'ഇന്റര്‍വെല്‍ ബാബു എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് മമ്മൂട്ടി'; ഇടവേള ബാബു
|'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി ബന്ധപ്പെട്ട പ്രതികരണത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ഇടവേള ബാബു പേര് വന്നതിന് പിന്നിലെ സംഭവങ്ങള്‍ തുറന്നു പറഞ്ഞത്
നടന് ഇടവേള ബാബുവിനെ ട്രോളുന്നതിന് വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ ഉപയോഗിക്കുന്ന പേരാണ് 'ഇന്റര്‍വെല്‍ ബാബു' എന്നത്. എന്നാല്‍ ഈ പേര് ആദ്യം സ്നേഹത്തോടെ വിളിച്ച താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു ഇപ്പോള്‍. സ്നേഹത്തോടെ പണ്ടുമുതലേ 'ഇന്റര്‍വെല്‍ ബാബു' എന്ന് വിളിക്കുന്നത് മമ്മൂക്കയാണെന്നും അത് ആസ്വദിക്കുന്നതായും ഇടവേള ബാബു പറഞ്ഞു.
1982ല്‍ പത്മരാജന് തിരക്കഥ എഴുതി മോഹന്‍ സംവിധാനം ചെയ്ത 'ഇടവേള' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് നടന് ബാബു ചന്ദ്രന്, ഇടവേള എന്ന പേര് ലഭിക്കുന്നത്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി ബന്ധപ്പെട്ട പ്രതികരണത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ഇടവേള ബാബു പേര് വന്നതിന് പിന്നിലെ സംഭവങ്ങള്‍ തുറന്നു പറഞ്ഞത്.
'നിര്‍മാതാവ് ടി.ഇ വാസുദേവന്‍ ഒരു കല്യാണത്തിന് കണ്ടപ്പോള്‍ ഇടവേള ബാബുവെന്ന് വിളിച്ചു. ഈ സിനിമ അഭിനയിച്ചവരില്‍ നിന്നെ മാത്രമല്ലേ എല്ലാവരും അങ്ങനെ വിളിച്ചുള്ളൂ. അപ്പോള്‍ ഈ പേര് നിനക്കിരിക്കട്ടെ എന്നാണദ്ദേഹം പറഞ്ഞത്'; ഇടവേള ബാബു പറഞ്ഞു. അഭിനയത്തില്‍ എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യത്തിലൊക്കെ കൃത്യമായ ധാരണയുണ്ടെന്നും 30 വര്‍ഷം കൊണ്ട് 250 സിനിമകളില്‍ അഭിനയിച്ചതായും ഒരു ടെന്‍ഷനുമില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.