'ഭീഷ്മ' മുതൽ 'മയക്കം' വരെ; മമ്മൂട്ടി കൊണ്ടുപോയ 2022
|പുതുവർഷത്തിലും വലിയ പ്രതീക്ഷയുള്ള പ്രൊജക്ടുകൾ താരത്തിന്റേതായി ഷൂട്ടിങ് കഴിഞ്ഞതും തുടങ്ങാനിരിക്കുന്നവയുമുണ്ട്
1971 ഓഗസ്റ്റ് 6നാണ് കെ.എസ്.സേതുമാധവന്റെ സംവിധാനത്തിൽ 'അനുഭവങ്ങൾ പാളിച്ചകൾ', എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സത്യനും ഷീലയും മുഖ്യ വേഷത്തിൽ എത്തിയ ചിത്രത്തിൽ ഒരു പുതുമുഖം അഭിനയിക്കുന്നു. അയാളുടെ പേര് മുഹമ്മദ്കുട്ടി എന്നായിരുന്നു. അയാൾക്ക് ആ ചിത്രത്തിൽ പേരോ, സംഭാഷണമോ ഇല്ല, ടൈറ്റിൽ കാർഡിലും പേരില്ല. 2022 ഒക്ടോബർ ഏഴ്, റോഷാക്ക് റിലീസ് ചെയ്യുന്നു. തിയറ്ററിലേക്ക് ആളുകൾ ഇടിച്ചുകയറുന്നു. സ്‌ക്രീനിൽ പേര് തെളിയുന്നു. 'മമ്മൂട്ടി'. മഹാനടൻ മലയാളികളുടെ ഹൃദയത്തിൽ കുടിയേറിപ്പാർത്തിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു.
2022- മമ്മൂട്ടി 2.0
2022 അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ടോപ് വണിനൊപ്പം മമ്മൂട്ടിയുടേതായി മൂന്ന് ചിത്രങ്ങളുണ്ട്. തന്റെ 72ാം വയസിലും എത്രപേർ വന്നുപോയിട്ടും ആ സിംഹാസനം വിട്ടുകൊടുക്കില്ലെന്ന വാശിയാണ് അദ്ദേഹത്തിന്. 2022 ആണ് മമ്മൂട്ടിയുടെ ഏറ്റവും മികച്ച വർഷമെന്നല്ല പറഞ്ഞുവരുന്നത്. 2022 ഉം അയാളുടേതായിരുന്നു. അഭിനയത്തോടുള്ള ദാഹം തീരുന്നില്ലെന്ന മമ്മൂട്ടിയുടെ വാക്കുകളാണ് ആവർത്തിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ബെസ്റ്റ് ടൈം ഇനിയാണ് വരാൻ പോകുന്നതെന്ന പൃഥ്വിരാജിന്റെ വാക്കുകൾ ശരിയാവുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല.
ഭീഷ്മ പർവ്വത്തിലൂടെ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകിയ മമ്മൂട്ടി പുഴുവിലെ നെഗറ്റീവ് ഷേഡ് ക്യാരക്റ്ററിൽ തന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി. അതേസമയം തന്നെ 30 വർഷം മുൻപ് ചെയ്ത ഐക്കോണിക് കഥാപാത്രമായ സേതുരാമയ്യരെ, 'സി.ബി.ഐയെ ദി ബ്രെയ്‌നി'ലൂടെ റിക്രിയേറ്റ് ചെയ്തു. ഇതെല്ലാം അഭിനയത്തിനും താരപ്പകിട്ടിനുമായിരുന്നു പ്രാധാന്യം നൽകിയിരുന്നതെങ്കിൽ നിർമാതാവ് എന്ന നിലയിലുള്ള മമ്മൂട്ടിയെയാണ് പിന്നീട് കണ്ടത്. സ്വന്തം നിർമാണ കമ്പനിക്ക് കീഴിൽ പരീക്ഷണ ചിത്രങ്ങളും ചെയ്യുമെന്ന് 'റോഷാക്കി'ലൂടെയും 'നൻപകൽ നേരത്തി'ലൂടെയും മമ്മൂട്ടി തെളിയിച്ചു. രണ്ട് ചിത്രങ്ങളും പുതുമ കൊണ്ടും ഞെട്ടിച്ചു. ബോക്‌സ് ഓഫീസും മനസ്സും നിറച്ചു.
