Entertainment
മഞ്ജുവിനൊരിക്കലും മാധവിക്കുട്ടിയാകാൻ കഴിയില്ല, ആമിയില്‍ നായികയായത് നിര്‍മാതാവിന്‍റെ നിര്‍ബന്ധത്താല്‍ ; സംവിധായകൻ കമലുമായുള്ള അഭിമുഖം, അവസാന ഭാഗം
Entertainment

മഞ്ജുവിനൊരിക്കലും മാധവിക്കുട്ടിയാകാൻ കഴിയില്ല, 'ആമി'യില്‍ നായികയായത് നിര്‍മാതാവിന്‍റെ നിര്‍ബന്ധത്താല്‍' ; സംവിധായകൻ കമലുമായുള്ള അഭിമുഖം, അവസാന ഭാഗം

ബിന്‍സി ദേവസ്യ
|
15 Jan 2023 6:29 PM GMT

'വാത്സല്യം' പോലൊരു സിനിമ ഇന്ന് ആരും സംവിധാനം ചെയ്യില്ല , ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മോശം സിനിമയാണ് 'ആർ.ആർ.ആർ'

കമലിന്‍റെ ഡ്രീം പ്രൊജക്ട് എന്ന നിലയിലാണ് 'ആമി' എന്ന സിനിമ എടുക്കാൻ തീരുമാനിച്ചിരുന്നത്. സിനിമ പുറത്തിറങ്ങിയപ്പോൾ പ്രശംസകൾക്ക് അപ്പുറം വിമർശനങ്ങളാണ് ആ സിനിമക്ക് കൂടുതലും ലഭിച്ചിരുന്നത്, മഞ്ജു വാര്യരുടേത് മിസ് കാസ്റ്റിങ് ആണെന്നുള്ളതടക്കം വിമർശനം ഉയർന്നു. സിനിമയുടെ ഉള്ളടക്കത്തെയും പലരും ചോദ്യം ചെയ്തു. തിരിഞ്ഞുനോക്കുമ്പോൾ അന്ന് ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് തോന്നിയിരുന്നോ?

മാധവിക്കുട്ടിയോടുള്ള ഇഷ്ടമാണ് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാൻ എന്നെ പ്രേരിപ്പിച്ചത്. വിദ്യാബാലനെ ആയിരുന്നു ആമിയായി കാസ്റ്റ് ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വിദ്യാ ബാലൻ അതിൽ നിന്നു പിന്മാറുന്നത്. അപ്പോഴേക്കും നിർമാതാവ് ഒരുപാട് പണം ആ സിനിമക്ക് വേണ്ടി മുടക്കിയിരുന്നു. ഷൂട്ട് പെട്ടെന്ന് തുടങ്ങുകയും വേണം. ആ സമയത്ത് ആര് അഭിനയിക്കും എന്ന ടെൻഷനിൽ നിൽക്കുമ്പോൾ പ്രൊഡ്യൂസറിന്‍റെ നിർബന്ധത്തിന്‍റെ ഭാഗമായാണ് മഞ്ജു വാര്യരിലേക്കെത്തുന്നത്. എനിക്ക് ഏറ്റവും അടുപ്പമുള്ള നായികയായിരുന്നു മഞ്ജു, പക്ഷേ എനിക്കൊരിക്കലും മഞ്ജുവിനെ ആമിയായി സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. ഞാനത് മഞജുവിനോട് പറയുകയും ചെയ്തിരുന്നു. സിനിമയുടെ കഥ വായിച്ചപ്പോൾ മഞ്ജുവിനൊരിക്കലും മാധവിക്കുട്ടിയാകാൻ കഴിയില്ലെന്ന ഭയവും ഉണ്ടായിരുന്നു.


