Entertainment
malayalam movie artists,directors and musicians shares preamble of constitution in social media on ram temple ceremony
Entertainment

രാമക്ഷേത്ര പ്രതിഷ്ഠ; ഭരണഘടനാ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് പാർവതി തിരുവോത്തും റിമയുമടക്കമുള്ള താരങ്ങളും സംവിധായകരും ഗായകരും

Web Desk
|
22 Jan 2024 8:18 AM GMT

സോഷ്യൽമീഡിയയിലൂടെയാണ് ​ഇവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ് അബു, സംവിധായകൻ കമൽ കെ.എം, സംവിധായകനും നടനുമായ ജിയോ ബേബി, നടൻ മിനൻ, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യൽമീഡിയകളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് വിഷയത്തിൽ നിലപാട് അറിയിച്ചത്.

'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നാണ് റിമ ഭരണഘടനാ ആമുഖം പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചത്. 'നമ്മുടെ ഇന്ത്യ' എന്നാണ് പാർവതിയുടെ വാക്കുകൾ.


നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ ആഹ്വാനത്തെ സൂരജ് വിമർശിച്ചിരുന്നു. പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന.

ഇതിന് പിന്നാലെ സൂരജിനെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ പ്രൊഫൈലുകൾ രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ സൂരജിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൂജപ്പുര പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഭരണഘടനയുടെ ആമുഖം

'ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതരത്വ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും, അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമാണ സഭയിൽ ഈ 1949 നവംബർ 26-ാം തിയതി ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു'.

Similar Posts