Entertainment
അവാർഡിന് വേണ്ടി കാത്തിരുന്നിട്ടില്ല, വിഷ്‌ണുവിന് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു: ലുഖ്‌മാൻ
Entertainment

"അവാർഡിന് വേണ്ടി കാത്തിരുന്നിട്ടില്ല, വിഷ്‌ണുവിന് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു": ലുഖ്‌മാൻ

Web Desk
|
2 Aug 2023 3:14 PM GMT

അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നും അതൊരു അംഗീകാരം മാത്രമാണെന്നും ലുഖ്മാൻ പറഞ്ഞു

തല്ലുമാലയുടെ സംഗീത സംവിധായകൻ വിഷ്ണു വിജയന് അവാർഡ് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് നടൻ ലുഖ്‌മാൻ അവറാൻ. അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നും അതൊരു അംഗീകാരം മാത്രമാണെന്നും ലുഖ്മാൻ മീഡിയവണിനോട് പറഞ്ഞു. പുതിയ ചിത്രമായ കൊറോണ ധവാന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോഴായിരുന്നു പ്രതികരണം.

'തല്ലുമാലയ്ക്ക് അവാർഡ് കിട്ടാനായി കാത്തിരുന്നിട്ടില്ല.അവാർഡ് ഒരു അംഗീകാരമാണ്, വിഷ്ണു വിജയ്ക്ക് അവാർഡ് കിട്ടണമെന്ന് ഉളളിൽ ആഗ്രഹിച്ചിരുന്നു. അവാർഡ് ലഭിക്കാത്തതിൽ വിഷമമൊന്നുമില്ല. ഇതിനെയൊക്കെ ഒരു സ്‌പോർട്‌സ്മാൻ സ്പിരിറ്റിൽ കാണുക മാത്രമാണ് ചെയ്യുന്നത്"; ലുഖ്മാൻ പറഞ്ഞു.

ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രമാണ് കൊറോണ ധവാൻ. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ടീസർ നൽകുന്നത്. 'കൊറോണ ജവാൻ' എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാൻ' എന്നു മാറ്റേണ്ടിവന്നതിനെത്തുടർന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് സംവിധായകൻ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു. ആഗസ്റ്റ് 4-നാണ് കൊറോണ ധവാൻ തീയറ്ററുകളിലെത്തുക.

നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാൻ ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻറെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു മുഴു നീളൻ കോമഡി എൻറർടെയ്നറായ ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്കെത്തിക്കുന്നത്.

ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആൻറണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി.കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

Similar Posts