പക്ഷേ ഏതോ ഒരു നിമിഷത്തിൽ മഞ്ജു തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. അന്യ ഭാഷയിൽ നിന്നൊരു നടിയെ കൊണ്ടുവന്ന് മാധവിക്കുട്ടി ആരാണെന്നറിയാതെ അഭിനയിപ്പിക്കാൻ എനിക്ക് കഴിയില്ലായിരുന്നു, അങ്ങനെ ചെയ്തിട്ട് കാര്യവുമില്ല. വിദ്യാബാലന് മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ കൊടുക്കുകയും അവരത് വായിക്കുകയും ചെയ്തിരുന്നു. അവർ മാധവിക്കുട്ടിയെക്കുറിച്ച് നന്നായി പഠിച്ചിരുന്നു. നല്ലൊരു അഭിനയേത്രി ആയതുകൊണ്ടു തന്നെ അവർക്ക് ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. മറ്റൊരാൾക്കത് കഴിയില്ലെന്ന് തോന്നിയതുകൊണ്ടാണ് മഞ്ജുവിലേക്ക് എത്തുന്നത്. സിനിമയിലെ ഉള്ളടക്കത്തോട് ആളുകൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഞാൻ പിന്നീട് സ്വയം ആലോചിപ്പോൾ എനിക്ക് തോന്നിയത്, ബുദ്ധി ജീവികൾ എന്ന് പറയുന്നവരുപോലും മാധവിക്കുട്ടിയെ മനസിലാക്കിവച്ചിരിക്കുന്നത് 'എന്‍റെ കഥ'യിലൂടെയാണ്. 'എന്‍റെ കഥ' അവരുടെ പുസ്തകത്തിലെ മാധവിക്കുട്ടിയെയാണ്. അതൊരിക്കലും യഥാർത്ഥ മാധവിക്കുട്ടിയല്ല, ഞാനത് ആ സിനിമയിലൂടെ തന്നെ പറയുന്നുണ്ട്. 'എന്‍റെ കഥ'യിലെ മാധവിക്കുട്ടിയെയല്ല ഞാൻ സിനിമയാക്കിയത്, 'എന്‍റെ കഥ'യെഴുതിയ മാധവിക്കുട്ടിയെയാണ്.


മാധവിക്കുട്ടിയുടെ പുസ്തകത്തെ അവർ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. തന്‍റെ ജീവിതം അതല്ലെന്ന് അവരു തന്നെ പറഞ്ഞ ആ കഥയിലെ നായികയായ മാധവിക്കുട്ടിയെ സ്‌ക്രീനിൽ കാണണമെന്ന് ആളുകളാഗ്രാഹിച്ചാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. മാധവിക്കുട്ടിയെന്ന വ്യക്തിയെ അറിയാൻ ശ്രമിച്ചൊരാളാണ് ഞാൻ. പ്രണയത്തെ 'ലസ്റ്റ്' ആയി കാണുന്ന ഒരു സ്ത്രീയായാണ് മാധവിക്കുട്ടിയെ എല്ലാവരും കാണുന്നത്. അവരങ്ങനെയായിരുന്നില്ലെന്നാണ് എനിക്ക് മനസിലായത്. പല പുരുഷൻമാരോടും അവർക്ക് പ്രണയം തോന്നിയിട്ടുണ്ടാകാം, അവരത് പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊക്കെ ഒരുതരത്തിൽ ദിവ്യ പ്രണയം ആയിരുന്നു. അവരുടെ കാൽപ്പനികമായ പ്രണയം അതിനെ 'ലസ്റ്റ്' ആയി ചിത്രീകരിച്ച് അത് സ്‌ക്രീനിൽ കാണണം എന്നവർ ആഗ്രഹിച്ചു. മാധവിക്കുട്ടിയുടെ കുടുംബത്തോടും മക്കളോടും അനിയത്തിയോടുമൊക്കെ ചർച്ച ചെയ്ത് അവരുടെ അനുമതി വാങ്ങിയാണ് ഞാൻ ആ സിനിമ ചെയ്തത്. അവരാരും അവരുടെ ജീവിതത്തെയോ ആ സിനിമയേയോ തള്ളി പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അവരുടെ ജീവിതം സിനിമയാക്കിയപ്പോഴും അത് കൃത്യമായി ചെയ്തുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാധവിക്കുട്ടിയുടെ വേദനകളും നഷ്ടങ്ങളുമാണ് ഞാൻ ഈ സിനിമയിലൂടെ കാണിച്ചിരിക്കുന്നത്. അവരുടെ രണ്ടാം ജീവിതം എന്ന നിലക്കാണ് അവരുടെ മതം മാറ്റം. അതിനെ ചുറ്റിപറ്റി പല വിവാദങ്ങളും ഉണ്ടായിരുന്നു. എന്താണ് സത്യം എന്ന് പലരും മനസിലാക്കുന്നില്ല. കാശ് വാങ്ങിച്ച് മുസ്ലിം ആയതാണെന്നൊക്കെ പറയുന്നവരുണ്ട്, പക്ഷേ അതൊന്നുമായിരുന്നില്ല. ആ സിനിമയിൽ അവരു പറയുന്നുണ്ട് മതം മാറുന്നത് കുപ്പായം മാറുന്നത് പോലെയാണെന്ന്. ആ മാധവിക്കുട്ടിയെയാണ് ഞാൻ കാണിച്ചിരിക്കുന്നത്. അത് മനസിലാക്കാത്തവരാണ് കഥയിൽ ഞാൻ മാറ്റം വരുത്തിയെന്നും ഇങ്ങനെയായിരുന്നില്ല മാധവിക്കുട്ടിയെ അവതരിപ്പിക്കേണ്ടതെന്നുമൊക്കെ പറയുന്നത്. മിസ് കാസ്റ്റ് തോന്നുന്നതിൽ എനിക്കൊന്നും പറയാനില്ല. മേക്കപ്പിലൊക്കെ കുറേ അപാകത ഉണ്ടായിരുന്നു. അത് എൻറെ പരിമിതിയാണ്, അത് വീഴ്ചയായി ഞാൻ അംഗീകരിക്കുന്നു. അതിലുമപ്പുറത്തൊരു മിസ് കാസ്റ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരുടെയും ഭാവനയിലുള്ള മാധവിക്കുട്ടിയെ സ്‌ക്രീനിൽ കാണാത്തപ്പോഴുള്ള നിരാശയിലാണ് അത്തരം അഭിപ്രായങ്ങൾ ഉണ്ടാകുന്നത്.

