Entertainment
Mammooty
Entertainment

'വയനാടിനെ ഓർക്കുമ്പോൾ സന്തോഷിക്കാനാകുന്നില്ല':ഫിലിംഫെയർ വേദിയിൽ മമ്മൂട്ടി

Web Desk
|
4 Aug 2024 12:27 PM GMT

അവാർഡിന്റെ തിളക്കത്തിനിടയിലും വയനാട്ടിലെ തന്റെ സഹോദരങ്ങൾക്ക് വേണ്ടി സംസാരിച്ചു കൊണ്ടാണ് മമ്മൂട്ടി പുരസ്‌കാരം സ്വീകരിച്ചത്‌

ചെന്നൈ: വയനാടിന്റെ വേദന പങ്കുവച്ച് ഫിലിംഫെയർ പുരസ്കാര വേദിയിൽ മമ്മൂട്ടി. വയനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചു.

69ാം ഫിലിം ഫെയർ അവാർഡ്‌സിൽ തെന്നിന്ത്യയിൽ നിന്നുള ചിത്രങ്ങൾക്കുള്ള പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മലയാളത്തിൽ നിന്നുള്ള മികച്ച നടനായാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തത്. 2023ൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾക്കുള്ള പുരസ്‍കാരങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും വിതരണം ചെയ്തതും.

അവാർഡ് ദാന ചടങ്ങിൽ ഏറെ വികാരാധീനനായാണ് മമ്മൂട്ടി സംസാരിച്ചത്. അവാർഡിന്റെ തിളക്കത്തിനിടയിലും വയനാട്ടിലെ തൻ്റെ സഹോദരങ്ങൾക്ക് വേണ്ടി സംസാരിച്ചു കൊണ്ടാണ് അദ്ദേഹം ഈ പുരസ്‍കാരം ഏറ്റു വാങ്ങിയത്.

തൻ്റെ നാടിനൊപ്പം തൻ്റെ സഹോദരങ്ങൾക്കൊപ്പമാണ് താനെന്ന് പറഞ്ഞ മമ്മൂട്ടി, വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സഹായവും വേദിയിൽ വെച്ച് അഭ്യർത്ഥിക്കുകയും ചെയ്തു. പുരസ്കാര വേദി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓർക്കുമ്പോൾ തനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം നേടിയെടുത്തത്. 1980 കൾ മുതലുള്ള അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ കൂടിയായി ഇതോടെ മമ്മൂട്ടി മാറി.

തമിഴ് സൂപ്പർ താരം വിക്രം, നടൻ സിദ്ധാർത്ഥ് എന്നിവർക്കൊപ്പമാണ്‌ പുരസ്‍കാരം സ്വീകരിക്കുമ്പോൾ മമ്മൂട്ടി വേദി പങ്കിട്ടത്. വയനാട്ടിലെ തന്റെ സഹോദരങ്ങളെ സ്മരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

Similar Posts