ഡബ്ബിംഗാണെന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് പലരും തിരിച്ചറിയുന്നത്; കോള്‍ഡ് കേസില്‍ അനില്‍ നെടുമങ്ങാടിന് ശബ്ദമായ മഹേഷ് കുഞ്ഞുമോന്‍
|ഞാന്‍ അനിലേട്ടന്‍റെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡയലോഗ് മുന്‍പ് അനുകരിച്ചിട്ടുണ്ട്
തനു ബാലക് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രം കോള്‍ഡ് കേസ് സമ്മിശ്ര പ്രതികരണം നേടി ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ നടന്‍ അനില്‍ നെടുമങ്ങാടും അഭിനയിച്ചിരുന്നു. ചിത്രത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു അനിലിന്‍റെ മരണം. പക്ഷെ കോള്‍ഡ് കേസ് പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ ചിത്രം കണ്ടവര്‍ അതിശയിച്ചു. അനില്‍ അവതരിപ്പിച്ച സി.ഐ സിയാദ് മുഹമ്മദിന്‍റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല. പിന്നെ അനിലിന് ഇത്ര പെര്‍ഫെക്ടായി ശബ്ദം നല്‍കിയത് ആരെന്ന തിരച്ചിലിലായിരുന്നു സോഷ്യല്‍ മീഡിയ. മിമിക്രിയിലൂടെ ടെലിവിഷന്‍ ഷോകളില്‍ തിളങ്ങിയ എറണാകുളം പുത്തന്‍കുരിശ് സ്വദേശി മഹേഷ് കുഞ്ഞുമോനായിരുന്നു അനിലിന് ശബ്ദമായത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന മോദിയെ 'പെര്‍ഫെക്ട് ഓക്കെ' പഠിപ്പിക്കുന്ന പിണറായിയുടെ വീഡിയോക്ക് പിന്നിലും മഹേഷാണ്.
കോള്‍ഡ് കേസിലേക്ക് എത്തിയതെന്ന് എങ്ങനെയാണ്?
ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയില്‍ ഞാന്‍ അനിലേട്ടനെ ശബ്ദം അനുകരിച്ചിരുന്നു. സ്പോട്ട് ഡബ്ബിംഗായിരുന്നു. കോള്‍ഡ് കേസിന്‍റെ തിരക്കഥാകൃത്തായ ശ്രീനാഥ് ചേട്ടന്‍(ശ്രീനാഥ് വി.നാഥ്) കോമഡി ഉത്സവത്തിന്‍റെ ഗ്രൂമേഴ്സില്‍ പെട്ട ഷിബു കൊഞ്ചിറയോട് അനില്‍ നെടുമങ്ങാടിന്‍റെ ശബ്ദം അനുകരിക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. അങ്ങനെ എന്‍റെ നമ്പര്‍ കൊടുക്കുകയായിരുന്നു. പിന്നീട് ഒരു വോയിസ് ടെസ്റ്റ് നടത്തി ചെയ്യിപ്പിക്കുകയായിരുന്നു. ലാല്‍ മീഡിയയില്‍ വച്ചായിരുന്നു ഡബ്ബിംഗ്. അനിലേട്ടനെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. പക്ഷെ ആദ്യമായി ഞാനദ്ദേഹത്തിന്‍റെ ശബ്ദം അനുകരിച്ചപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു.
പലപ്പോഴും സിനിമയില്‍ ഇത്തരത്തില്‍ ഡബ്ബിംഗ് ചെയ്യുമ്പോള്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങളുണ്ടാകാറുണ്ട്. പക്ഷെ കോള്‍ഡ് കേസിലെ ശബ്ദം സ്വീകരിക്കപ്പെട്ടല്ലോ?
എങ്ങനെ ആളുകള്‍ സ്വീകരിക്കും എന്ന പേടി എനിക്കുണ്ടായിരുന്നു. പക്ഷെ നല്ല പ്രതികരണമാണ് ലഭിച്ചത്. സിനിമയില്‍ ഞാനാണ് അനിലേട്ടന് ശബ്ദം കൊടുത്തതെന്ന എന്‍റെ ഫേസ്ബുക്കിലെ പോസ്റ്റ് കണ്ടപ്പോഴാണ് പലര്‍ക്കും അത് ഡബ്ബിംഗാണെന്ന് മനസിലായത്. പിന്നെ ഒരു പാട് പേര്‍ വിളിച്ച് അഭിനന്ദിച്ചു. അതില്‍ മോശം അഭിപ്രായം പറഞ്ഞവരുമുണ്ട്.
എന്‍റെ ശബ്ദത്തിലല്ല ഞാന്‍ ഡബ്ബ് ചെയ്യുന്നത് . അതിന്‍റെ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. ഓരോ ഡയലോഗ് പറയുമ്പോഴും വളരെയധികം ശ്രദ്ധിച്ചിരുന്നു. ഞാന്‍ അനിലേട്ടന്‍റെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡയലോഗ് മുന്‍പ് അനുകരിച്ചിട്ടുണ്ട്. കോള്‍ഡ് കേസിലെ ഡയലോഗ് പറയുന്നതിന് മുന്‍പ് ആ ഡയലോഗ് പറയും. അങ്ങനെയാണ് ആ വോയിസ് ഒരു വിധം മാച്ചായിട്ട് ചെയ്യാന്‍ പറ്റിയത്. പിന്നെ അനിലേട്ടന് വേണ്ടി ചെയ്യാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യം.
മിമിക്രി രംഗത്തേക്കുള്ള വരവ്?