'ആമി'യിൽ നിന്നു വിദ്യാബാലൻ പിൻമാറിയത് സംഘപരിവാർ രാഷ്ട്രിയവുമായുള്ള താങ്കളുടെ എതിർപ്പാണെന്ന വായന പരക്കെയുണ്ടായിരുന്നല്ലോ. അന്നത്തെ വിവാദങ്ങൾ എല്ലാം അവസാനിച്ച് കാറ്റും കോളും അടങ്ങിയ ഈ സമയത്ത് ഇപ്പോൾ എന്താണ് തോന്നുന്നത്. ആ പിന്മാറ്റത്തിന് പിന്നിലെന്താണെന്നാണ് വിചാരിക്കുന്നത്.


വിദ്യാബാലന് ഇക്കാര്യത്തിൽ അവരുടേതായ ന്യായീകരണം ഉണ്ടാകാം, അവരിതുവരെ അതെന്നോട് പറഞ്ഞിട്ടില്ല. ഞാൻ അവരോട് ചോദിച്ചിരുന്നു. അപ്പോഴൊക്കെ അവരെന്നോട് പറഞ്ഞത് തിരക്കഥ ആദ്യം എനിക്ക് ഓക്കെയായി തോന്നി പിന്നീട് അവർക്കത് വർക്കായില്ലെന്നൊക്കെയാണ്. അവർ പിന്മാറാനുള്ള കാരണം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സംഘപരിവാർ എതിർപ്പ് ഞാനിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ഞാൻ അക്കാദമി ചെയർമാൻ ആയിരിക്കുന്ന കാലത്ത് പല രീതിയിലും ഒരുപാട് ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ ഞാനെടുക്കുന്ന നിലപാടുകളുടെ ഭാഗമായാണ് ഞാനതിനെ കാണുന്നത്. അതൊക്കെ ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്‍റെ ശരിയാണ് എന്‍റെ നിലപാടുകൾ. അതിലെന്നും ഉറച്ചു നിൽക്കും. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യം ഇപ്പോഴെവിടെയാണ് നിൽക്കുന്നതെന്ന് ആലോചിച്ചു നോക്കിയാൽ നമുക്കത് മനസിലാകും. ഞാൻ വിശ്വസിക്കുന്ന എന്‍റെ ശരികൾ അനുസരിച്ച് സംഘപരിവാർ രാഷ്ട്രീയത്തെ എനിക്ക് ഉൾക്കൊള്ളാനാകില്ല.

ഇന്ന് അന്നത്തെ സാഹചര്യങ്ങളിൽ നിന്നും ഒരു മാറ്റമില്ലെന്ന് മാത്രമല്ല സ്ഥിതി കുറച്ചുകൂടി സങ്കീർണമാണ്. 'പഠാന്' എതിരെയുള്ള പ്രതിഷേധവും ബോളിവുഡിലെ തീവ്ര ഹിന്ദുത്വ സിനിമകളുടെ കൂട്ടത്തോടെയുള്ള വരവുമൊക്കെയായി രാജ്യത്തെ സിനിമാ വ്യവസായ അന്തരീക്ഷം തന്നെ മാറി. ഇതൊക്കെ കാണുമ്പോൾ എന്തു തോന്നുന്നു?

