'കര്‍ത്താവെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു...'; ബെനഡിക്ട് മാർപാപ്പയുടെ അവസാന വാക്കുകൾ
|മാര്‍പാപ്പയുടെ അവസാന വാക്കുകള്‍ റെക്കോഡ് ചെയ്തിരിക്കുകയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ച നഴ്സ്
വത്തിക്കാന്‍: കഴിഞ്ഞ ശനിയാഴ്ചയായിരുന്നു (ഡിസംബര്‍ 31) ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിട പറഞ്ഞത്. വ്യാഴാഴ്ചയാണ് സംസ്കാരം. മാര്‍പാപ്പയുടെ അവസാന വാക്കുകള്‍ റെക്കോഡ് ചെയ്തിരിക്കുകയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ച നഴ്സ്.
"വളരെ പതിഞ്ഞ ശബ്ദത്തില്‍ എന്നാൽ വ്യക്തമായി വേർതിരിച്ചറിയാൻ കഴിയുന്ന രീതിയിൽ, ബെനഡിക്ട് ഇറ്റാലിയൻ ഭാഷയിൽ പറഞ്ഞു, 'കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.'' ബെനഡിക്ട് മാര്‍പാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വീൻ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.'' അത് അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളായിരുന്നു. കാരണം പിന്നീട് അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിഞ്ഞില്ല'' ഗാൻസ്വീൻ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ആരോഗ്യം വളരെക്കാലമായി ക്ഷയിച്ചു വരികയായിരുന്നു. ബുധനാഴ്ച മാര്‍പാപ്പയുടെ സ്ഥിതി കൂടുതൽ വഷളായി, അതേസമയം അദ്ദേഹത്തിന്റെ പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കരോട് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പതിനായിരക്കണക്കിന് ആളുകൾ തിങ്കളാഴ്ച വത്തിക്കാനിൽ ബെനഡിക്ട് പതിനാറാമന്‍ ആദരാഞ്ജലികൾ അർപ്പിച്ചു.
ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായിരുന്നു അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19-ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു.