Entertainment
Actor Innocents demise, Manju Warrier remember Innocent,മഞ്ജു വാര്യർ,Innocent
Entertainment

'എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോൾ ഇന്നസെന്റേട്ടൻ അത് ഓർത്ത് പറയാതിരിക്കില്ല...'; മഞ്ജു വാര്യർ

Web Desk
|
27 March 2023 4:01 PM GMT

'ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു'

തൃശൂർ: ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടനെന്ന് നടി മഞ്ജു വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് മഞ്ജു ഇന്നസെന്റിന്റെ ഓർമകൾ പങ്കുവെച്ചത്.

'ഒടുവിൽ, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോൺ വന്നത്. ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോൾപ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. പറയാൻ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടൻ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോൾ ഇന്നസെന്റേട്ടൻ അത് ഓർത്ത് പറയാതിരിക്കില്ല...' മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഇന്നസെന്റിന്റെ അന്ത്യം. കോവിഡ് ബാധയെ തുടർന്നുണ്ടായ ശ്വാസകോശ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമാകാതിരുന്നതുമെല്ലാമാണ് മരണത്തിന് കാരണമായത്.

തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ അവസാന നോക്കു കാണാൻ ആയിരങ്ങളെത്തി. തുടർന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയിൽ ആലുവയിലും അങ്കമാലിയിലും അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറു കണക്കിന് പേരെത്തി. ചൊവ്വാഴ്ച രാവിലെ പത്ത്മണിക്ക്ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടൻ. മണിക്കൂറുകൾ നീളും വർത്തമാനം. ചിലപ്പോഴൊക്കെ ചിരികൊണ്ട് വയറുനിറച്ചുതന്നു. മറ്റു ചില വേളകളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവർത്തി. ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഒടുവിൽ, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോൺ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോൾപ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടിൽപ്പോയി കണ്ടപ്പോൾ ഇന്നസെന്റേട്ടൻ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓർമയുടെ ഏതോ കവലയിൽ നിൽക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാൻ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടൻ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോൾ ഇന്നസെന്റേട്ടൻ അത് ഓർത്ത് പറയാതിരിക്കില്ല...





Similar Posts