കളക്ഷനില്‍ പുലിമുരുകനും ലൂസിഫറും കടന്ന് 'മഞ്ഞുമ്മല്‍ ബോയ്സ്'
|കളക്ഷനില്‍ മോഹന്‍ ലാല്‍ ചിത്രം പുലിമുരുകനെയും ലൂസിഫറിനെയും കടത്തിവെട്ടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ മുന്നേറ്റം
പുറത്തിറങ്ങി 22 ദിവസം കൊണ്ട് ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ച് 'മഞ്ഞുമ്മല്‍ ബോയ്സ്'. കളക്ഷനില്‍ മോഹന്‍ ലാല്‍ ചിത്രം പുലിമുരുകനെയും ലൂസിഫറിനെയും കടത്തിവെട്ടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ മുന്നേറ്റം. ചിത്രം 170 കോടിയിലേക്ക് അടുക്കുകയാണ്. അതേസമയം വരും ദിവസങ്ങളിലെ കളക്ഷനോടെ സിനിമ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.
ജൂഡ് ആന്റണി ജോസഫിന്റെ 2018 ആണ് കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രം. 170.50 കോടിയാണ് സിനിമ സ്വന്തമാക്കിയത്.
പുറത്തിറങ്ങി 12 ദിവസം കൊണ്ട് 'മഞ്ഞുമ്മല്‍ ബോയ്സ്' 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രം തമിഴ്നാട്ടിലും വന്‍ പ്രേക്ഷക പിന്തുണയാണ് നേടിയത്. ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.
ചിത്രത്തില്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്രപോവുന്നതും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് പറയുന്നത്. ഗുണകേവിനെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രത്തില്‍ 'ഗുണ' എന്ന കമല്ഹാസന് ചിത്രത്തിലെ 'കണ്മണി അന്‍പോട്' എന്ന ഗാനം ഉള്‍പ്പെടുത്തിയത് വന്‍ സ്വീകാര്യത നേടിയിരുന്നു. നടന് കമല്‍ഹാസനുമൊത്തുളള 'മഞ്ഞുമ്മല്‍ ബോയ്സ്' താരങ്ങളുടെ കൂടിക്കാഴ്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന് ശ്യാമാണ് സംഗീതം.