'ഞാനധികം ഗീർവാണമൊന്നും അടിക്കുന്നില്ല'; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി
|''വലിയ ഗീർവാണമടിച്ച് നിങ്ങൾ തീയറ്ററിൽ പോയിട്ട് അതയൊന്നുമില്ല എങ്കിൽ പിന്നെ നിങ്ങൾക്കറിയാമല്ലോ..''
ക്രിസ്റ്റഫറിനെ കുറിച്ച് താനധികം ഗീർവാണമെന്നും അടിക്കുന്നില്ലെന്ന് നടൻ മമ്മൂട്ടി. വലിയ ഗീർവാണമടിച്ച് നിങ്ങൾ തീയറ്ററിൽ പോയിട്ട് അത്രയൊന്നുമില്ല എങ്കിൽ നിങ്ങൾ കയ്യൊഴിയുമെന്നും അതിനാൽ ഒരു സിനിമയെ കുറിച്ചും അവകാശവാദം ഉന്നയിക്കാറില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ക്രിസ്റ്റഫറിൻറെ റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു പ്രൊഡക്ട് നിർമിച്ച് അത് വിൽക്കാൻ വേണ്ടിയാണല്ലോ നമ്മൾ പ്രമോഷൻ ചെയ്യുന്നത്. നമ്മളെ സംബന്ധിച്ച് ഇത് വല്യ ബുദ്ധിമുട്ടായി. വല്യ ഗീർവാണമൊക്കെ അടിച്ച് നിങ്ങൾ തീയറ്ററിൽ പോയിട്ട് അത്രയൊന്നും ഇല്ലെങ്കിൽ നിങ്ങൾ കയ്യൊഴിയും. അതുകൊണ്ട് ഒരു പടത്തെ കുറിച്ച് വലിയ അവകാശവാദമൊന്നും ഉന്നയിക്കാറില്ല'- മമ്മൂട്ടി പറഞ്ഞു
ക്രിസ്റ്റഫറിൽ ഒരു പൊലീസുകാരനായിട്ടാണ് താൻ അഭിനയിക്കുന്നത്. അയാളുടെ ജോലിക്കിടയിൽ വന്നുചേരുന്ന സംഭവങ്ങളും കൂടെ അയാളുടെ ജീവിത കഥയുമാണ് ചിത്രം പറയുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. നടിമാരായ സ്‌നേഹ, രമ്യ സുരേഷ്, ട്രുത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, ആർ.ജെ സൂരജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന'ക്രിസ്റ്റഫർ' ഫെബ്രുവരി ഒമ്പതിനാണ് തിയറ്ററുകളിലെത്തുന്നത്. 'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.