ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായി '2018'
|ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്
ഡല്‍ഹി: മലയാള ചിത്രം 2018ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി. വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. 2024 മാർച്ച് പത്തിനാണ് ഓസ്കര് പ്രഖ്യാപനം.
BREAKING: Tovino Thomas' 2018 movie is India's official entry for #Oscars2024. #2018Movie - Proud moment for Malayalam film industry and #TovinoThomas… pic.twitter.com/7lpp4CDzUl
— Manobala Vijayabalan (@ManobalaV) September 27, 2023
മോഹന്‍ലാല്‍ ചിത്രമായ ഗുരു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്നിവയാണ് ഇതിനു മുന്‍പ് ഓസ്കര് എന്‍ട്രി ലഭിച്ച മറ്റു മലയാള ചിത്രങ്ങള്‍. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ 2018 മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.
‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റേതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്റയും ആത്മവിശ്വാസത്തിന്റയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.