മലയാള സിനിമയിലെ മാറ്റങ്ങള്‍ക്കവകാശി പ്രേക്ഷകര്‍-മമ്മൂട്ടി
|ഉള്ളടക്കത്തിലും നിർമാണത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ സിനിമക്ക് മുതൽക്കൂട്ടാണെന്നും മമ്മൂട്ടി പറഞ്ഞു
ദുബൈ: മലയാള സിനിമയിലുണ്ടായ മാറ്റങ്ങളുടെ അവകാശികള്‍ പ്രേക്ഷകരാണെന്ന് നടന്‍ മമ്മൂട്ടി. ഉള്ളടക്കത്തിലും നിർമാണത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ സിനിമക്ക് മുതൽക്കൂട്ടാണെന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ വിജയാഘോഷത്തിനായി ദുബൈയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
"റോഷാക്കിന്‍റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആസിഫ് അലിയോട് മനസ് നിറഞ്ഞ സ്നേഹമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളെക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം''-മമ്മൂട്ടി പറഞ്ഞു.
ചിത്രത്തില്‍ മറ്റൊരു വേഷം ചെയ്ത നടന്‍ ഷറഫുദ്ദീനെയും മമ്മൂട്ടി പ്രശംസിച്ചു. അത്ഭുതങ്ങള്‍ സൃഷ്ടിക്കാൻ കഴിവുള്ള ആളാണ് ഷറഫുദ്ദീനെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയുണ്ടാകുന്നതിനു മുൻപേ മനുഷ്യരും കുറ്റകൃത്യങ്ങളും ഉണ്ടെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റി നേടിയിരുന്നു.
ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടിയാണെന്ന് ചിത്രം നേടിയത്. ജഗദീഷ്,ഷറഫുദ്ദീന്‍, കോട്ടയം നസീര്‍,ഗ്രേസ് ആന്‍റണി,ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്ളിന്‍റെതാണ് തിരക്കഥ. പ്രോജക്ട് ഡിസൈനർ : ബാദുഷ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ് , ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ കുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്. ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, പി.ആർ.ഒ : പ്രതീഷ് ശേഖർ.