ഇത്തരം സമീപനങ്ങളോട് ശക്തമായ പ്രതിഷേധമാണ് എനിക്കുള്ളത്. 'കശ്മീർ ഫയൽസ്' പോലുള്ള സിനിമകൾ ഒരു സിനിമയായി കണക്കാക്കാൻ പോലും പറ്റില്ല. വലതുപക്ഷ ചായ്‍വുള്ള യാതൊരു എത്തിക്സുമില്ലാത്ത ജനാധിപത്യ മൂല്യങ്ങളില്ലാത്ത മോശം സിനിമകൾക്കാണ് കുറച്ചുകാലങ്ങളായി ദേശീയ പുരസ്‌കാരം കൊടുത്തു കൊണ്ടിരിക്കുന്നത്. ശക്തമായ സിനിമകൾക്ക് പുരസ്‌കാരം നൽകിക്കൊണ്ടിരുന്ന ഇന്ത്യൻ സിനിമയിലെ പുരസ്‌കാരങ്ങളുടെ നിലവാരം പരിശോധിച്ചാൽ തന്നെ ഇത് മനസിലാകും. 'ബാഹുബലി' പോലുള്ള ചിത്രങ്ങളാണിപ്പോൾ മികച്ച ചിത്രങ്ങളാകുന്നത്. ഇത്തവണ ചിലപ്പോൾ 'കശ്മീർ ഫയൽസ്' ആയിരിക്കും മികച്ച ചിത്രം. കൊട്ടിയാഘോഷിച്ച ചിത്രമായിരുന്നു 'ആർ.ആർ.ആർ'. അത് കച്ചവട സിനിമ എന്ന രീതിയിൽ മികച്ചതാണെങ്കിലും ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു മോശം സിനിമ തന്നെയാണത്. അതിനെയൊന്നും അംഗീകരിക്കാൻ പറ്റില്ല.


ഹിന്ദുത്വ ഐഡിയോളജിക്കെതിരെ വരുന്ന സിനിമകളെയും അവർക്കെതിരെ നിലപാടെടുക്കുന്ന ആളുകളെയും അവർ എതിർക്കും. അതിന്‍റെ ഭാഗമായാണ് ദീപിക പദുകോണും ഷാരൂഖ് ഖാനും അവരുടെ ശത്രുക്കളായത്. അതിന് കാരണം ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് സിനിമയാണെന്ന ധാരണയാണ്. ബോളിവുഡ് സിനിമയിൽ ഇസ്ലാമികവത്കരണം ആണെന്ന ധാരണ അവർക്കുണ്ട്. അതിന് കാരണം പ്രധാനപ്പെട്ട പല താരങ്ങളും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരാണെന്നതാണ്. അതുകൊണ്ടാണ് ബോളിവുഡ് സിനിമയെ അവർ ബഹിഷ്‌കരിക്കുന്നത്. എന്നിട്ട് ഹൈന്ദവ ദൈവങ്ങളെ, ആശയങ്ങളെ ഉൾക്കൊള്ളുന്ന തെലുഗ്, കന്നട സിനിമകളെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെയൊരു അജണ്ടയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ആ സിനിമ വിജയമായത് കൊണ്ട് അതൊരിക്കലും നല്ല സിനിമയാണെന്ന് പറയാൻ കഴിയില്ല. ബോളിവുഡിലെ മികച്ച സിനിമകളെയാണ് ഇവർ ബഹിഷ്‌കരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ബോംബൈയിൽ നിന്നും ബോളിവുഡിനെ മുഴുവനായി പറിച്ചെടുത്ത് ഉത്തർപ്രദേശിലോ, ബിഹാറിലോ, മധ്യപ്രദേശിലോ കൊണ്ടുപോയി സ്ഥാപിക്കും. ഈ നീക്കത്തിന് പിടി തരാത്തൊരിടമാണ് കേരളം. അതുകൊണ്ടാണ് അവരിപ്പോൾ 'കേരള സ്റ്റോറീസ്' എന്ന പേരിൽ സിനിമ ഇറക്കിയിരിക്കുന്നത്. വെറുപ്പ് ഉൽപ്പാദിപ്പിക്കുക എന്നതാണ് അതിന്‍റെ ഉദ്ദേശം. മലയാളികളോടുള്ള വെറുപ്പിന്‍റെ ഭാഗമായാണ് അവർ ആ സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്.

