Entertainment
കലാശ പോരാട്ടം കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും; ആവേശം പകര്‍ന്ന് കുറിപ്പ്
Entertainment

കലാശ പോരാട്ടം കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും; ആവേശം പകര്‍ന്ന് കുറിപ്പ്

Web Desk
|
18 Dec 2022 9:24 AM GMT

ഖത്തറിന്‍റെ പ്രത്യേക അതിഥിയായാണ് മോഹന്‍ലാല്‍ അവസാന അങ്കം കാണാന്‍ എത്തുന്നത്

ഇന്ന് നടക്കുന്ന അര്‍ജന്‍റീന-ഫ്രാന്‍സ് കലാശ പോരാട്ടം കാണാന്‍ മലയാളത്തിന്‍റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എത്തും. മത്സരത്തിന് സാക്ഷിയാകുന്നതിന് വേണ്ടി മമ്മൂട്ടി ഖത്തറില്‍ എത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്ക് ഒപ്പമാവും മമ്മൂട്ടി ഫൈനല്‍ കാണുക. റോയല്‍ ഹയ്യ വി.ഐ.പി ബോക്സില്‍ ഇരുന്നാവും നടന്‍ മത്സരം കാണുക. ആവേശത്തിരയിളക്കുന്ന മത്സരം കാണാന്‍ മോഹന്‍ലാലും സ്റ്റേഡിയത്തിലെത്തും. ഖത്തറിന്‍റെ പ്രത്യേക അതിഥിയായാണ് മോഹന്‍ലാല്‍ അവസാന അങ്കം കാണാന്‍ എത്തുന്നത്. ഖത്തര്‍ ദേശീയ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഖത്തറിലെത്തിയത്. മൊറോക്കയില്‍ നിന്നാണ് മോഹന്‍ലാല്‍ ഫൈനല്‍ കാണാന്‍ എത്തിയത്. മത്സരം കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചുപോവും.

അതിനിടെ ഇന്നത്തെ ഫൈനല്‍ പോരാട്ടത്തിന് മാറ്റുരക്കുന്ന ഇരു ടീമുകള്‍ക്കും മമ്മൂട്ടി ആശംസകള്‍ അറിയിച്ചു. ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്‍ ആശംസകള്‍ അറിയിച്ചത്.

'ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ. ആശംസകൾ', മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഖത്തര്‍ ലോകകപ്പിന്‍റെ കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ നേരിടും. ലോക ഫുട്ബോളിലെ ഗ്ലാമര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. 1986ലാണ് അര്‍ജന്‍റീന അവസാനമായി ലോകകിരീടം ചൂടുന്നത്. 2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്.

Similar Posts