Entertainment
എടാ മമ്മൂട്ടി, അങ്ങനെ ഞാൻ മഹാരാജാസിലെ സൂപ്പർ സ്റ്റാറായി; ആദ്യ സിനിമയിലെ അനുഭവങ്ങളുമായി മഹാനടൻ
Entertainment

'എടാ മമ്മൂട്ടി', അങ്ങനെ ഞാൻ മഹാരാജാസിലെ സൂപ്പർ സ്റ്റാറായി; ആദ്യ സിനിമയിലെ അനുഭവങ്ങളുമായി മഹാനടൻ

Web Desk
|
8 Aug 2021 8:02 AM GMT

"പ്രേംനസീറിനെക്കാൾ സുന്ദരനായിരുന്നു അയാൾ. എനിക്കു നിരാശയായി. ഇത്രയും സുന്ദരന്മാരുള്ളപ്പോൾ എനിക്കെങ്ങനെ അവസരം കിട്ടും?"

നടന ജീവിതത്തിന് അമ്പത് വർഷം തികയുന്ന വേളയിൽ ആദ്യ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മഹാരാജാസിൽ പഠിക്കുന്ന കാലത്ത് ഇറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ താൻ കോളജിലെ സൂപ്പർ സ്റ്റാറായെന്ന് മമ്മൂട്ടി ഓർത്തെടുത്തു. മലയാള മനോരമ ഞായറാഴ്ചയിൽ എഴുതിയ ലേഖനത്തിലാണ് മമ്മൂട്ടി അനുഭവങ്ങൾ കുറിച്ചത്.

സിനിമയുടെ സംവിധായകൻ കെ.എസ് സേതുമാധവനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മമ്മൂട്ടി എഴുതുന്നത് ഇങ്ങനെ;

'പകൽ മുഴുവൻ ഞാൻ ടൗണിലൂടെ ചുറ്റിനടന്നു. രാത്രി ടിബിയിലെത്തി. ഒൻപതര കഴിഞ്ഞാണു സംവിധായകൻ കെ.എസ്. സേതുമാധവൻ സാർ വന്നത്. ആദ്യം ഞാൻ സത്യനെക്കാണുന്നത് അവിടെ വച്ചാണ്. കൂടെ അടൂർ ഭാസിയുമുണ്ട്. അദ്ദേഹം ചില തമാശകൾ പൊട്ടിക്കുന്നു. മുറിയിൽ നിലയ്ക്കാത്ത ചിരിയുടെ അലകൾ നിറയുന്നു. ഞാനതു നോക്കി മുറിയുടെ വാതിൽക്കൽ സ്വയം മറന്നങ്ങനെ നിന്നു.

എന്നെപ്പോലെ ഒട്ടേറെ ഭാഗ്യാന്വേഷികൾ അന്നവിടെ എത്തിയിരുന്നു. അതിൽ ഞാൻ പരിചയപ്പെട്ട ഒരാളെ ഇന്നും ഓർമിക്കുന്നു. തലശ്ശേരിക്കാരൻ മുഹമ്മദലി. അയാളുടെ ഫോട്ടോ അവിടെവച്ച് എന്നെ കാണിച്ചു. 'വാഴ്വേമായ' ത്തിലെ സത്യനെപ്പോലെ താടി വളർത്തിയ ആ പടം കണ്ടപ്പോൾ മുഹമ്മദലിയോട് എനിക്ക് അസൂയ തോന്നി. പ്രേംനസീറിനെക്കാൾ സുന്ദരനായിരുന്നു അയാൾ. എനിക്കു നിരാശയായി. ഇത്രയും സുന്ദരന്മാരുള്ളപ്പോൾ എനിക്കെങ്ങനെ അവസരം കിട്ടും? മെലിഞ്ഞു പെൻസിൽപോലെയിരിക്കുകയാണു ഞാനന്ന്.'

സംവിധായകൻ സേതുമാധവൻ തന്നെ നോക്കി, ശരീരം പോരാ.. നിരാശപ്പെടാനില്ല. പ്രായം ഇത്രയല്ലേ ആയുള്ളൂ എന്ന് പറഞ്ഞതായും മമ്മൂട്ടി എഴുതുന്നു. സിനിമയിലെ രണ്ടാം ദിവസത്തെ ഷൂട്ടിങ്ങിനിടെ സംവിധായകൻ തന്നെ വിളിച്ചു. രണ്ടു ചെറിയ ഷോട്ടുകളിലായിരുന്നു അഭിനയിക്കേണ്ടത്. ഷോട്ട് റെഡിയാകാനുള്ള സമയത്തിനിടെ ചാക്കിന്റെ പുറത്ത് കിടന്നുറങ്ങുന്ന നടൻ സത്യന്റെ കാലിൽ തൊട്ടു താൻ വണങ്ങിയെന്നും മമ്മൂട്ടി വെളിപ്പെടുത്തി. ആദ്യ ഷോട്ടിനെ കുറിച്ച് നടൻ എഴുതുന്നത് ഇങ്ങനെ;