എല്ലായ്‌പ്പോഴും തന്നിലെ നടനെ അപ്‌ഗ്രേഡ് ചെയ്യുന്നയാളാണ് മമ്മൂട്ടി. കൊവിഡിലെ അടച്ചിരുപ്പ് ഒരുപക്ഷേ മറ്റേത് താരത്തെക്കാളും അദ്ദേഹത്തിന്റെ ഉളളിലെ നടനെ ഉണർത്തി എന്നുവേണം കരുതാൻ. താരശരീരത്തിന്റെ ഭാരങ്ങളൊന്നും ഏശാതെ കഥാപാത്രങ്ങളോടുളള അഭിനിവേശം ഈ വർഷത്തെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകളിൽ കാണാൻ കഴിയും. ഭീഷ്മപർവ്വം, സിബിഐ, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം ഈ അഞ്ച് ചിത്രങ്ങളും നോക്കൂ, മേക്കിങ്ങിന്, കഥയ്ക്ക്, കഥ പറച്ചിൽ രീതിക്ക് പ്രാധാന്യം നൽകുന്ന സിനിമകളിലെ നായകനാകാൻ അദ്ദേഹം ധൃതി കൂട്ടുന്നതായി കാണാം.
ഭീഷ്മ പർവ്വം
കോവിഡ് അതിന്റെ താണ്ഡവം അവസാനിപ്പിച്ച് കളം വിട്ട് പോവാൻ റെഡിയായ വർഷമായിരുന്നു 2022. തിയറ്ററുകൾ പകുതി പേരെ വെച്ച് മാത്രം ഓടിക്കൊണ്ടിരുന്നു. അവിടെ മാർച്ച് മൂന്നിന് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം റിലീസാവുന്നത്. തിയറ്ററുകൾ വീണ്ടും സിനിമാസ്വാദകാരാൽ നിറയുന്നു. പ്രേക്ഷകർ ആഗ്രഹിച്ചത് കിട്ടിയെന്ന ആത്മവിശ്വാസമാണ് ഭീഷ്മയ്ക്ക് വലിയ തള്ളിക്കയറ്റമുണ്ടാക്കിയത്. മലയാളത്തിന്റെ സ്‌റ്റൈലിഷ് സംവിധായകൻ തന്റെ ബിലാലിനെ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവർക്ക് മുന്നിലാണ് ഭീഷ്മപർവ്വം അവതരിപ്പിച്ചത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും ഇരു കയ്യും നീട്ടി അവർ സിനിമ സ്വീകരിച്ചു. മൈക്കിളായി മമ്മൂട്ടി നിറഞ്ഞു നിന്നു. 2022 ലെ ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന മലയാള ചിത്രമായി ഭീഷ്മ പർവ്വം മാറി.
സിബിഐ 5
1988ൽ ഒരു കേസുമായി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യർ എത്തിയപ്പോൾ മലയാളി സിനിമാ പ്രേക്ഷകർക്ക് അങ്ങനെ വലിയ പ്രതീക്ഷയില്ലായിരുന്നു. പിന്നീട് നാല് കേസുകൾ അന്വേഷിക്കാൻ അയാൾ വീണ്ടും വരുമെന്ന് കെ. മധുവോ എസ്.എൻ സ്വാമിയോ മനസ്സിൽ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷേ റെക്കോർഡുകൾ ഭേദിച്ച് 'സിബിഐ ഡയറിക്കുറിപ്പ്' ചരിത്രമെഴുതി. അവസാന കേസ് തെളിയിച്ച് 2005ൽ ട്രെയിൻ കയറിയ അയ്യർ വീണ്ടുമെത്തി. പക്ഷേ കാലത്തിനനുസരിച്ച് എസ് എൻ സ്വാമിയും കെ. മധുവും മാറാത്തത് കൊണ്ടാണോ എന്നറിയില്ല 'സിബിഐ5' നിരശയാണ് സമ്മാനിച്ചത്. എന്നാലും നിർമാതാവിനെ സേഫ് ആക്കി ചിത്രം കടന്നുപോയി. മമ്മൂട്ടി വീണ്ടും സേതുരാമയ്യരായി പകർന്നാടി കാലത്തെ തോൽപ്പിച്ചു.
