മാലിക് ഷൂട്ട് ചെയ്ത സ്ഥലത്തു കടലില്ല, അതെല്ലാം ഗ്രാഫിക്‌സ്: മഹേഷ് നാരായണൻ
|പല കാലം കാണിക്കുന്നതിനാൽ സെറ്റുകൾ മാറ്റി ചെയ്യാൻ സമയമെടുത്തു
മാലിക് സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടിരുന്ന സ്ഥലത്ത് കടലില്ലെന്ന് സംവിധായകൻ മഹേഷ് നാരായണൻ. അത് ഗ്രാഫിക്‌സ് ചെയ്തതാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി. പല കാലം കാണിക്കുന്നതിനാൽ സെറ്റുകൾ മാറ്റി ചെയ്യാൻ സമയമെടുത്തെന്നും മഹേഷ് കൂട്ടിച്ചേർത്തു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
ചെറിയ ശബ്ദങ്ങൾ പോലും കേൾക്കത്തക്ക രീതിയിലാണ് ട്രാക്കുകൾ ശരിയാക്കിയത്. സിനിമ ഒടിടിയിലാണ് റിലീസ് ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ സൗണ്ട് ഡിസൈനർ വിഷ്ണു കരഞ്ഞുപോയി. ഒടിടിയിൽ ശബ്ദത്തിന്റെ കാര്യത്തിൽ വലിയ ഒത്തുതീർപ്പുകൾ വേണ്ടി വരും- അദ്ദേഹം പറഞ്ഞു.
ഫൈവ് ജി സാങ്കേതിക വിദ്യ തിയേറ്റർ അനുഭവങ്ങളെ മാറ്റി മറിക്കുമെന്നും മഹേഷ് കൂട്ടിച്ചേർത്തു. ഫൈവ് ജിയുടെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. അടുത്തൊന്നും വരില്ലെന്നാണ് കരുതിയിരുന്നത്. ഒരു വർഷം കൊണ്ട് ഇത് എല്ലാവരുടെയും വിരൽത്തുമ്പിലെത്തും. തിയേറ്ററിലെ സ്‌ക്രീനിന് പകരം വലിയ ഡിജിറ്റൽ സ്‌ക്രീൻ ഇടംപിടിക്കും. കാഴ്ചയുടെ അനുഭവത്തിന് തന്നെ മാറ്റം വരും. ഫൈവ് ജി വരുന്നതോടെ ഏതു ഫോർമാറ്റിലും സിനിമ റിലീസ് ചെയ്യാം- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫൈവ് ജിയിൽ വമ്പൻ കമ്പനികൾക്ക് മുതലെടുക്കാനുള്ള അവസരങ്ങളുണ്ടെന്നും മഹേഷ് പറഞ്ഞു. പ്രധാന നഗരങ്ങളിലെല്ലാം തിയറ്ററുകൾ വൻകിട കമ്പനികൾ സ്വന്തമാക്കിക്കഴിഞ്ഞു. ചൈനീസ്, കൊറിയൻ കമ്പനികൾ വൻതോതിൽ 5 ജി ഡൗൺലോഡ് ഉപകരണങ്ങളുമായി വരികയാണ്. അതോടെ പ്രൊജക്റ്റർ ഇല്ലാതാകും. അവർ കൂട്ടത്തോടെ തിയറ്ററുകൾ പാട്ടത്തിനെടുക്കും. പലയിടത്തും വൻകിടക്കാരുടെ കൈകളിലേക്കു തിയറ്ററുകൾ എത്തിക്കഴിഞ്ഞു. അതു വരുന്നതോടെ നമ്മുടെ സിനിമ തിയറ്ററിൽ വേണോ ഒടിടിയിൽ വേണോ എന്ന് അവർ തീരുമാനിക്കും. അതിലൊരു അപകടമുണ്ട്. ഒരാളുടെ സിനിമ രാജ്യത്തെ ഒരു തിയറ്ററിലും കളിക്കേണ്ട എന്നു കമ്പനികൾ തീരുമാനിക്കുന്ന കാലം വിദൂരത്തല്ല- മഹേഷ് വ്യക്തമാക്കി.