നരേന്ദ്ര മോദി പ്രധാന മന്ത്രിയായതിന് ശേഷമാണ് സിനിമയിൽ വേർതിരിവുകൾ വന്നിട്ടുള്ളതെന്ന് കമൽ മുമ്പ് അക്കാദമി അധ്യക്ഷനായിരിക്കുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിലും ഭീകരമായ അവസ്ഥയായിട്ടാണോ അല്ലെങ്കിൽ അതിന് മാറ്റം വന്നുവെന്നാണോ തോന്നുന്നത്.


ഇപ്പോഴും അതേ അവസ്ഥ തന്നെയാണ്, അത് നരേന്ദ്രമോദി അധികാരത്തിൽ വന്നതുകൊണ്ട് മാത്രമല്ല. ആർ.എസ്.എസ് അവരുടെ അജണ്ട നടപ്പിലാക്കാൻ അധികാരത്തെ ഉപയോഗിക്കുകയാണ്. നരേന്ദ്ര മോദിക്ക് പകരം ആര് വന്നാലും ഇതൊക്കെ തന്നെയാണ് നടക്കാൻ പോകുന്നത്. വിനോദ മേഖലയിൽ പിടിമുറുക്കലാണ് ഇപ്പോഴത്തെ സംഘപരിവാർ അജണ്ട. മാധ്യമങ്ങളെയൊക്കെ അവർ ഹൈജാക്ക് ചെയ്ത് കഴിഞ്ഞു. അതിന് കഴിയാത്തവരെ നിശബ്ദരാക്കുകയാണ്. കേരളത്തിൽ മീഡിയവൺ പോലുള്ള ചുരുക്കം ചില സ്ഥാപനങ്ങളേ അതിനോട് ചെറുത്തു നിൽക്കുന്നുളളൂ. ബാക്കിയെല്ലാം അവരുടെ കയ്യിലാണ്. അവരുടെ ഉപകരണങ്ങളായി മാധ്യമങ്ങൾ മാറിക്കഴിഞ്ഞു, അങ്ങനെ ടൂളായി ലഭിക്കാതിരുന്നത് സിനിമകളെയാണ്. ഇപ്പോൾ സിനിമയേയും കിട്ടി തുടങ്ങി. തമിഴ്, മലയാളം പോലുള്ള ചില പ്രാദേശിക ഭാഷാ സിനിമകളെ മാത്രമാണ് ഇതിന് കിട്ടാതിരുന്നത്. തമിഴ് സിനിമയിൽ ഇതിനെതിരെ ഒരു മൂവ്മെന്‍റ് തന്നെയുണ്ട്. വെട്രിമാരന്‍റെയും പാ രഞ്ജിത്തിന്‍റെയും നേതൃത്വത്തിൽ തമിഴ് സ്വത്വം കാത്ത് സൂക്ഷിക്കുന്ന സിനിമകളുടെ ധാര തന്നെയുണ്ട്. അതുകൊണ്ട് തമിഴ് സിനിമയെ അവർക്ക് കിട്ടുന്നില്ല, ബംഗാളി സിനിമയെ ഒരു പരിധി വരെ കിട്ടിയിട്ടില്ല, കിട്ടിയാലും ബംഗാളി സിനിമക്ക് പഴയ പ്രൗഢി ഇന്നില്ല. പിന്നെയുള്ളത് മെയിൻ സ്ട്രീം സിനിമയായ ഹിന്ദി സിനിമയാണ്. അതിനെ കൈപ്പിടിയിലാക്കുക എന്ന അജണ്ടയാണ് ഇപ്പോൾ അവർ നടപ്പിലാക്കുന്നത്.

സിനിമയിൽ 90 ശതമാനം അരാഷ്ട്രീയ വാദികളാണെന്ന വർത്തമാനവും മുമ്പ് നടത്തിയിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ?