പുഴു
മാസ് എന്റർടെയിൻമെന്റ് സിനിമകളിലെ നായകനായി ഫാൻസിനെ തൃപ്തിപ്പെടുത്തുമ്പോഴും കലാമൂല്യമുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങളിലെ നായകനാകാൻ മമ്മൂട്ടി കാണിക്കുന്ന ധൃതിയുടെ പേരായിരുന്നു റത്തീനയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'പുഴു. മമ്മൂട്ടിയുടെ ആദ്യ ഒടിടി റിലീസായി മെയ് മാസം എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി. ജാതി മുഖ്യ പ്രമേയമയി എത്തിയ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. നായകന്റെ മുഖത്തെ ചലനങ്ങൾ വരെ പ്രശംസിക്കപ്പെട്ടു. 2022ലെ മമ്മൂട്ടിയുടെ പ്രകടനത്തിൽ ഏറ്റവും മികച്ചത് 'പുഴു'വിലെ കുട്ടനാണ്.
റോഷാക്ക്
മലയാളത്തിലെ യുവ താരങ്ങളെ വരെ ഞെട്ടിച്ചുകൊണ്ട് മമ്മൂട്ടി ലൂക്കായി തിളങ്ങിയ വർഷമായിരുന്നു 2022. തന്റെ രണ്ടാം സിനിമയ്ക്കായി നിസാം ബഷീർ മമ്മൂട്ടിയെ സമീപിച്ചപ്പോൾ കഥയിലെ പുതുമ കൊണ്ട് അത് നിർമിക്കാനും മമ്മൂട്ടിക്കുള്ളിലെ സിനിമാക്കാരൻ ചാടി വീണു. വെല്ലുവിളികളുള്ള പുതിയതൊന്നിന് വേണ്ടി കാത്തിരിക്കുന്ന അയാൾ അതിനെ ചാടിപ്പിടിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. ലൂക്കിന്റെ മാനസിക വ്യാപാരങ്ങളിലൂടെ കഥ പറഞ്ഞ റോഷാക്ക് 2022 ലെ മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റായി മാറി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും കയ്യടി കിട്ടി.
നൻപകൽ നേരത്ത് മയക്കം
27-ാമത് ഐഎഫ്എഫ്കെ വേദി. ഒരു സിനിമ കാണാൻ ആളുകൾ വല്ലാതെ തിരക്ക് കൂട്ടുന്നു. വാഗ്വാദങ്ങളിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുന്നു. മിനുറ്റുകൾ കൊണ്ടു ബുക്കിങ് പൂർത്തിയാവുന്നു. പൊരി വെയിലത്തും വളഞ്ഞ് പുളഞ്ഞ് ക്യൂവിൽ, ജനങ്ങൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്നു. 'നൻപകൽ നേരത്ത് മയക്കം' എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ നായകൻ മമ്മൂട്ടിയായിരുന്നു സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരിയും. സിനിമകളിലെ കഥാപാത്രങ്ങളായി പരകായപ്രവേശം നേടുന്ന മമ്മൂട്ടിയെ നാം പലതവണ കണ്ടിട്ടുണ്ട്. പക്ഷേ സിനിമക്കുള്ളിൽ ഒരാളിൽ നിന്ന് അടുത്തയാളിലേക്കുള്ള മഹാടന്റെ മാറ്റം കണ്ണുമിഴിച്ചിരുന്നു 'നൻപകൽ നേരത്ത് മയക്കത്തിലൂടെ കണ്ടു. ജെയിംസിൽ നിന്ന് സുന്ദരമായി മാറുന്ന മാറ്റം കേവലം വസ്ത്രങ്ങളിലോ മേക്കപ്പിലോ മാത്രമായിരുന്നില്ല. അവിടെ മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ ചാരുത വ്യക്തമായിരുന്നു. പല കാലങ്ങളിൽ മമ്മൂട്ടിയിൽ നിന്ന് ആവർത്തിക്കുന്ന ഒരു ശൈലിയും ശരീര ഭാഷയിൽ അദ്ദേഹം നൻപകലിൽ ആവർത്തിക്കുന്നില്ല. ചിത്രം വിസ്മയിപ്പിച്ചാണ് ഐഎഫ്എഫ്‌കെ നിറച്ച് കടന്നുപോയത്. ഇനി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
യൂത്തൻസ്, പ്ലീസ്.... സ്റ്റെപ് ബാക്ക് !
