ഇന്ത്യൻ സിനിമയിൽ ഏറ്റവും ക്രിട്ടിക്കലായ പ്രേക്ഷകർ മലയാളികളാണ്, അവരെ ജയിക്കുക എളുപ്പമല്ല: കല്യാണി പ്രിയദർശൻ
|മലയാളി പ്രേക്ഷകർക്ക് തന്നെ ഇഷ്ടപ്പെടുമോ എന്ന ഭയം തനിക്കുണ്ടായിരുന്നുവെന്നും കല്യാണി
ഇന്ത്യയിൽ സിനിമയെ ഏറ്റവും അധികം വിമർശനാത്മകമായി സമീപിക്കുന്നത് മലയാളികളാണെന്ന് നടി കല്യാണി പ്രിയദർശൻ. അവരെ ജയിക്കുകയെന്നത് വലിയ കാര്യമാണെന്നും നടി വ്യക്തമാക്കി. തല്ലുമാല സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് കല്യാണിയുടെ പരാമർശം.
മലയാളി പ്രേക്ഷകർക്ക് തന്നെ ഇഷ്ടപ്പെടുമോ എന്ന ഭയം തനിക്കുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ഒരു സിനിമയിൽ അവർക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാൽ അവർ നിങ്ങളെ സ്‌നേഹിക്കും, ഒരുപക്ഷെ അവർക്ക് നിങ്ങളുടെ അഭിനയം ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ അവർ നിങ്ങളെ ഇഷ്ടമാണെന്ന് പറയില്ല. തന്റെ അനുഭവംവെച്ച് മലയാളി പ്രേക്ഷകർ അങ്ങനെയാണെന്നും കല്യാണി കൂട്ടിച്ചേർത്തു.
ടൊവിനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിച്ച ചിത്രമാണ് തല്ലുമാല. ആദ്യദിനം തന്നെ തിയറ്ററുകളെ പൂരമ്പറമ്പുകളാക്കി മികച്ച പ്രതികരണമാണ് സിനിമ നേടിയത്. ഖാലിദ് റഹ്മാനാണ് സംവിധാനം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമാണം. മുഹ്‌സിൻ പരാരിയാണ് തിരക്കഥ. വിഷ്ണു വിജയ് സംഗീതം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മണവാളൻ വസിം എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. വ്ലോഗർ ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, അദ്രി ജോയ്, ബിനു പപ്പു, ചെമ്പൻ വിനോദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.