'ചെമ്പിന്റെ ചേലുള്ള മോറാണ്'.. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ടീം മരക്കാര്‍
|'ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ ..
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഗാനമെത്തി. 'ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്' എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്.
സംവിധായകന് പ്രിയദര്ശന് ആണ് പാട്ടിന്റെ വരികള്‍ എഴുതിയത്. വിഷ്ണു രാജ് ആണ് ആലാപനം. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗിനൊപ്പമാണ് ഗാനം യൂ ട്യൂബിലെത്തിയത്.
100 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. മെയില്‍ റിലീസ് തീരുമാനിച്ചതാണെങ്കിലും കോവിഡ് സാഹചര്യത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. പ്രിയദര്ശന് ആണ് സംവിധാനം.
മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റര്ടൈന്മെന്ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
ഇന്ന് 61ാം പിറന്നാള്‍
കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഇത്തവണയും ചെന്നൈയിലെ വീട്ടിലാണ് പിറന്നാള്‍ ആഘോഷം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിരുന്നു പിറന്നാള്‍ ദിനം. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.
നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന മലയാളികളുടെ ലാലേട്ടന് ഇതിനോടകം വേഷമിട്ട് മുന്നൂറിലേറെ ചിത്രങ്ങളിലാണ്. തിരനോട്ടത്തിലൂടെ ആദ്യമായി ക്യാമറക്ക് മുന്നില്‍ എത്തിയ മോഹന്‍ലാല്‍, ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ 1980ലാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മോഹന്‍ലാല്‍. നിരവധി വിദേശ താരങ്ങള്‍ ഭാഗമാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സന്തോഷ് ശിവനാണ്.