Entertainment
ദിൽ സേ ഇതുവരെ മുഴുവനായി കണ്ടിട്ടില്ല, ചില രംഗങ്ങൾ കണ്ടു, അതും ശബ്ദമില്ലാതെ- മണിരത്നം
Entertainment

'ദിൽ സേ' ഇതുവരെ മുഴുവനായി കണ്ടിട്ടില്ല, ചില രംഗങ്ങൾ കണ്ടു, അതും ശബ്ദമില്ലാതെ- മണിരത്നം

Web Desk
|
21 Aug 2023 4:21 PM GMT

സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ വിഷമമില്ലെന്നും മണിരത്നം പറയുന്നു

താൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ദിൽ സേ എന്ന ചിത്രം ഇതുവരെ മുഴുവനായും കണ്ടിട്ടില്ലെന്ന് മണിരത്നം. സിനിമ പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് മണിരത്നത്തിന്റെ വെളിപ്പെടുത്തൽ. ചിത്രത്തിലെ ചില രംഗങ്ങൾ ശബ്ദമില്ലാതെ കണ്ടിട്ടുണ്ടെന്നാണ് സ്ക്രോൾ ഡോട്ട് ഇന്നിനു നൽകിയ അഭിമുഖത്തിൽ മണിരത്നം പറയുന്നത്.

"25 വര്‍ഷമായി സിനിമ റിലീസ് ചെയ്തിട്ട്. ചെറിയ ഭാഗങ്ങൾ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. അതും ശബ്ദമില്ലാതെ. ഇത് പക്ഷേ ദിൽ സേ എന്ന ചിത്രത്തിന്റെ കാര്യം മാത്രമല്ല. എന്റെ മറ്റുള്ള ചിത്രങ്ങളും കണ്ടത് ഇങ്ങനെയാണ്" മണിരത്നം പറയുന്നു.

ഷാരൂഖ് ഖാനും മനീഷാ കൊയ്‌രാളയും പ്രധാന വേഷത്തിലെത്തിയ ദിൽസേ 1998 ഓഗസ്റ്റ് 21 നാണ് റിലീസ് ചെയ്തത്. അസം കലാപമാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനീഷാ കൊയ്‌രാള അവതരിപ്പിച്ച മൊയ്ന എന്ന കഥാപാത്രം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളയാളാണെന്ന് സംവിധായകന്‍ ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. ഈ വ്യക്തത കുറവിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിഷമം ഇല്ലെന്നും മണിരത്നം പറഞ്ഞു.

"എല്ലാ പ്രശ്‌നങ്ങളെയും പ്രതിനീധികരിക്കുന്ന ഒരു കഥയൊരുക്കുന്നതിനാണ് അന്ന് ശ്രമിച്ചത്. അക്കാലത്ത് പല അതിര്‍ത്തി സംസ്ഥാനങ്ങളിലും നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രക്ഷുബ്ധമായ പല പ്രദേശങ്ങളെയും ഞങ്ങള്‍ക്ക് പ്രതിനിധീകരിക്കണമായിരുന്നു. അതിനാല്‍ വിമര്‍ശനങ്ങളില്‍ വിഷമം ഇല്ല" മണിരത്നം വ്യക്തമാക്കി.

ഷാരൂഖ് ഖാനും മനീഷാ കൊയ്‌രാളയ്ക്കും പുറമേ പ്രീതി സിന്റയും ദിൽ സേയിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ആസ്വാദകർക്ക് പ്രിയമുള്ളവയാണ്.

Similar Posts