'ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നിന്ന് ഈ സെൽഫിയിലേക്കുള്ള ദൂരം'; മഹാരാജാസിലെ ഓർമകളെ കുറിച്ച് മമ്മൂട്ടി
|ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കണ്ണൂർ സ്ക്വാഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് മമ്മൂട്ടി മഹാരാജാസിലെത്തിയത്
നടൻ മമ്മൂട്ടി തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെകുറിച്ച് പറയുമ്പോഴെല്ലാം എറണാകുളം മഹാരാജാസിലെ പഠനകാലം ഓർമിക്കാറുണ്ട്. തന്നിലെ നടനെ വാർത്തെടുത്തത് മഹാരാജാസിന്റെ അന്തരീക്ഷമാണെന്ന് അദ്ദേഹം വീണ്ടും വീണ്ടും പറയും. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തന്റെ പഴയ കലാലയത്തിലേക്ക് എത്തിയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മുട്ടി. കോളേജിലെ ലൈബ്രറിയിൽ നിന്നും പഴയ മാഗസിനിലെ തന്റെ ചിത്രം നോക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. വീഡിയോയടപ്പം തന്റെ മഹാരാജാസ് ഓർമകളും താരം പറയുന്നുണ്ട്.
'എന്നെങ്കിലും ഒരിക്കൽ സിനിമാ ഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളേജ് ലൈബ്രറി. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്ത സ്ഥലം. ഒരു കൗതുകത്തിന് പഴയ കോളേജ് മാഗസിനുകൾ അന്വേഷിച്ചു. നിറം പിടിച്ച ഓർമകളിലേക്ക് ആ ബ്ലാക്ക ആന്റ്് വൈറ്റ് അവർ എടുത്തു തന്നു. ഒരുപക്ഷേ ആദ്യമായി എന്റെ ചിത്രം അച്ചടിച്ചുവന്നത് ഇതിലായിരിക്കും എന്റെ കോളേജ് മാഗസിനിൽ.ഒപ്പമുള്ളവർ ആവേശത്തോടെ ആ കാലത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. കാലം മാറും കലാലയത്തിന്റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തിൽ നിന്നും ഇപ്പോൾ മൊബൈലിൽ പതിഞ്ഞ ആ ചിത്രത്തിലേക്കുള്ള ദൂരം'- മമ്മൂട്ടി പറയുന്നു.
'കണ്ണൂർ സ്ക്വാഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് മമ്മൂട്ടി മഹാരാജാസിലെത്തിയത്. ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹമ്മദ് ഷാഫിയും, നടൻ റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്.