അന്ന് ലൂസിഫറിൽ പറഞ്ഞത് ഇന്ന് യാഥാർഥ്യമായിരിക്കുന്നു, ഇത്രയുംവേഗം സംഭവിക്കുമെന്ന് കരുതിയില്ല: മുരളി ഗോപി
|'ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം ഒരു ജനതയുടെ മുകളിലേക്ക് പതിച്ചിരിക്കുന്നു'
കേരളത്തിൽ ലഹരിമരുന്ന് വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ മുരളി ഗോപി. ലൂസിഫർ എന്ന ചിത്രത്തിൽ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്രയും പെട്ടന്ന് ഒരു ജനതയുടെ മേൽ പതിക്കുമെന്ന് കരുതിയില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി ഫേസ്ബുക്കിൽകുറിച്ചു.
മുൻവാതിൽ അടച്ച് പിൻവാതിൽ തുറന്നിടുന്നിടത്തോളം കാലം കേട്ടുകേൾവി പോലും ഇല്ലാത്ത മാരക ലഹരിമരുന്നുകൾ ഒഴുകിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''2018ഇൽ 'ലൂസിഫർ' എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.''