'കണ്ണ് ഇറുക്കെപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണു ഞാനോടി വന്നത്. കാരണം റിഫ്‌ലക്ടറിന്റെ ചൂടും പ്രകാശവും മൂലം എനിക്കു കണ്ണ് തുറക്കാനാകുന്നില്ല. '' അയ്യേ നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്. ശരിക്കും ഓടി വരൂ.. സംവിധായകൻ നിർദേശിച്ചു. രണ്ടു റിഹേഴ്‌സലായി. എന്റെ പ്രകടനം ശരിയാകുന്നില്ല. ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ടു മാറി നിൽക്കൂ. മറ്റാരെയെങ്കിലും നോക്കാം'' സേതുമാധവൻ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ തളർന്നുപോയി.

പൊട്ടിക്കരഞ്ഞുപോകുമെന്ന നിലയിലാണ് എന്റെ നിൽപ്. അതിനിടെ സഹസംവിധായകൻ എനിക്കു പകരം മറ്റാരെയോ അന്വേഷിക്കുന്നു.''സാർ ഒരു പ്രാവശ്യം കൂടി ഞാൻ ശ്രമിക്കാം '' എന്റെ സങ്കടം കലർന്ന ശബ്ദവും മുഖഭാവവും കണ്ടതുകൊണ്ടാകണം സേതുസാർ ഒരു റിഹേഴ്‌സൽ കൂടി നടത്തി. വളരെ പ്രയാസപ്പെട്ട് ഞാൻ കണ്ണു തുറന്നു പിടിച്ചു. വായടച്ചു. അങ്ങനെ ഒരു വിധത്തിൽ ആ ഷോട്ടെടുത്തു. സെറ്റിൽപ്പോലും ആരോടും മിണ്ടാതെ അവിടെനിന്നു മുങ്ങി. ഒരു ജേതാവിന്റെ മട്ടിലായിരുന്നു ഞാൻ നാട്ടിൽ ബസിറങ്ങിയത്.'

സിനിമ റിലീസാകുന്ന സമയത്താണ് കോളജ് തുറന്നത്. ഷേണായീസിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. ഉഗ്രൻ സിനിമയാണ് അതെന്ന് താൻ പെൺകുട്ടികൾക്കിടയിൽ പറഞ്ഞു നടന്നിരുന്നുവെന്ന് മമ്മൂട്ടി എഴുതുന്നു.

'അങ്ങനെ കാത്തിരുന്ന സുദിനം വന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' റിലീസായി. ആദ്യ മോണിങ് ഷോയ്ക്കു തന്നെ ഞങ്ങൾ കയറി. എനിക്കാകെ ടെൻഷനായി. ഞാനഭിനയിച്ച ഭാഗം ഇല്ലാതെ വരുമോ? അങ്ങനെ സംഭവിച്ചാലോ ? ആകെ നാണക്കേടാകും. കൂട്ടുകാരോട് ഈ വിവരം പറഞ്ഞത് അബദ്ധമായെന്ന് എനിക്കപ്പോൾ തോന്നി.

അടക്കാനാകാത്ത ഉത്കണ്ഠയോടെ അങ്ങനെയിരിക്കുമ്പോഴാണു സ്‌ക്രീനിൽ എന്റെ മുഖം. ദൂരെനിന്ന് ഓടിവരികയാണ് ഞാൻ. കാലൊക്കെ നീണ്ട് കൊക്കുപോലെയുള്ള ആ രൂപം കണ്ടപ്പോൾ വല്ലാത്ത നിരാശ തോന്നി. തിയറ്ററിലാകെ കൂട്ടുകാരുടെ ആർപ്പുവിളി '' എടാ മമ്മൂട്ടി ' എന്നവർ വിളിച്ചു കൂവുന്നു. കണ്ണടച്ചു തുറക്കുന്നതിനു മുൻപ് ആ സീൻ മാഞ്ഞുപോയില്ല. ഒരു മിനിറ്റ് സ്‌ക്രീനിൽ കാണാം. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവരും എന്നെ പൊതിഞ്ഞു. എങ്ങനെ ഇതു സാധിച്ചുവെന്നാണ് അവർക്കറിയേണ്ടത്. അങ്ങനെ ഞാൻ മഹാരാജാസിലെ സൂപ്പർസ്റ്റാറായി.' - മമ്മൂട്ടി എഴുതി.

Related Tags :
Similar Posts