യുവ താരങ്ങൾ മത്സരിക്കാനുണ്ടായിട്ടും, ഒരു സൈഡിൽ മകൻ..., എന്നിട്ടുമെങ്ങനെ മമ്മൂട്ടി സിനിമകൾ ബോക്സ്ഓഫീസും മനസും നിറക്കുന്നു? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരങ്ങൾ പറയാനാവില്ലെങ്കിലും അതിന് പല കാരണങ്ങളുണ്ട്..
അതിൽ ആദ്യത്തേത്, അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത ആർത്തിയാണ്. ഇനിയും തേച്ചുമിനുക്കിയാൽ ഇതിനേക്കാൾ നന്നായി തിളങ്ങുമെന്ന ആത്മവിശ്വാസമാണ് അയാളെ നയിക്കുന്നത്. പണത്തോടല്ല, തന്റെ ആർത്തി അഭിനയത്തോടാണെന്ന് ആവർത്തിച്ച് പറയുന്നതിന്റെ കാരണവും ഇതുതന്നെ. ഇതിനദ്ദേഹം സ്വീകരിക്കുന്ന പുതിയ മാർഗങ്ങളാണ് എല്ലാ വർഷത്തെയും പോലെ 2022ലും മികച്ച സിനിമകളുടെ ഭാഗമാകാൻ സഹായിച്ചത്. ''എല്ലാ സിനിമയും സക്‌സസാവാൻ തന്നെയാണ് ചെയ്യുന്നത്. കഥ കേൾക്കുമ്പോൾ നല്ലതെന്ന് തോന്നുന്നത് ചിലപ്പോൾ വർക്ക് ചെയ്ത് പുറത്തുവരുമ്പോൾ നമ്മൾ ഉദ്ദേശിച്ചത് ആവണമെന്നില്ല. പക്ഷെ നമ്മളെകൊണ്ട് കഴിയാവുന്ന മാക്‌സിമം അതിൽ നൽകണം. കാരണം ഇതെന്റെ ജോലിയോടൊപ്പം എന്റെ പാഷനുമാണ്.., പാഷൻ ഓരോരുത്തരും ഇഷ്ടത്തോടെ ചെയ്യുന്നതല്ലേ..'', മമ്മൂട്ടിയുടെ വാക്കുകളിൽ അദ്ദേഹം കഥാപാത്രത്തിന് നൽകുന്ന എഫേർട്ട് എത്രയെന്ന് മനസ്സിലാവും.
പുതിയ കഥകളിലെ നായകനാവാൻ, പുതുമുഖ സംവിധായകരുടെ ആക്ഷനും കട്ടിനുമൊപ്പം ചേരാൻ കൊതിക്കുന്നു എന്നതാണ് മറ്റൊന്ന്. ഇത്രയേറെ സംവിധായകരെ കൈപിടിച്ചുയർത്തിയ മറ്റൊരു താരമില്ല, എന്തുകൊണ്ട് പുതിയ സംവിധായകരുടെ ചിത്രത്തിൽ എന്ന ചോദ്യത്തിന് അവരുടെ 'ആദ്യ ചിത്രത്തിൽ അവരുടെ അതുവരെയുള്ള സ്വപ്നങ്ങൾ എല്ലാം ഉണ്ട്. അത് ഞാൻ മുതലാക്കുന്നു', എന്നാണ് മമ്മൂട്ടി തമാശ കലർത്തി പറഞ്ഞത്. നല്ല തിരക്കഥകൾക്കായി അലഞ്ഞു, അതിൽ പലതും സ്വയം നിർമിക്കാനും തീരുമാനിച്ച വർഷമാണ് 2022.
