Entertainment
ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയതിന് നന്ദി; കോപ്പിയടി ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റുമെന്ന് മമ്മൂട്ടി കമ്പനി
Entertainment

'ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയതിന് നന്ദി'; കോപ്പിയടി ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റുമെന്ന് മമ്മൂട്ടി കമ്പനി

Web Desk
|
18 March 2023 10:26 AM GMT

മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ റീബ്രാൻഡിങ് ചെയ്യുന്ന കാര്യം അറിയിച്ചത്

കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ പിൻവലിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയാണെന്ന് സോഷ്യൽമീഡിയിൽ ആരോപണം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം.

മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ റീബ്രാൻഡിങ് ചെയ്യുന്ന കാര്യം അറിയിച്ചത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നെന്നും ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

'ഞങ്ങളുടെ ലോഗോ റീബ്രാൻഡിങിന് വിധേയമാക്കുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ വിവരങ്ങൾക്ക് ഇവിടം സന്ദർശിക്കുക...ടീം മമ്മൂട്ടി കമ്പനി'എന്നായിരുന്നു മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ലോഗോ വികലമായ കോപ്പിയാണെന്നായിരുന്നു ആരോപണം. സിനിമാ ചർച്ചാ ഗ്രൂപ്പായ മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡാറ്റാ ബേസിലാണ് മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയടിച്ചതാണെന്ന് ആരോപിച്ചിരിക്കുന്നത്.


ഫ്രീപിക് / വെക്റ്റര്‍‌സ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിന്റെ ഉള്ളിൽ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈനർ ചെയ്തിരിക്കുന്നതെന്നും മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്‌മോൻ വാഴയിൽ എന്നയാൾ ചൂണ്ടിക്കാട്ടുന്നു. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ' എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നും ചിത്ര സഹിതം ജോസ്‌മോൻ അടിവരയിടുന്നു. ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ മറ്റനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

നമ്മടെ സ്വന്തം മമ്മൂക്കയുടെ 'മമ്മൂട്ടി കമ്പനി' എന്ന പ്രമുഖ പ്രൊഡക്ഷൻ ഹൗസിന്റെ ഐഡന്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡന്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരമെന്നും അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായി ജോസ്‌മോൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.


Similar Posts