Entertainment
കശ്മീര്‍ ഫയല്‍സിനെ കുറിച്ച് ട്വീറ്റ്: ഐ.എ.എസ് ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
Entertainment

കശ്മീര്‍ ഫയല്‍സിനെ കുറിച്ച് ട്വീറ്റ്: ഐ.എ.എസ് ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

Web Desk
|
24 March 2022 9:49 AM GMT

പേരു കാരണം ഇരയാക്കപ്പെടുകയാണെന്ന് നിയാസ് ഖാന്‍

കശ്മീര്‍ ഫയല്‍സ് സിനിമയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ഐ.എ.എസ് ഓഫീസര്‍ക്ക് നോട്ടീസ് അയക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്ട്‌മെന്‍റ് ഡെപ്യൂട്ടി സെക്രട്ടറി നിയാസ് ഖാനാണ് ട്വീറ്റിന്‍റെ പേരില്‍ സര്‍ക്കാരിന്റെ അപ്രീതി നേടിയത്. നിയാസ് ഖാന് നോട്ടീസ് അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

"ഞാന്‍ ഖാന്‍റെ ട്വീറ്റ് കണ്ടു. ഇത് ഗുരുതരമായ പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ലക്ഷ്മണ രേഖ അയാള്‍ മറികടന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കും"- നരോത്തം മിശ്ര പറഞ്ഞു.

നിയാസ് ഖാന്‍റെ ട്വീറ്റുകൾ വിഭാഗീയമാണെന്നും അദ്ദേഹത്തെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും മന്ത്രി വിശ്വാസ് സാരംഗ് ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരില്‍ തന്നെ ലക്ഷ്യംവെയ്ക്കുകയാണെന്ന് നിയാസ് ഖാന്‍ പറഞ്ഞതായി ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

"ഞാൻ എന്‍റെ പേരു കാരണം ഇരയാക്കപ്പെടുകയാണ്. എന്റെ പേര് കേട്ടയുടൻ അവർ എന്നെ മുസ്‍ലിം എന്ന് മുദ്രകുത്തുന്നു. ഞാൻ മറ്റാരെയും പോലെ മതേതരനാണെന്നത് ഇവിടെ വിഷയമാകുന്നില്ല. കഴിഞ്ഞ 14-15 വർഷത്തിനിടയിൽ, എന്റെ പേരുകാരണം ഏകദേശം 20 തവണ എന്നെ സ്ഥലംമാറ്റി. അവർ ഈ പേര് വെറുക്കുന്നതുകൊണ്ട് ഞാന്‍ ഒരുപാടു കഷ്ടപ്പെട്ടു"- നിയാസ് ഖാന്‍ പ്രതികരിച്ചു.

മധ്യപ്രദേശ് സര്‍ക്കാരിനെ പ്രകോപിപ്പിച്ച നിയാസ് ഖാന്‍റെ ട്വീറ്റ് ഇങ്ങനെ...

കശ്മീര്‍ ഫയല്‍സിന്റെ നിര്‍മാതാക്കള്‍, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി കൊല്ലപ്പെടുന്ന മുസ്‌ലിംകളെക്കുറിച്ചും സിനിമ ചെയ്യണം എന്നായിരുന്നു നിയാസ് ഖാന്‍ ട്വീറ്റ് ചെയ്തത്.

"കശ്മീര്‍ ഫയല്‍സ് ബ്രാഹ്മണരുടെ വേദന കാണിക്കുന്നു. അവരെ എല്ലാ ബഹുമാനത്തോടെയും കശ്മീരില്‍ സുരക്ഷിതമായി ജീവിക്കാന്‍ അനുവദിക്കണം. എന്നാല്‍ പല സംസ്ഥാനങ്ങളിലായി നിരവധി മുസ്‌ലിംകളെ കൊന്നൊടുക്കിയതിനെ പറ്റിയും ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സിനിമ ചെയ്യണം. മുസ്‌ലിംകള്‍ കീടങ്ങളല്ല, മനുഷ്യരാണ്. രാജ്യത്തെ പൗരന്മാരാണ്"- എന്നായിരുന്നു നിയാസ് ഖാന്റെ ട്വീറ്റ്.


മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെ കുറിച്ച് ഒരു പുസ്തകം എഴുതാന്‍ പദ്ധതിയുണ്ടെന്നും ഖാന്‍ വ്യക്തമാക്കി. കശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനം കശ്മീരി പണ്ഡിറ്റുകളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും കാശ്മീരിൽ അവർക്ക് വീടുകൾ നിർമിക്കുന്നതിനുമായി കൈമാറണമെന്നും നിയാസ് ഖാന്‍ അഭ്യര്‍ഥിച്ചു. എഴുത്തുകാരന്‍ കൂടിയായ നിയാസ് ഖാന്‍ ഏഴ് നോവലുകൾ എഴുതിയിട്ടുണ്ട്.


Similar Posts