ഇടതുപക്ഷ സ്ഥാനാർഥിയാകാൻ പറഞ്ഞത് മമ്മൂട്ടി; വാർഡ് കൗൺസിലർ മുതൽ എം.പി വരെ നിറഞ്ഞ വിജയരാഷ്ട്രീയം
|അന്ന് ആർഎസ്പിയിൽ ആയിരുന്ന അദ്ദേഹത്തിന് മത്സരിക്കാൻ പാർട്ടി അവസരം നൽകിയില്ല. അതോടെ സ്വാതന്ത്രനായി.
ചാലക്കുടി എം.പി ആകുന്നതിന് മുമ്പും തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ആളാണ് ഇന്നസെന്റ്. ഇരിങ്ങാലക്കുട നഗരസഭയിലേക്ക് സ്വാതന്ത്രനായി മത്സരിച്ച് ജയിച്ചു. എം.പി എന്ന നിലയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഒരുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു അദ്ദേഹം.
ആൾക്കൂട്ടത്തിൽ എപ്പോഴും ശ്രദ്ധിക്കപ്പെടണം എന്ന നിലയിലായിരുന്നു ഇന്നസെന്റിന്റെ ആദ്യ തെരഞ്ഞെടുപ്പ് മത്സരം. ഇരിങ്ങാലക്കുട നഗരസഭയിലെ 12ാം വാർഡിൽ സ്വാതന്ത്രനായി മത്സരിച്ച് ജയിച്ചു. അന്ന് ആർഎസ്പിയിൽ ആയിരുന്ന അദ്ദേഹത്തിന് മത്സരിക്കാൻ പാർട്ടി അവസരം നൽകിയില്ല. അതോടെ സ്വാതന്ത്രനായി. പിന്നീട് കേരള കോൺഗ്രസും ഇടത് പക്ഷവുമൊക്കെ നിയമസഭയിലേക്ക് മത്സരിക്കാൻ ക്ഷണിച്ചെങ്കിലും പിടി കൊടുത്തില്ല.
ഒടുവിൽ ലോക്സഭയിലേക്ക് മത്സരിക്കാൻ വിളിയെത്തി. മമ്മൂട്ടിയാണ് ഇടതുപക്ഷ സ്ഥാനാർഥിയാകണമെന്ന കാര്യം അറിയിച്ചത്. അന്നും ക്യാൻസറിന്റെ പിടിയിൽ നിന്നും മോചിതനായി എത്തി ശക്തമായ മത്സരം കാഴ്ച വെച്ചു. സ്വതസിദ്ധമായ നർമം ചാലിച്ച് അദ്ദേഹം വോട്ട് ചോദിച്ചു.
അങ്ങനെ 2014ൽ ചാലക്കുടിയുടെ എം.പി ആയി. എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നയാളാണ് ഇന്നസെന്റ്. അതിന് കാരണക്കാരൻ അപ്പൻ തെക്കേത്തല വറീതാണ്. അദ്ദേഹം കേരളം പിറക്കും മുൻപേ ഇടത് പക്ഷമായിരുന്നു. ആ നിലപാടിൽ മകനും ഉറച്ചു നിന്നു. 1957ലെ കമ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നപ്പോൾ ഇരിങ്ങാലക്കുടയിലെ ആഘോഷം പോലും ഇന്നസെന്റ് ഓർക്കുന്നുണ്ട്.
സിനിമയിലും ജീവിതത്തിലും നർമക്കാരനായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ വില്ലൻ ക്യാൻസർ ആയിരുന്നു. അത് ഇടക്കിടയ്ക്ക് വന്നു ഭയപ്പെടുത്തി. എം.പി ആയിരുന്ന കാലത്തും കാൻസർ വിടാതെ കൂടെ നടന്നു. പക്ഷെ ഇന്നസെന്റ് ആക്കാലവും ധീരമായി നേരിട്ടു. പാർലമെന്റ് സമ്മേളനങ്ങളിൽ കൃത്യമായി പങ്കെടുത്തു. എം.പി ഫണ്ടിൽ നിന്നും അഞ്ചിടത്ത് കാൻസർ സെന്ററുകൾ തുടങ്ങി. നിശ്ചയ ദാർഢ്യത്തോടെ ക്യാൻസറിനെ നേരിട്ട ചുരുക്കം ചിലരിൽ ഒരാളായിട്ടാവും ഇന്നസെന്റ് ഓർമിക്കപ്പെടുക.