Entertainment
manju pathrose

Manju Pathrose

Entertainment

സീരിയല്‍ നടികള്‍ വരുന്നത് ഇഷ്ടമല്ലെന്ന് രാഷ്ട്രീയ നേതാവ്; അതേ വേദിയില്‍ ചുട്ട മറുപടി നല്‍കി നടി മഞ്ജു പത്രോസ്

Web Desk
|
19 May 2023 8:14 AM GMT

പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവം

തൃശൂര്‍: പൊതുവേദിയില്‍ തന്നെ അപമാനിച്ച് രാഷ്ട്രീയ പ്രവര്‍ത്തകന് അതേ വേദിയില്‍ വച്ച് മറുപടി നല്‍കി നടി മഞ്ജു പത്രോസ്. പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവം.


പരിപാടിയിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവാണ് സീരിയൽ താരങ്ങളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചത്. സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല എന്നാണ് മഞ്ജു പത്രോസ് വേദിയിലിരിക്കുമ്പോള്‍ നേതാവ് പറഞ്ഞത്. തുടർന്ന് സംസാരിക്കാൻ എഴുന്നേറ്റ മഞ്ജു ഇയാള്‍ക്ക് ചുട്ട മറുപടി നല്‍കുകയായിരുന്നു. ''സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പില്‍ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കര്‍ഷകൻ വേദിയില്‍ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്‍റെ വൈരുദ്ധ്യം സാര്‍ ആലോചിച്ചാല്‍ കൊള്ളാം.- മഞ്ജു പറഞ്ഞു.

കിഷോര്‍ സത്യയുടെ കുറിപ്പ്

അഭിമാനമായി മഞ്ജു പത്രോസ്... കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീ യുടെ ഒരു പരിപാടിയിൽ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി മഞ്ജു പത്രോസ് പങ്കെടുത്തു. എന്നാൽ ആ പരിപാടിയിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ടെലിവിഷൻ പരമ്പരകളെയും സീരിയൽ നടിമാരെയും അപമാനിക്കുന്ന തരത്തിൽ വേദിയിൽ വച്ച് സംസാരിക്കുകയുണ്ടായി. വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയിൽ വച്ച് തന്നെ മറുപടി പറഞ്ഞു. സദസിലെ സ്ത്രീ കൂട്ടായ്മ കൈയ്യടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു.



സ്ത്രീ ശക്തീകരണത്തിന്‍റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയിൽ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത് ഒരു കാവ്യാനീതിയാവാം! ആർക്കും സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം. അത് ആ വ്യക്തിയുടെ പൂർണ സ്വാതന്ത്ര്യമാണ്, എന്നാൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ തന്റെ വ്യക്തിഗത ഇഷ്ടക്കേടിന്റെ പേരിൽ അപമാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്, അങ്ങേയറ്റം അപലപനീയവുമാണ്. ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയിൽവച്ച് ഉയർത്തിപ്പിടിച്ച മഞ്ജു പത്രോസിനു അഭിനന്ദനങ്ങൾ.... ആദരവ്....

Similar Posts