വിജയം ആവർത്തിക്കാൻ മമ്മൂട്ടി? 'ഭ്രമയുഗം' പുത്തൻ അപ്ഡേറ്റ്
|മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ഭ്രമയുഗത്തിന്റെ റിലീസ്.
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭ്രമയുഗം'. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതുമുതൽ ഈ കാത്തിരിപ്പിന് ആക്കം കൂടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഭ്രമയുഗത്തിന്റെ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയതായാണ് പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിക്കുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായായിരുന്നു ഷൂട്ടിങ്. 2024ഓടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
'ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഭ്രമയുഗം അഞ്ച് ഭാഷകളിലായി വമ്പൻ പ്രൊജക്ടായാണ് ഒരുങ്ങുന്നത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ഭ്രമയുഗത്തിന്റെ റിലീസ്.