'ബാലാ സർ ഉപദ്രവിച്ചിട്ടില്ല, മികച്ച അഭിനേതാവാകാൻ സഹായിച്ചു'; 'വണങ്കാനിൽ' നിന്ന് പിന്മാറിയതിനെക്കുറിച്ച് മമിത
|സിനിമയുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം സംവിധായകൻ ബാലക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, അധിക്ഷേപകരമായ ഒരു പെരുമാറ്റവും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ലെന്നും മമിത പറയുന്നു.
തമിഴ് സംവിധായകന്‍ ബാലയെക്കുറിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് നടി മമിത ബൈജു. 'വണങ്കാന്‍' എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ചിലർ തെറ്റായി വളച്ചൊടിച്ചു. തീയതി ക്ലാഷായത് കൊണ്ടാണ് സംവിധായകൻ ബാലയുടെ 'വണങ്കാന്‍' എന്ന ചിത്രത്തിൽ നിന്ന് പിൻമാറിയത്. സംവിധായകൻ ബാലയിൽ നിന്ന് അധിക്ഷേപകരമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും സെറ്റില്‍ തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് എന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. സിനിമ പ്രമോഷന്റെ ഭാഗമായി ഞാൻ നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് നിരുത്തരവാദമായ തലക്കെട്ട് നൽകിയിരിക്കുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് ബാലാ സാറുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നെ മികച്ച അഭിനേതാവാകാൻ അദ്ദേഹം ഒരുപാട് സഹായിച്ചു. സെറ്റില്‍ തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ല. കൂടാതെ അധിക്ഷേപകരമായ പെരുമാറ്റവും ഉണ്ടായിട്ടില്ല. ജോലി സംബന്ധമായ കമിറ്റ്‍മെന്റ്സ് കാരണമാണ് ആ ചിത്രത്തിൽ നിന്ന് പിന്മാറിയത്'- മമിത ബൈജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പുതിയ ചിത്രം പ്രേമലുവുമായി ബന്ധപ്പെട്ട പ്രമോഷന്‍ ചടങ്ങിനിടെയാണ് മമിത 'വണങ്കാന്‍' സിനിമയിലെ അനുഭവം പങ്കുവച്ചത്. ഈ വീഡിയോയാണ് വൈറലായത്. മമിതയുടെ വാക്കുകൾ ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് താരം തന്നെ രംഗത്തെത്തിയത്. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വണങ്കാൻ’. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്ന് സൂര്യ പിന്മാറി. പിന്നാലെ മമിതയും പിന്മാറുകയായിരുന്നു.