മൂന്നാംവാരവും പ്രേക്ഷകരെ തിയേറ്ററിലെത്തിച്ച് റോഷാക്ക്
|കേരളത്തിൽ 87 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്
മൂന്നാം വാരവും വിജയയാത്ര തുടർന്ന് റോഷാക്ക്. റിലീസ് ചെയ്യപ്പെട്ട തിയേറ്ററുകളില്‍ എല്ലാം മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം.
വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി സിനിമാപ്രേമികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച ചിത്രമാണ് റോഷാക്ക്. ഒക്ടോബർ ഏഴിന് പ്രദർശനത്തിനെത്തിയ റോഷാക്ക് മൂന്നാം ആഴ്ചയിലും വാർത്തകളിൽ നിറയുകയാണ്. ലൂക്ക് ആന്റണിയെ കാണാൻ ഇപ്പോഴും തിയേറ്ററുകളിൽ സിനിമാപ്രേമികളുടെ തിരക്കാണ്. കേരളത്തിലെ മൂന്നാം വാര തിയേറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേരളത്തിൽ 87 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
ഇപ്പോഴിതാ മൂന്നാം വാരത്തിലെ ജിസിസി തിയേറ്റര്‍ ലിസ്റ്റും എത്തിയിരിക്കുകയാണ്. സൌദി അറേബ്യ ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലേതിന് ഒപ്പവും സൗദിയില്‍ ഒക്ടോബര്‍ 13നും ആയിരുന്നു ചിത്രത്തിന്റെ റിലീസ്. യുഎഇ, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, ഒമാന്‍, സൌദി അറേബ്യ എന്നിവിടങ്ങളിലായി 151 സ്ക്രീനുകളിലായിരുന്നു റിലീസ്. ജിസിസിയില്‍ 58 തിയേറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. യുഎഇയില്‍ മാത്രം 30 സ്ക്രീനുകളിലും.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ലൂക്ക് ആന്റണിയെന്ന നായകന്. ആ വ്യത്യസ്തത തന്നെയാണ് റോഷാക്കിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നതും.