'പണം മുടക്കിയുള്ള ഒരു ആദരവും വേണ്ട'; സര്‍ക്കാരിന്‍റെ ആദരവിനെ കുറിച്ച് മമ്മൂട്ടി
|മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ഒരു ലളിത ചടങ്ങ് മതിയെന്നും ഇത് സന്തോഷത്തിന്‍റെ മുഹൂർത്തമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു
സിനിമയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ നടൻ മമ്മൂട്ടിയെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ആദരവിനെ കുറിച്ച് മമ്മൂട്ടി തന്നെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് മമ്മൂട്ടിയെ വിളിച്ചതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ആദരിക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്.
പണം മുടക്കി ഒരു ആദരവും വേണ്ടായെന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ഒരു ലളിത ചടങ്ങ് മതിയെന്നും ഇത് സന്തോഷത്തിന്‍റെ മുഹൂർത്തമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍റെ വാക്കുകള്‍:
മമ്മൂട്ടിയെ ആദരിക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി ഇന്ന് വിളിച്ച് സംസാരിച്ചു. അദ്ദേഹം ഒരു കാര്യം മാത്രമാണ് പറഞ്ഞത് സാമ്പത്തികം മുടക്കിയ ഒരു ആദരവും എനിക്ക് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. ഞാൻ പറഞ്ഞു താങ്കളുടെ ആഗ്രഹം അങ്ങനെ ആണെങ്കിൽ അങ്ങയുടെ സമയം നൽകണം എന്ന്. അദ്ദേഹം ചെറിയ ചടങ്ങ് മതിയെന്ന് വീണ്ടും പറഞ്ഞു. ചെറിയ ചടങ്ങ് ആണെങ്കിലും വലിയ ചടങ്ങ് ആണെങ്കിലും പണം വേണമെന്ന് പറഞ്ഞാലും വേണ്ട എന്ന് പറഞ്ഞാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്‍റെ മുഹൂർത്തമാണ്. കേരളത്തിന്‍റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവന അത് വളരെ പ്രോഗസിവ് ആണ്.
വലിയ ആശയങ്ങൾ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശരിക്കും കഥാപാത്രങ്ങളുടെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തന്നെ ഉദ്ദാഹരണമായി എടുക്കാം. എന്‍റെ മനസ്സിലേക്ക് അദ്ദേഹത്തിന്‍റെ പേര് കടന്നു വരുവാൻ ഉണ്ടായ ഒരു കാരണം അതാണ്. കെയർ ആൻഡ് ഷെയർ പ്രൊജക്റ്റ്, വിദ്യാമൃതം പദ്ധതി. തനിക്ക് കിട്ടുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു വ്യക്തിയാണ്.