Entertainment
Mammoottys video went viral
Entertainment

'ഊരെടാ കൂളിംഗ് ഗ്ലാസ്... ഇനി വെക്കടാ'; വൈറലായി മമ്മൂട്ടിയുടെ വീഡിയോ

Web Desk
|
29 Feb 2024 10:33 AM GMT

കണ്ണൂർ സ്‌ക്വാഡ് -കാതൽ ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങിൽ നടന്ന സംഭവം ഇപ്പോൾ റീലായി പ്രചരിക്കുകയാണ്

മൂന്നു കൊല്ലം തുടർച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൊയ്തിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ് എന്നിവക്ക് ശേഷം ഭ്രമയുഗമാണ് ഇപ്പോൾ തിയറ്ററുകളിൽ വൻ ജനപ്രീതി നേടി മുന്നേറുന്നത്. ഇതിനിടെ, കണ്ണൂർ സ്‌ക്വാഡ് -കാതൽ ചിത്രങ്ങളുടെ വിജയാഘോഷം നടന്നിരുന്നു. അതിനിടെ, നടന്ന ഒരു സംഭവം ഇപ്പോൾ റീലായി പ്രചരിക്കുകയാണ്. ചടങ്ങിനിടെ ഒരാൾ കൂളിംഗ് ഗ്ലാസ് അണിഞ്ഞെത്തുന്നതും മമ്മൂട്ടി ഊരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്‌റ്റേജിലെത്തിയ യുവാവിനോട് ഉപഹാരം നൽകുന്നത് നിർത്തി 'ഊരടാ'യെന്ന് മമ്മൂട്ടി പറയുന്നതും അപ്പോൾ യുവാവ് ഗ്ലാസ് ഊരി ഉപഹാരം സ്വീകരിക്കുന്നതും കാണാം. ഇടിക്കുമെന്ന് മമ്മൂട്ടി ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ യുവാവിന് തന്നെ അടുത്ത ഉപഹാരം നൽകുന്നതിന് മുമ്പ് മമ്മൂട്ടി ഗ്ലാസ് ഇടെടായെന്ന് പറയുന്നതും യുവാവ് ഗ്ലാസിട്ട് അത് വാങ്ങി ചിരിയോടെ പോകുന്നതുമാണ് വീഡിയോയിലുള്ളത്.

2022ൽ നടന്റെ ഭീഷ്മപർവും 2023ൽ കണ്ണൂർ സ്വകാഡും 50 കോടി കലക്ഷൻ നേടിയിരുന്നു. ഇപ്പോൾ ഭ്രമയുഗവും 50 കോടി ക്ലബിൽ ഇടംനേടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു മലയാളി നടനും നേടാത്ത വമ്പൻ കലക്ഷൻ റെക്കോഡാണ് മമ്മൂട്ടിക്ക് സമ്മാനിച്ചിരിക്കുന്നത്. മൂന്നു കൊല്ലം തുടർച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി നടന്നെന്ന റെക്കോഡാണത്.

27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് നിർമാതാവ് ചക്രവർത്തി രാമചന്ദ്ര അറിയിച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായതുകൊണ്ട് ഭ്രമയുഗത്തിന് വലിയ ബജറ്റൊന്നും വരില്ലെന്നായിരുന്നു സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. അഭിനേതാക്കൾക്ക് വില കൂടിയ കോസ്റ്റ്യൂമുകൾ പോലും ആവശ്യമില്ലെന്നും 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമല്ലേയുള്ളുവെന്നായിരുന്നു പരിഹാസം. ഇതിനെല്ലാം മറുപടിയുമായാണ് ചക്രവർത്തി രാമചന്ദ്ര രംഗത്തെത്തിയിരുന്നത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററുകളിലെത്തിയത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സുപ്രധാന വേഷത്തിലെത്തി. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിർമിച്ച മലയാള ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റെ പശ്ചാത്തലം പതിനേഴാം നൂറ്റാണ്ടിൽ മലബാറിൽ നടക്കുന്ന കഥയാണ്. ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ ഡയലോഗുകൾ ഒരുക്കിയത്. ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്.

സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ആദ്യത്തെ പേര് കുഞ്ചമൺ പോറ്റി എന്നായിരുന്നു. എന്നാൽ ഈ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുഞ്ചമൺ ഇല്ലത്തെ പി.എം ഗോപി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പേര് മാറ്റിയത്.

തീം ഉൾപ്പടെ ആറ് ട്രാക്കുകളാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിലുള്ളത്. പാണൻ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകൾ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകൾ. ദിൻ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് രചയിതാക്കൾ. ക്രിസ്റ്റോ സേവ്യർ, അഥീന, സായന്ത് എസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.

ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് ഒമ്പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തിയിരുന്നു. ദുൽഖറിന്റെ നേതൃത്വത്തിലുള്ള വെഫേറർ ഫിലിംസ് ആണ് 2023ൽ കണ്ണൂർ സ്‌ക്വാഡ് തിയറ്ററിൽ എത്തിച്ചിരുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറഞ്ഞത്. 2022 ലെ ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന മലയാള ചിത്രമായി ഭീഷ്മ പർവ്വം മാറിയിരുന്നു. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്തത്.

Similar Posts