Entertainment
ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് മലയാളിക്കെതിരെ സൈബര്‍ ആക്രമണം; നിയമനടപടിയുമായി മോഡല്‍
Entertainment

ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് മലയാളിക്കെതിരെ സൈബര്‍ ആക്രമണം; നിയമനടപടിയുമായി മോഡല്‍

Web Desk
|
17 July 2024 1:10 PM GMT

നടിമാരായ ശ്രിന്ദ, ഐശ്വര്യ ലക്ഷ്മി, രജിഷ വിജയന്‍, അഹാന കൃഷ്ണ, ഉമ്മന്‍ ചാണ്ടിയുടെ മകളും മോഡലുമായ അച്ചു ഉമ്മന്‍ എന്നിവരെല്ലാം രേഷ്മയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്

കോഴിക്കോട്: 2023ല്‍ അഗ്നിരക്ഷാ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച അഗ്നിവീര്‍ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യയാണെന്നു തെറ്റിദ്ധരിച്ച് മലയാളി മോഡലിനെതിരെ സൈബര്‍ ആക്രമണം. ജൂലൈ അഞ്ചിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് അന്‍ഷുമാനുള്ള മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര സ്വീകരിച്ച ഭാര്യ സ്മൃതി സിങ്ങാണെന്നു തെറ്റിദ്ധരിച്ചാണ് മലയാളി മോഡലും നടിയുമായ രേഷ്മ സെബാസ്റ്റിയനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത്. സൈബര്‍ ആക്രമണത്തില്‍ നിയമനടപടി സ്വീകരിച്ചിരിച്ചതായി രേഷ്മ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കീര്‍ത്തിചക്ര സ്വീകരിച്ച ശേഷം സ്മൃതി സിങ്ങിനെതിരെ ക്യാപ്റ്റന്‍ അന്‍ഷുമാന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരവും മകന്റെ ഫോട്ടോ ആല്‍ബവും വസ്ത്രങ്ങളുമെല്ലാം പഞ്ചാബിലെ ഗുരുദാസ്പൂരിലുള്ള വീട്ടിലേക്ക് സ്മൃതി കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഇതിനു പിന്നാലെയാണ് അഗ്നിവീറിന്റെ മാതാപിതാക്കളെ ചതിച്ചെന്ന് ആരോപിച്ച് സ്മൃതിക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണവും സൈബര്‍ ആക്രമണവും ആരംഭിച്ചത്.

ഇതിനിടയിലാണ് രൂപസാദൃശ്യം കാരണം തെറ്റിദ്ധരിച്ച് ഒരു വിഭാഗം രേഷ്മ സെബാസ്റ്റ്യന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുമെത്തിയത്. ഇവരുടെ കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്നു. രേഷ്മയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണവും നടക്കുകയാണ്.

ക്യാപ്റ്റന്‍ അന്‍ഷുമാന്‍റെ ഭാര്യ സ്മൃതി സിങ്ങും ഭാര്യാമാതാവും ചേർന്ന് രാഷ്ട്രപതിയില്‍നിന്ന് കീർത്തിചക്ര സ്വീകരിക്കുന്നു
ക്യാപ്റ്റന്‍ അന്‍ഷുമാന്‍റെ ഭാര്യ സ്മൃതി സിങ്ങും ഭാര്യാമാതാവും ചേർന്ന് രാഷ്ട്രപതിയില്‍നിന്ന് കീർത്തിചക്ര സ്വീകരിക്കുന്നു

ഇതിനിടെയാണ് വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയത്. ഇത് ഇന്ത്യന്‍ സൈനികനായിരുന്ന ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിന്റെ അക്കൗണ്ട് അല്ലെന്നും വ്യാജ പ്രചാരണങ്ങളില്‍നിന്നും വിദ്വേഷ കമന്റുകളില്‍നിന്നും മാറിനില്‍ക്കണമെന്നും രേഷ്മ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനുശേഷവും ആക്രമണം തുടര്‍ന്നതോടെയാണു നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. തനിക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്ന പേജുകള്‍ക്കും അക്കൗണ്ടുകള്‍ക്കുമെതിരെ മാനനഷ്ടത്തിന് കേസുകൊടുത്തതായി ഇവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ പേജ് വേണ്ടാത്തൊരു കാര്യത്തിന് ആളുകള്‍ വ്യാപകമായി ഫോളോ ചെയ്യുന്നുണ്ടെന്നും രേഷ്മ പറഞ്ഞു. നാലു വയസുള്ള കുട്ടിയുടെ അമ്മയും ഒരു കിടിലന്‍ മനുഷ്യന്റെ ഭാര്യയുമായ രേഷ്മ സെബാസ്റ്റ്യന്‍ ആണ് ഞാന്‍. മരങ്ങളും മൃഗങ്ങളും പുസ്തകങ്ങളും ഇഷ്ടപ്പെടുന്ന, സമാഹൂകമായി അന്തര്‍മുഖയായ ഒരാളാണ്. ഒന്നുമില്ലാത്തിടന്നുനിന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ എന്നെ സഹായിച്ച അുഭവങ്ങളും കാര്യങ്ങളുമെല്ലാമാണു ഞാന്‍ പറയാറ്. മോഡലിങ് താല്‍പര്യത്തോടെ ചെയ്യുന്ന തൊഴിലാണെങ്കിലും അത് എന്റെ വ്യക്തിപരമായ നിര്‍വചനമല്ല. അതുകൊണ്ട് നല്ല കാരണത്തിനാണ് എന്നെ ഫോളോ ചെയ്യുന്നത് എന്ന് ആദ്യം ചിന്തിക്കണമെന്നും രേഷ്മ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ആവശ്യപ്പെട്ടു.

പോസ്റ്റിനു താഴെ രേഷ്മയ്ക്കു പിന്തുണയുമായി നിരവധി മലയാളം ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നടിമാരായ ശ്രിന്ദ, ഐശ്വര്യ ലക്ഷ്മി, രജിഷ വിജയന്‍, അഹാന കൃഷ്ണ, ഉമ്മന്‍ ചാണ്ടിയുടെ മകളും മോഡലുമായ അച്ചു ഉമ്മന്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. നിലവില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ജര്‍മനിയിലാണ് രേഷ്മ സെബാസ്റ്റ്യന്‍ കഴിയുന്നത്.

2023 ജൂലൈയിലാണ് ലഡാക്കിന്റെ ഭാഗമായ സിയാച്ചിനില്‍ ക്യാപ്റ്റന്‍ അന്‍ഷുമാന്റെ മരണത്തിനിടയാക്കിയ തീപ്പിടിത്തം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന സൈനിക ആയുധപ്പുരയിലായിരുന്നു ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വന്‍ അഗ്നിബാധയുണ്ടായത്. തീപിടിത്തത്തില്‍ അകപ്പെട്ട സഹസൈനികരെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു മരണത്തിനു കീഴടങ്ങുകയായിരുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ് അന്‍ഷുമാനും സ്മൃതിയും തമ്മിലുള്ള വിവാഹം നടന്നത്. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. സിയാച്ചിനിലായിരുന്നു അന്‍ഷുമാന്റെ ആദ്യ പോസ്റ്റിങ്.

Summary: Malayali influencer and model Reshma Sebastian, mistaken for Captain Anshuman Singh's wife Smriti Singh, faces vicious cyber attack, moves legally

Similar Posts