Entertainment
manichitrathazhu re release

മണിച്ചിത്രത്താഴ് വീണ്ടും പ്രദര്‍ശിപ്പിച്ചപ്പോള്‍

Entertainment

ആര്‍പ്പുവിളികള്‍ക്കിടയില്‍ സണ്ണിയും ഗംഗയും നകുലനും; മണിച്ചിത്രത്താഴ് കാണാന്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടം

Web Desk
|
4 Nov 2023 2:43 AM GMT

കേരളീയം ചലച്ചിത്ര മേളയുടെ ഭാഗമായിട്ടാണ് ഫാസിലിന്‍റെ ഹിറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചത്

തിരുവനന്തപുരം: മലയാളികളെ സംബന്ധിച്ചിടത്തോളം പഴയ സിനിമകള്‍ ഒരു ആഘോഷമാണ് . പഴയ പല ഹിറ്റ് സിനിമകളും തിയറ്ററുകളില്‍ കാണാന്‍ സാധിക്കാത്തത് ഒരു നഷ്ടമായി കാണുന്നവരാണ് പുതുതലമുറയിലെ സിനിമാപ്രേമികള്‍. അവ റീറിലീസ് ചെയ്യണമെന്ന് പലരും ആവശ്യപ്പെടാറുണ്ട്. ഇപ്പോഴിതാ 30 വര്‍ഷം മുന്‍പ് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററിലെത്തിയിരിക്കുകയാണ്. ഇപ്പോഴും ചാനലുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം കാണാന്‍ നീണ്ട ക്യൂവായിരുന്നു തിരുവനന്തപുരം കൈരളി തിയറ്ററിനു മുന്നില്‍.

കേരളീയം ചലച്ചിത്ര മേളയുടെ ഭാഗമായിട്ടാണ് ഫാസിലിന്‍റെ ഹിറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്നലെ രാത്രി 7.30നായിരുന്നു ഷോ. എന്നാല്‍ 3.30 മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കൂടിയപ്പോള്‍ മൂന്ന് ഷോകള്‍ കൂടി സംഘടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മണിച്ചിത്രത്താഴിലെ ഒരു രംഗം പോലും മറക്കാനാവില്ല മലയാളിക്ക്...എന്നിട്ടും ഇതുവരെ കണ്ടിട്ടില്ലാത്ത പോലെയാണ് പലരും ചിത്രം കാണാനിരുന്നത്. മോഹന്‍ലാലിന്‍റെ ഇന്‍ട്രോക്കും ശോഭനക്കും സുരേഷ് ഗോപിക്കുമെല്ലാം ആര്‍പ്പുവിളികളും കയ്യടികളുമായിരുന്നു. മണിച്ചിത്രത്താഴ് എന്ന പേര് എഴുതിക്കാണിക്കുമ്പോള്‍ പോലും കാതടപ്പിക്കുന്ന ആര്‍പ്പുവിളികളായിരുന്നു.

മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രത്തിന്‍റെ തിയറ്റര്‍ എക്സ്പീരിയന്‍സ് മതിവരുവോളം ആസ്വദിച്ചു പ്രേക്ഷകര്‍. സോഷ്യല്‍മീഡിയ നിറയെ മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ചിത്രം തിയറ്ററില്‍ കണ്ടതിന്‍റെ സന്തോഷത്തിലാണ് ഭൂരിഭാഗം പേരും. ഇതില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയറ്ററില്‍ കണ്ടവരുമുണ്ട്. തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മണിച്ചിത്രത്താഴ് തിയറ്ററില്‍ കാണുക എന്നാണ് പലരും കുറിച്ചത്. ''ഇന്ത്യൻ സിനിമയിലെ പെർഫെക്ട് സിനിമകളിലൊന്ന്. കല കാലത്തെ അതിജീവിക്കുന്നത് ഇങ്ങനെയൊക്കെയാണ്.സിനിമ എന്ന കലകളുടെ സമ്മേളനമായ ജനപ്രിയ കലയ്ക്ക് മാത്രം സാധിക്കുന്ന മാജിക്'', ''ഈ ലോകത്ത് ഏറ്റവും ഭാഗ്യവാനായ സിനിമാ പ്രേമി ആരാണെന്ന് ചോദിച്ചാൽ മണിച്ചിത്രത്താഴ് തിയേറ്ററിൽ നിന്നും കണ്ടവരാണെന്ന് ഞാൻ പറയും. കഥയെപ്പറ്റി യാതൊരു സൂചനയുമില്ലാതെ കണ്ടവരുടെ അവസ്ഥ'' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. 1993 ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയദര്‍ശന്‍, സിദ്ധിഖ-ലാല്‍, സിബി മലയില്‍ എന്നിവര്‍‌ ചിത്രത്തിന്‍റെ രണ്ടാം യൂണിറ്റ് സംവിധായകരായും പ്രവര്‍ത്തിച്ചു. മധു മുട്ടത്തിന്‍റെതായിരുന്നു കഥ. ദ്വന്ദ്വ വ്യക്തിത്വമുള്ള ഗംഗയും നകുലനും മാടമ്പള്ളി തറവാട്ടിലേക്ക് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ശോഭനയായിരുന്നു ഗംഗയെയും നാഗവല്ലിയെയും അവതരിപ്പിച്ചത്. ശോഭനയുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമായിരുന്നു നാഗവല്ലിയും ഗംഗയും. ചിത്രത്തിലെ '' ഇന്നേക്ക് ദുര്‍ഗാഷ്ടമി' എന്ന സംഭാഷണ രംഗവും ഒരു മുറൈവന്ത് പാര്‍ത്തായാ എന്ന ഗാനരംഗവും ശോഭന തന്‍റെ അഭിനയ മികവ് കൊണ്ട് അനശ്വരമാക്കി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനക്ക് നേടിക്കൊടുത്തു.

1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ചിത്രം നേടി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളില്‍ ചിത്രം റീമേക്ക് ചെയ്തു. ഇവയെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. പക്ഷെ മണിച്ചിത്രത്താഴിന്‍റെ അത്ര ഭംഗി ഇവക്കൊന്നുമുണ്ടായിരുന്നില്ല. തിലകന്‍, നെടുമുടി വേണു, വിനയപ്രസാദ്,ഇന്നസെന്‍റ്, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ് കുമാര്‍, ശ്രീധര്‍, കുതിരവട്ടം പപ്പു, രുദ്ര തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ജോണ്‍സന്‍റെ പശ്ചാത്തല സംഗീതവും എം.ജി രാധാകൃഷ്ണന്‍റെ ഈണവും ചിത്രത്തിനെ കൂടുതല്‍ മനോഹരമാക്കി. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിര്‍മ്മിച്ച ചിത്രം 5 കോടിയാണ് നേടിയത്.

Similar Posts