ചിത്രരചനയിലായിരുന്നു ആദ്യം താല്‍പര്യം. ഏഴാം ക്ലാസ് മുതലാണ് മിമിക്രി ചെയ്യാന്‍ തുടങ്ങിയത്. എന്‍റെ ചേട്ടന്‍ അജേഷ് മിമിക്രി ചെയ്യാറുണ്ടായിരുന്നു. വീട്ടില്‍ ചേട്ടന്‍ പ്രാക്ടീസ് ചെയ്യുന്നതുകണ്ടാണ് മിമിക്രിയില്‍ താല്‍പര്യം തോന്നുന്നത്. പിന്നീട് അതെന്‍റെ ഭാഗമാവുകയായിരുന്നു. സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
പിന്നെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്ത് തുടങ്ങിയതോടെ കൂടുതല്‍ അഭിനന്ദനങ്ങള്‍ ലഭിച്ചുതുടങ്ങി. ടെലിവിഷന്‍ ഷോകള്‍ക്ക് ശേഷമാണ് ജീവിതം മാറിമറിഞ്ഞത്. ആദ്യം ഞാനും ചേട്ടനും കൂടി ചെയ്ത കമ്മട്ടിപ്പാടത്തിലെ ഒരു രംഗം വലിയ ഹിറ്റായിരുന്നു. മണികണ്ഠന്‍ ചേട്ടന്‍ ഞങ്ങളെ വിളിച്ച് അഭിനന്ദിച്ചിരുന്നു.
വിനീത് ശ്രീനിവാസനെ അനുകരിച്ചത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നല്ലോ?
വിനീതേട്ടനെയാണ് ഞാന്‍ ആദ്യകാലങ്ങളില്‍ അനുകരിച്ചത്. അദ്ദേഹത്തിനെ അനുകരിക്കാന്‍ എളുപ്പമാണ്. ഏഴാം ക്ലാസ് തൊട്ട് വിനീതേട്ടനെ ചെയ്യുന്നുണ്ടായിരുന്നു. എന്‍റെ ബോഡി ലാംഗ്വേജും പിന്നെ വിനീത് ശ്രീനിവാസനെ പോലെയുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് തന്നെ ആ വീഡിയോക്ക് നല്ല റീച്ച് കിട്ടി. വിനീതേട്ടനെ കാണുക അദ്ദേഹത്തിന്‍റെ മുന്നില്‍ വച്ച് മിമിക്രി ചെയ്യുക എന്നത് വലിയൊരു ആഗ്രഹമാണ്.
മിമിക്രി രംഗത്തെ മറ്റ് നേട്ടങ്ങള്‍
അനില്‍ നെടുമങ്ങാടിന്‍റെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം പീസിന് വേണ്ടി വിളിച്ചിട്ടുണ്ട്. കോള്‍ഡ് കേസിന് ശേഷം അദ്ദേഹം പൂര്‍ത്തിയാക്കാതെ പോയ രണ്ട് മൂന്ന് ചിത്രങ്ങള്‍ക്ക് വേണ്ടിയും വിളിച്ചിട്ടുണ്ട്. വിജയ് ചിത്രം മാസ്റ്ററിന്‍റെ മലയാളം വേര്‍ഷനില്‍ വിജയ് സേതുപതിക്ക് വേണ്ടി ശബ്ദം കൊടുത്തത് ഞാനായിരുന്നു. വിജയ് സേതുപതിയുടെ അതേ ശബ്ദത്തില്‍ ഡബ്ബ് ചെയ്യുകയാണെങ്കില്‍ നന്നാവും എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതുകൊണ്ട് അങ്ങിനെയാണ് ഡബ്ബ് ചെയ്തത്.
പിന്നെ ലോക്ഡൌണ്‍ സമയത്ത് ഞാനൊരു യു ട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. മഹേഷ് മിമിക്സ് എന്ന പേരിലുള്ള ചാനലിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അതിലാണ് ഇപ്പോള്‍ അനുകരണവും മറ്റ് ചെയ്യുന്നത്. ആലുവയിലെ എവിടി മെക്രോമിക്ക് കമ്പനിയില്‍ മെക്കാനിക്കല്‍ മെയിന്‍റനസിലെ ജീവനക്കാരനാണ് ഞാന്‍. ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് മിമിക്രി ചെയ്യുന്നത്. ജോലിയും മിമിക്രിയും ഒരുമിച്ചുകൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെയാണ് യു ട്യൂബ് ചാനല്‍ തുടങ്ങിയത്.
അനുകരിക്കാന്‍ ഇഷ്ടപ്പെടുന്ന നടന്‍മാര്‍ ആരൊക്കെയാണ്?
എല്ലാവരെയും അനുകരിക്കാന്‍ ഇഷ്ടമാണ്. ജിനു ജോസഫിനെ ചെയ്യാന്‍ ഇഷ്ടമാണ്. അഞ്ചാം പാതിരയിലെ കഥാപാത്രത്തെ അനുകരിച്ചതൊക്കെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. പിന്നെ വിനായകന്‍, സൈജു കുറുപ്പ്, മണിക്കുട്ടന്‍, ഫഹദ് ഫാസില്‍,സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവരെയൊക്കെ അനുകരിക്കാന്‍ ഇഷ്ടമാണ്. അറിയപ്പെടുന്ന ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആകണമെന്നാണ് ആഗ്രഹം.
കുടുംബം
എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയിലാണ് താമസം. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, സഹോദരന്‍ അജേഷ്.