അരാഷ്ട്രീയ വാദം സിനിമയിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും അതുണ്ട്. പൊളിറ്റിക്സ് എന്നതുകൊണ്ട് അവർ അർത്ഥമാക്കുന്നത് കക്ഷി രാഷ്ട്രീയമാണ്. പക്ഷേ അതല്ല പൊളിറ്റിക്സ്. നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ എന്നു പറയുന്നത് നമ്മുടെ ജനാധിപത്യ ബോധവും പൗര ബോധവും എല്ലാം ഉൾക്കൊണ്ടിട്ടുള്ളതാണ്. സിനിമയിലും ജീവിതത്തിലും അതുണ്ടാകണമെന്നാണ് എനിക്ക് തോന്നാറ്. എന്നാൽ എന്‍റെ പല സഹ പ്രവർത്തകർക്കും അത് മനസിലാകുന്നില്ല. അതുകൊണ്ടാണ് പലരം പല അഭിമുഖങ്ങളിലും തെറ്റായ പ്രസ്താവനകൾ നടത്തുന്നത്. ഒരു കാലഘട്ടത്തിൽ എല്ലാവരും അംഗീകരിച്ച ചില സിനിമകളുണ്ട്. അതിനുദാഹരണമാണ് 'വാത്സല്യം', അതിലെ മേലേടത്ത് രാഘവൻ നായർ എന്ന കഥാപാത്രം കുടുംബത്തെ വല്ലാതെ സ്നേഹിക്കുന്ന ആണധികാരത്തിന്‍റെ വലിയൊരു ബിംബം ആണ്. വരാന്തയിലെ ചാരു കസേരയിൽ ഇരുന്ന് അമ്മയടക്കം എല്ലാവരെയും ഭരിക്കുകയാണ്. അയാളുടെ ത്യാഗമായിരുന്നു ആ സിനിമ. അന്ന് അത് ശരിയായിരുന്നു. അതുകൊണ്ടാണ് അന്ന് ആ സിനിമ ഓടിയത്. പെങ്ങളൊരു ചെറുപ്പക്കാരനെ സ്നേഹിക്കുമ്പോൾ പെങ്ങളെ വടിയെടുത്ത് തല്ലുന്ന ചേട്ടനാണ്, അനിയനും ഭാര്യയും കൂടി സംസാരിക്കുമ്പോൾ അറിയാതെയാണെങ്കിലും അതിലെ പോയതിന് അനിയന്‍റെ ഭാര്യ പ്രതികരിച്ചതിന് വീട്ടിലെ മറ്റു സ്ത്രീകളടക്കം അനിയന്‍റെ ഭാര്യയെ കുറ്റപ്പെടുത്തുകയും ഇയാൾ ത്യാഗിയായി മാറുകയും ചെയ്യുകയാണ്. ഇന്ന് ഒരു സ്ത്രീയും, അനിയന്‍റെ ഭാര്യയും, പെങ്ങളും ഒന്നും ഇത് അംഗീകരിച്ച് കൊടുക്കില്ല. നായകൻ തന്നെ തെറ്റാകുന്ന ഒരു സിനിമ. 'വാത്സല്യം' പോലൊരു സിനിമ ഇന്ന് ഒരു ചെറുപ്പക്കാരനും സംവിധാനം ചെയ്യില്ല. ലോഹിത ദാസ് ഇന്ന് ജീവിച്ചിരിക്കുകയാണെങ്കിൽ അത് പോലൊരു സിനിമ എഴുതില്ല.


