'മഞ്ഞുമ്മല്‍ ബോയ്‌സ്'100 കോടി ക്ലബ്ലില്‍
|പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നി ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ലിലെത്തുന്ന നാലാമത്തെ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്
പ്രേക്ഷകഹൃദയം കീഴടക്കിയ ചിദംബരം ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' 100 കോടി ക്ലബ്ബില്‍. പുറത്തിറങ്ങി 12 ദിവസത്തിനകമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നി ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ലിലെത്തുന്ന നാലാമത്തെ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തില്‍ ചിത്രം 40 കോടിയോളം നേടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രം തമിഴ്‌നാട്ടിലും വന്‍ പ്രേക്ഷക പിന്തുണയാണ് നേടുന്നത്. തമിഴ്‌നാട്ടില്‍ ചിത്രം 15 കോടിയിലധികം കളക്ഷന്‍ നേടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.
ചിത്രത്തില്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്രപോവുന്നതും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് പറയുന്നത്. ഗുണകേവിനെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രത്തില്‍ 'ഗുണ' എന്ന കമല്‍ഹാസന്‍ ചിത്രത്തിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉള്‍പ്പെടുത്തിയത് വന്‍ സ്വീകാര്യത നേടിയിരുന്നു. നടന്‍ കമല്‍ഹാസനുമൊത്തുളള 'മഞ്ഞുമ്മല്‍ ബോയ്‌സ്' താരങ്ങളുടെ കൂടിക്കാഴ്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതം.