപ്പാട്ടുകളുടെ പാട്ടുകാരനായിരുന്നു ബിച്ചു തിരുമല. മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ 'ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി' എന്ന ഒറ്റപ്പാട്ട് മതി അദ്ദേഹത്തെ എന്നും ഓര്‍ക്കാന്‍. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരു കൂട്ടം കുട്ടികളുടെ കഥയാണ് പറഞ്ഞത്. ഫാന്‍റസിയും കുസൃതിയും ഇഴചേര്‍ത്ത കുട്ടിച്ചാത്തനിലെ പാട്ടെഴുതാന്‍ ബിച്ചുവിനെക്കാള്‍ യോജിച്ച മറ്റൊരാള്‍ ഇല്ല എന്നുവേണം പറയാന്‍.

കുട്ടിച്ചാത്തന്‍ വരുമ്പോള്‍ എന്തൊക്കെ ചെപ്പടിവിദ്യകള്‍ കാട്ടുമെന്ന് പാട്ടിലൂടെ ബിച്ചു വരച്ചുകാട്ടി. ''വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യാം ചുവരിന്മേലോടാം പൊയ്‌ക്കോലം തുള്ളാം'' വരികളിലൂടെ ബിച്ചു കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഒരു മായാലോകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ചിത്രത്തിലെ ''മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ'' എന്ന പാട്ടും ഹിറ്റായിരുന്നു.

ബിച്ചുവിന്‍റെ കുട്ടിപ്പാട്ടുകളെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മയുടെ തുഞ്ചത്തും നിന്നും എങ്ങും പോകാതെ നില്‍ക്കുന്ന ഗാനമാണ് പപ്പയുടെ സ്വന്തം അപ്പൂസിലെ ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പെങ്കിളി...എന്ന പാട്ട്. താരാട്ടു പാട്ടിന്‍റെ മേമ്പോടി ചേര്‍ത്ത പാട്ട് ഒരിക്കലെങ്കിലും പാടാത്ത അമ്മമാരുണ്ടാകില്ല. ചിത്രത്തിലെ കാക്ക പൂച്ച കൊക്കര കോഴി വാ എന്ന പാട്ടും ബിച്ചുവിന്‍റെ തൂലികയില്‍ വിരിഞ്ഞതായിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ കണ്ണാന്തുമ്പി പോരാമോ എന്ന പാട്ടും പാടാത്ത കുട്ടികളുണ്ടോ. പുതുലമുറപോലും പാടിനടക്കാറുള്ള പാട്ടിന്‍റെ രചയിതാവും ബിച്ചു തിരുമലയായിരുന്നു.

എന്തൊരു മധുരമായിരുന്നു അദ്ദേഹത്തിന്‍റെ താരാട്ടുപാട്ടുകള്‍ക്ക്. 1977ല്‍ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രത്തിലെ 'ആരാരോ ആരിരാരോ' എന്ന പാട്ട് മലയാളത്തിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്നാണ്. ''അമ്മയ്ക്ക് നീ തേനല്ലേ.. ആയിരവല്ലി പൂവല്ലേ'' ഒരു അമ്മയുടെ മനസ് അതേപോലെ ആര്‍ക്കാണ് വരച്ചിടാന്‍ സാധിക്കുക. പിന്നെയുമുണ്ട്..ഉണ്ണിയാരാരിരോ തങ്കമാരിരോ, രാവു പാതി പോയ് മകനെ ഉറങ്ങു നീ, കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ.....കണ്ണോടു കണ്ണോരം നീ കണിമലരല്ലേ... എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ...തുടങ്ങി വാത്സല്യത്തിന്‍റെ ചെറുചൂടുള്ള പാട്ടുകള്‍‌.

നായകന്‍ നായികയെ പാടിയുറക്കുന്നതില്‍ ഒരു താരാട്ടിന്‍റെ ഈണമുണ്ടായാലോ. കിലുക്കത്തിലെ കിലുകില്‍ പമ്പരവും, കളിപ്പാട്ടത്തിലെ കൊഞ്ചി കൊഞ്ചി വാ കിളിയേ പറന്നുവാ എന്ന പാട്ടും ഈ ഗണത്തില്‍ പെട്ടതായിരുന്നു. എത്ര മനോഹരമാണ് പാട്ടുകള്‍.

ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലെ ഉണ്ണികളെ എന്ന പാട്ട് ഗാനഗന്ധര്‍വന്‍ പാടുമ്പോള്‍ അതില്‍ നായകന്‍റെ അനാഥത്വത്തിന്‍റെ വേദന കൂടി വരച്ചിടുകയായിരുന്നു ബിച്ചു തിരുമല. കുഞ്ഞുങ്ങളുടെ അതേ നിഷ്ക്കളങ്കതയോടെ അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം മലയാളികള്‍ക്ക് കുന്നിമണികള്‍ പോലെ സൂക്ഷിച്ചുവയ്ക്കാവുന്നതായിരുന്നു. ബിച്ചു ഇല്ലെങ്കില്‍ ഒരിക്കലും കേള്‍ക്കാതെ പോകുമായിരുന്നു ആ പാട്ടുകള്‍.

Similar Posts