അന്നത്തെ ശരികൾ ഇന്ന് ശരിയാകണമെന്നില്ല. ആ മാറ്റം സിനിമയിലുള്ളവരും മനസിലാക്കണം. 'അപ്പൻ' പോലുള്ള സിനിമയെ ഇന്ന് അംഗീകരിക്കും , പക്ഷേ അങ്ങനൊരു അപ്പനെ നമ്മൾ അംഗീകരിക്കില്ല. പക്ഷ ഇതൊക്കെ പലപ്പോഴും നമ്മുടെ വീട്ടിൽ നടക്കുന്നുണ്ട്. അത്തരം മനുഷ്യരും ഈ ലോകത്തുണ്ട്. അങ്ങനെയുള്ളവരെ സിനിമയിലുടെ അവതരിപ്പിക്കുക എന്നുള്ള പൊളിറ്റിക്സ് ഉണ്ട്. ആ പൊളിറ്റിക്സ് ആണ് ഇന്നത്തെ പല സിനിമകളും വിജയിക്കാനുള്ള കാരണം. 'ജയ ജയ ജയ ജയഹേ' അതിനൊരുദാഹരണമാണ്. പണ്ട് കാലത്ത് ഒരിക്കലും അതുപോലൊരു സിനിമ ഓടില്ല. ലോഹിതദാസിൻറെ മറ്റൊരു സിനിമയായ 'അമര'ത്തിലെ അച്ചൂട്ടിയും മുൻപ് പറഞ്ഞതുപോലെ ഇന്നത്തെ തലമുറക്ക് അംഗീകരിക്കാൻ കഴിയാത്ത കഥാപാത്രമാണ്. സ്വന്തം മകളെ പഠിപ്പിച്ച് ഡോക്ടറാക്കാൻ വലിയ ത്യാഗമാണ് അയാൾ ചെയ്യുന്നത്. പക്ഷേ മകളൊരു അരയനെ പ്രേമിച്ചപ്പോൾ അത് വലിയ തെറ്റാവുകയാണ്. അരയെനെന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവരാണ് ഇന്നുള്ളത്. 'അയാൾ ജോലിയെടുത്ത് കഷ്ടപ്പെട്ടല്ലേ ജീവിക്കുന്നത്, അയാളെ പ്രണയിച്ചാൽ എന്താണ് കുഴപ്പം', എന്ന് ചോദിക്കുന്നൊരു കാലഘട്ടത്തിൽ അച്ചുട്ടി ശരിയല്ലാതായി മാറുന്നു. മമ്മൂട്ടിയുടെ തന്നെ 'ഹിറ്റ്ലർ' എന്ന സിനിമ. അന്നത് വൻ ഹിറ്റായിരുന്നു. പെങ്ങമ്മാരെ അടക്കി ഭരിക്കുന്ന അയാൾക്ക് ഹിറ്റ്ലർ എന്ന് പേരിട്ടതുകൊണ്ട് അതിനെ ന്യായീകരിക്കാം. പക്ഷേ അതിൽ സോമന്‍റെ സ്ത്രീ വിരുദ്ധമായൊരു ഡയലോഗുണ്ട് 'അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ' എന്ന്.അങ്ങനെ പറയുന്നൊരു പുരുഷനെ പൊതു സമൂഹം ഇന്നെങ്ങനെയായിരിക്കും കാണുന്നത്. ഇത്തരം തെറ്റുകൾ എല്ലാ സിനിമകളിലുമുണ്ട്. എന്‍റെ സിനിമയിലുമുണ്ട്. എന്‍റെ സിനിമകളിൽ പരാമാവധി ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചുവെന്നതാണ് അറിഞ്ഞോ അറിയാതെയോ ഞാൻ മലയാള സിനിമക്ക് വേണ്ടി ചെയ്ത നല്ല കാര്യം.

ഇത്തവണത്തെ ഐ.എഫ്.എഫ്.കെ അവസാനിച്ചിരിക്കുന്ന സമയമാണ്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് സമാപന വേദിയിൽ വെച്ച് കാണികളുടെ കൂവലിനെ നേരിട്ട രീതിക്കെതിരെ പരക്കെ വിമർശനമുയരുന്നുണ്ട്. ഒരു മുൻ അക്കാദമി ചെയർമാൻ എന്ന നിലയിൽ ഇത്തവണത്തെ സംഭവങ്ങളെ എങ്ങനെ നോക്കി കാണുന്നു, രഞ്ജിത്തിന്‍റെ സമീപനത്തെ താങ്കൾ പിന്തുണക്കുമോ?


ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്തെ എന്‍റെ പ്രവർത്തനങ്ങൾ നോക്കിയാൽ ഇതിനുള്ള ഉത്തരം ലഭിക്കും. കാരണം ഞാൻ എന്നും ഡെലിഗേറ്റ്സിനൊപ്പം നിന്നിട്ടുള്ളൊരാളാണ്. അവരുടെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടി മേള നടത്തിയിട്ടുള്ള ചെയർമാൻ ആയിരുന്നെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമ കാണാനായി വരുന്നവർക്ക് സിനിമ കാണിച്ചുകൊടുക്കുക. അതിനുള്ള അവസരങ്ങൾ നമ്മൾ നഷ്ടപ്പെടുത്താതിരിക്കുക. അത്ര മാത്രമേ അക്കാര്യത്തിൽ എനിക്ക് പറയാനുള്ളു.

കമൽ എന്ന വിളിയിൽ നിന്നും കമാലുദ്ദീനിൽ വിളി അവസാനിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് രാജ്യം മാറി? ഈ രാജ്യത്തെ ഭാവി എങ്ങനെയാകുമെന്ന് ആലോചിച്ചിട്ടുണ്ടോ?