സിനിമയുടെ മാറ്റങ്ങൾക്കൊപ്പം നടന്നും സ്വയം നവീകരിച്ചും ഇൻഡസ്ട്രിയിൽ നിൽക്കുന്നു എന്നതാണ് മറ്റൊന്ന്. എന്താണ് സിനിമക്ക് സംഭവിക്കുന്നതെന്നും പ്രേക്ഷകുടെ ആസ്വാദന നിലവാരത്തെ കൃത്യമായി പഠിക്കാനും മമ്മൂട്ടിയിലെ സിനിമാക്കാരനും ആസ്വാദകനും സമയം കണ്ടെത്തുന്നു. വരാനിരിക്കുന്ന സിനിമകൾ തന്നെയാണ് ഇതിന് ഉദാഹരണം. തനിക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്നും അതിന്റെ പരിധികളെ കുറിച്ചും മമ്മൂട്ടി എന്ന നടന് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെക്കൊണ്ട് പറ്റാത്ത കഥകളോട് നോ പറായാനും മടിച്ചില്ലെന്നത് കൂടിയായിരുന്നു 2022 ലെ മമ്മൂട്ടി
പുതുവർഷത്തിലെ പഴയ മമ്മൂട്ടി
അഞ്ചു ദശാബ്ദം നീണ്ട അഭിനയയാത്രയിൽ മമ്മൂട്ടി പകർന്നാടാത്ത വേഷങ്ങളും കഥാപാത്രങ്ങളും അപൂർവമാണ്. എന്നിട്ടും ഓരോ സിനിമയിലും മമ്മൂട്ടി എന്ന നടന്റെ പുതിയ മുഖം കാണാനാകുന്നു എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. പുതുവർഷത്തിൽ വലിയ പ്രതീക്ഷ നൽകുന്ന പ്രൊജക്ടുകൾ താരത്തിന്റേതായി ഷൂട്ടിങ് കഴിഞ്ഞതും തുടങ്ങാനിരിക്കുന്നവയുമുണ്ട്. ഇതിൽ ഐഎഫ്എഫ്‌കെ പ്രീമിയറിന് ശേഷം തിയറ്ററിലെത്താൻ കാത്തിരിക്കുന്ന 'നൻപകൽ നേരത്ത് മയക്കം' തന്നെയാണ് ആദ്യ സ്ഥാനത്ത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. 'മമ്മൂട്ടി കമ്പനി' എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പക്ഷേ റിലീസ് ചെയ്തത് റോഷാക്കായിരുന്നു. ലിജോയുടെ സംവിധാനത്തിൽ ആന്തോളജി സിനിമയിൽ പെട്ട എം.ടിയുടെ ആത്മകഥാംശമുള്ള 'കടുഗന്നാവ ഒരു യാത്രയും' പുറത്തുവരാനുണ്ട്.
യാത്രക്ക് ശേഷം തെലുങ്കിൽ മമ്മൂട്ടി അഭിനയിച്ച 'ഏജന്റാ'ണ് 2023ൽ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അഖിൽ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിൽ മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുപ്രസിദ്ധൻ, ഏറ്റവും ക്രൂരനായ രാജ്യസ്‌നേഹി എന്നെല്ലാമാണ് മഹാദേവിനെക്കുറിച്ച് ടീസറിൽ പറയുന്നത്. മമ്മൂട്ടി-ബി. ഉണ്ണിക്കൃഷ്ണൻ- ഉദയ്കൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ക്രിസ്റ്റഫറാ'ണ് മറ്റൊരു ചിത്രം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നൊരൊറ്റ ചിത്രം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ജിയോ ബേബിയുടെ 'കാതലാ'ണ് വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിൽ വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്.
മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞു സീനിൽ നടൻ ബഹദൂറിന്റെ അരികിൽ അങ്കലാപ്പോടെ നിന്ന ആ ഇരുപതുകാരൻ പയ്യൻ ഇന്ത്യയിലെ എണ്ണം പറഞ്ഞ അതുല്യ പ്രതിഭകളുടെ നിരയിലേക്ക് ഉയരുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. ഓരോ ചിത്രങ്ങളും അയൾക്ക് തന്റെ ആദ്യ ചിത്രമാണ്. എന്നെയല്ല സിനിമക്കാവിശ്യം, എനിക്കാണ് സിനിമ വേണ്ടതെന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെയുണ്ട് അടങ്ങാത്ത അഭിനിവേശം.