ഭയം തന്നെയാണ്, അതൊരിക്കലും സംഘപരിവാറിനെ ഭയമെന്ന രീതിയിലല്ല. സംഘപരിവാറിനെ എനിക്ക് ഭയവുമില്ല. അവർ അവരുടെ വഴിക്ക് പോകും ഞാനെൻറെ വഴിക്കും. നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യവും മികച്ച ഭരണഘടനയുടെ മൂല്യങ്ങളും നഷ്ടപ്പെടുന്നൊരു കാലഘട്ടത്തിൽ ജീവിക്കേണ്ടി വരിക എന്നത് പുതിയ തലമുറയെ എങ്ങനെ ബാധിക്കുമെന്നുള്ള ഭയവും ആശങ്കയും ഞങ്ങളെ പോലുള്ളവർക്കുണ്ട്. ഇങ്ങനെയുള്ളൊരു രാജ്യത്തെ പൗരനായി ജീവിക്കേണ്ടി വരിക എന്നത് നിങ്ങൾക്ക് വലിയ അസ്വസ്തതയുണ്ടാക്കും. അതുകൊണ്ടായിരിക്കാം പുതിയ തലമുറയിലെ യുവാക്കളിൽ ഭൂരിഭാഗം പേരും മറ്റു രാജ്യങ്ങളിൽ പോയി പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നത്. ഏതൊരു ചെറുപ്പക്കാരോട് ചോദിക്കുമ്പോഴും ഇവിടെ ജീവിക്കാൻ പറ്റില്ലെന്നാണ് അവർ പറയുന്നത്. സ്വന്തം രാജ്യത്ത് ജീവിക്കാൻ പറ്റില്ലെന്നുള്ള അവസ്ഥയിലേക്ക് നമ്മളെത്തി. ഞാനിങ്ങനെ പറഞ്ഞാൽ ഞാൻ രാജ്യ വിരുദ്ധനാകും, പക്ഷേ ഞങ്ങളെപ്പോലുള്ളവർ പറയുന്നത് ദേശവിരുദ്ധത കൊണ്ടല്ല, ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തോട് ഇഷ്ടമാണ്, അതുകൊണ്ടാണ് ഇന്ത്യ ക്രിക്കറ്റ് ജയിക്കുമ്പോൾ നമ്മൾ ആഘോഷിക്കുന്നത്. സ്വന്തം രാജ്യത്ത് ജീവിക്കാൻ നമുക്ക് ആഗ്രഹമില്ലന്നെതാണ് ഏറ്റവും വലിയ ദുരന്തം. പല രാജ്യത്തും അവിടുത്തെ പൗരൻമാർ പലായനം ചെയ്യുന്നത് ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ്. എന്നാൽ ഇവിടെ ജാതി രാഷ്ട്രീയവും, മതവും ഒക്കെയാണ് കാരണങ്ങൾ.


എതിർപ്പുന്നയിക്കുന്ന ചിലർ കമാലുദ്ദീൻ എന്നാണല്ലോ വിളിക്കാറ്, ഇത് അസ്വസ്ഥമാക്കാറുണ്ടോ?

കമലെന്ന് വിളിക്കുന്നത് കേൾക്കാനാണ് എനിക്കിഷ്ടം, എൻറെ ഐഡിന്‍റിറ്റി മറച്ചു വെച്ച് ഞാൻ ജീവിച്ചിരുന്നു എന്നത് സത്യവുമാണ്. അതിന് കാരണം കമാലുദ്ദീൻ എന്ന പേരിനോടുള്ള ഇഷ്ടക്കുറവല്ല. എന്‍റെ സ്വത്വം പുറത്തേക്ക് വരേണ്ട ആവശ്യമില്ല. പ്രത്യേകിച്ചും ഞാൻ അങ്ങനെ സെക്യുലർ ആയി ജീവിക്കുന്നൊരാളാണ്. എന്‍റെ പാസ്പോർട്ടിലും ആധാർ കാർഡിലുമൊക്ക കമാലുദ്ദീനെന്നാണ്, അതുകൊണ്ടു തന്നെ എയർപ്പോർട്ടിൽ ചെന്ന് കമൽ എന്ന് പറഞ്ഞാൽ എന്നെ ആരും അകത്ത് കയറ്റി വിടില്ല. കമാലുദ്ദീൻ എന്ന് പറഞ്ഞാലേ അകത്ത് കയറ്റി വിടു. അത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ എന്‍റെ മതവും ജാതിയും നോക്കി അങ്ങനെ വിളിക്കുമ്പോൾ അതെന്നെ അസ്വസ്ഥപ്പെടുത്താറുണ്ട്. അതിനോടെനിക്ക് യോജിക്കാൻ കഴിയില്ല.



Similar Posts